സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേർ റിമാന്‍ഡിൽ: ജാമ്യാപേക്ഷ 21ന് പരിഗണിക്കും

പത്തനംതിട്ട∙സന്നിധാനത്തുനിന്ന് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത 69 പേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ 21ന് പരിഗണിക്കുമെന്ന് പത്തനംതിട്ട കോടതി അറിയിച്ചു. റിമാൻഡ് ചെയ്തവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയും ബുധനാഴ്ച പരിഗണിക്കുമെന്ന് പത്തനംതിട്ട മുൻസിഫ് കോടതി അറിയിച്ചു.

70 പേരെയാണു ഞായറാഴ്ച രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. പിടിയിലായവരെ പത്തനംതിട്ട മുൻസിഫ് കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച രാത്രി വൈകി സന്നിധാനത്തു നാമജപപ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. മാളികപ്പുറത്തു വിരിവയ്ക്കാൻ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞതിനെ തുടർന്നാണു രാത്രി പ്രതിഷേധം നടന്നത്. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടർന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്നു പ്രതിഷേധക്കാർ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാൻ പൊലീസ് തയാറായില്ല.

പിന്നീട് ഇവരെ രണ്ടു സംഘങ്ങളായി പമ്പയിലെത്തിച്ചു പൊലീസ് വാഹനത്തിൽ മണിയാർ എആർ ക്യാംപിലേക്കു കൊണ്ടുപോയി. പുലർച്ചെ രണ്ടരയോടെയാണു ക്യാംപിലെത്തിച്ചത്. ക്യാംപിനു പുറത്ത് നാമജപപ്രതിഷേധം നടന്നു. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനു ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ വൈദ്യ പരിശോധനകൾ നടത്തി. അറസ്റ്റിലായ സംഘത്തിൽ 18 വയസിൽ താഴെയുള്ള ഭക്തനെ ക്യാംപിൽ എത്തിച്ച ശേഷം ഒഴിവാക്കി. മൂവാറ്റുപുഴ, പെരുമ്പാവൂർ സ്വദേശികളാണ് ഏറെയും.

അറസ്റ്റിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രതിഷേധങ്ങൾ ആരംഭിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ തിങ്കളാഴ്ച പുലർച്ചെ നാമജപ പ്രതിഷേധം നടന്നു. തിങ്കളാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് യുവമോർച്ച അറിയിച്ചു.