സന്നിധാനത്ത് രാത്രി പ്രതിഷേധിച്ചത് മുമ്പു പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെ : പൊലീസ്

നാമജപം നയിച്ച എറണാകുളം സ്വദേശി രാജേഷിനെ സന്നിധാനം സ്പെഷൽ പൊലീസ് ഓഫിസർ പ്രതീഷ്കുമാർ പിടിച്ചുനീക്കുന്ന‌ു.

തിരുവനന്തപുരം∙ ചിത്തിര ആട്ടത്തിരുനാളിന് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയവരില്‍ ചിലര്‍ തന്നെയാണ് ഇന്നലെയും സന്നിധാനത്ത് പ്രതിഷേധിച്ചതെന്നു പൊലീസ്. ചിത്തിര ആട്ട തിരുനാളിന് എറണാകുളം സ്വദേശിയായ രാജേഷെന്നയാള്‍ പ്രതിഷേധ സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഇയാളാണ് ഇന്നലെ രാത്രി നടന്ന പ്രതിഷേധത്തിനു നേതൃത്വം നല്‍കിയതെന്നും പൊലീസ് പറയുന്നു. ഇന്നലെ അറസ്റ്റു ചെയ്ത 68പേരില്‍ അഞ്ചോളംപേര്‍ മുന്‍പു സന്നിധാനത്തെ പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തവരാണ്. ചെറിയ സംഘങ്ങളായി എത്തുന്നവരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും, ചില സംഘടനകള്‍ ഇതിനായി പ്രവര്‍ത്തകരെ സജ്ജമാക്കുന്നുണ്ടെന്നും സ്‌പെഷല്‍ ബ്രാഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ചിത്തിര ആട്ടത്തിരുനാളിന് 5,6 തീയതികളില്‍ ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് അക്രമങ്ങള്‍ കാണിച്ച 150 പേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു. നിയമവിരുദ്ധമായി സംഘം ചേരുക, ആയുധങ്ങളുമായി സംഘംചേരുക, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക, സ്ത്രീകളെ അപമാനിക്കുക, കൊലപാതകശ്രമം, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അറുപതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നടപടികള്‍ തുടരുകയാണ്.

ചിത്തിര ആട്ടത്തിരുനാളിന് മുന്നോടിയായി മൂന്നാം തീയതി രാത്രി 12 മുതല്‍ ആറാം തീയതി രാത്രി 12വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.  സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് പത്തനംതിട്ട ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂട്ടം കൂടുന്നതും ആയുധം കൈവശം വയ്ക്കുന്നതും വിലക്കിയ പൊലീസ് നിലയ്ക്കല്‍ മുതല്‍ ശബരിമലവരെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരുന്നു. 2,800 പൊലീസിനെയാണ് ശബരിമലയില്‍ വിന്യസിച്ചത്. എന്നാല്‍ സന്നിധാനത്ത് ആരെയും കൂടുതല്‍ സമയം തങ്ങാന്‍ അനുവദിക്കില്ലെന്ന പൊലീസ് തീരുമാനം നടപ്പിലായില്ല. പതിനെട്ടാം പടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പിന്‍മാറിയതോടെ പ്രതിഷേധക്കാര്‍ പതിനെട്ടാം പടിയുടെ നിയന്ത്രണം ഏറ്റെടുത്തു. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ച് പ്രവര്‍ത്തകരെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. കര്‍ശന നിയന്ത്രണമുണ്ടായിട്ടും ഇന്നലെ രാത്രിയില്‍ പ്രതിഷേധം ഉണ്ടായത് പൊലീസിന് തലവേദനയായി.