ശബരിമലയിലേക്കെന്ന് തെറ്റായ വിവരം; യുവതിക്കും ഭർത്താവിനുമെതിരെ പ്രതിഷേധം

എരുമേലിയിലെത്തിയ വിജയവാഡ സ്വദേശികളായ നീലിമയും കിരൺകുമാറും

എരുമേലി ∙ ശബരിമലയ്ക്കു പോകാൻ യുവതി എത്തുന്നെന്ന അഭ്യൂഹത്തെ തുടർന്ന് സംഘപരിവാർ സംഘടനകളും ഭക്തരും സംഘടിച്ചെങ്കിലും തങ്ങൾ ശബരിമലയ്ക്കു പോകാൻ വന്നവരല്ലെന്നു യുവതിയും ഭർത്താവും വ്യക്തമാക്കിയതോടെ പ്രതിഷേധം കെട്ടടങ്ങി. വിജയവാഡ സ്വദേശികളായ കിരൺകുമാർ, നീലിമ എന്നിവരാണ് ഇന്നലെ എരുമേലിയിൽ എത്തിയത്. 

പമ്പ സ്പെഷൽ ബസിൽ തീർഥാടകർക്കൊപ്പം യുവതിയും ഭർത്താവും എരുമേലിക്ക് ടിക്കറ്റ് എടുത്തതായി ഹൈന്ദവ സംഘടനാ പ്രതിനിധികൾക്ക് രാവിലെ വിവരം ലഭിച്ചു. ഇതോടെ ഭക്തർ അടക്കമുള്ളവർ എരുമേലി ഡിപ്പോ പരിസരത്ത് കാത്തുനിന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഇവർ എത്തിയതോടെ ചില സ്ത്രീകൾ ശരണം വിളിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനൻ, എരുമേലി സിഐ ടി.ഡി. സുനിൽകുമാർ, എസ്ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ദമ്പതികൾക്ക് സുരക്ഷ ഒരുക്കി. ഇവർ പൊലീസിന്റെ അകമ്പടിയോടെ വലിയമ്പലത്തിലേക്കു നടന്നു പോയി. ഭക്തരും ഒപ്പമുണ്ടായിരുന്നു. 

ക്ഷേത്രത്തിലെത്തി ഇരുവരും തൊഴുന്നതിനിടെ സ്ത്രീകൾ നടപ്പന്തലിൽ ഇരുന്ന് നാമജപം നടത്തി. ദമ്പതികളെ പൊലീസ് പിന്നീട് കെഎസ്ആർടിസി ബസിൽ കയറ്റി വിട്ടു. തങ്ങൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ വന്നതാണെന്നും ശബരിമല ദർശനം ലക്ഷ്യമല്ലെന്നും ഇവർ പറഞ്ഞു. എരുമേലിക്കു ശേഷം ചെങ്ങന്നൂർ ക്ഷേത്രത്തിലേക്കു പോകുമെന്നും ഇവർ പറഞ്ഞു.