പൊലീസ് നിർദേശങ്ങൾ അംഗീകരിച്ച് ശശികല; ‘വിട്ടുവീഴ്ച പേരക്കുട്ടിയുടെ ചോറൂണിനുവേണ്ടി’

നിലയ്ക്കൽ∙ പൊലീസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ സന്നിധാനത്തേക്കു കടത്തിവിട്ടു. നിലയ്ക്കലില്‍ ശശികലയെ തടഞ്ഞ പൊലീസ് നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിസ് വായിച്ചുകേള്‍പ്പിച്ചു. ആറുമണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തു തുടരാനാവില്ല, പ്രാര്‍ഥനായജ്ഞമോ പ്രതിഷേധമോ സംഘടിപ്പിക്കരുതു തുടങ്ങിയ നിര്‍ദേശങ്ങളാണു നോട്ടിസിലുണ്ടായിരുന്നത്. ഇത് ആദ്യം അംഗീകരിക്കില്ലെന്നു നിലപാടെടുത്ത ശശികല പിന്നീട് അംഗീകരിച്ചതായി ഒപ്പിട്ടു നല്‍കി. തുടര്‍ന്നാണു യാത്രയ്ക്ക് അനുമതി നല്‍കിയത്. പേരക്കുട്ടിയുടെ ചോറൂണിനാണു സന്നിധാനത്തേക്ക് പോകുന്നതെന്നും ശശികല പറഞ്ഞു. കുട്ടികൾ കൂടെയുള്ളതുകൊണ്ടാണു വിട്ടുവീഴ്ചയ്ക്കു തയാറായത്. താനിപ്പോൾ അച്ചമ്മയായിട്ടാണു മല കയറുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, സന്നിധാനത്തെ പ്രതിഷേധങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ നിയന്ത്രണം കടുപ്പിച്ച് പൊലീസ്. തീർഥാടകരെ നിലയ്ക്കലിൽനിന്നു കടത്തിവിടുന്നതിനു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിലയ്ക്കലിൽനിന്നു പമ്പയിലേക്ക് 15 മിനിറ്റ് ഇടവേളയിൽമാത്രമായിരിക്കും കെഎസ്ആർടിസി ബസ് കടത്തിവിടുക. രാത്രിയിലെ കൂട്ട അറസ്റ്റിനു പിന്നാലെ പുലർച്ചെ മൂന്നിന് ശബരിമല നടതുറന്നപ്പോൾ ഉണ്ടായിരുന്നത് 100 പേർ മാത്രമെന്നു റിപ്പോർട്ടുകൾ. മണ്ഡലകാലത്തെ സമീപകാല ചരിത്രത്തിൽ തീർഥാടകർ ഇത്രയും കുറയുന്നത് ആദ്യമാണ്. സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് തീർഥാടകരെ ശബരിമലയിൽനിന്ന് അകറ്റുന്നതെന്നാണു വിലയിരുത്തൽ.