നിബന്ധന ലംഘിച്ചതിന് അറസ്റ്റ്: സന്നിധാനത്ത് ഇന്ന് പിടിയിലായവരെ വിട്ടയച്ചു

ശബരിമലയിൽനിന്ന് അറസ്റ്റിലായവരെ പമ്പയിലെത്തിച്ചപ്പോൾ

പത്തനംതിട്ട∙ ശബരിമല സന്നിധാനത്തുനിന്ന് ഇന്ന് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. ഇവര്‍ക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ പിന്നീടു വിട്ടയയ്ക്കുകയായിരുന്നു. ആറു മണിക്കൂറിനകം ദർശനം കഴിഞ്ഞു തിരിച്ചിറങ്ങണമെന്ന നിബന്ധന ലംഘിച്ചതിനാണ് അറസ്റ്റ് നടപടി സ്വീകരിച്ചത്. 

ഇവരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ബിജെപി എംപിമാർ പ്രതിഷേധിച്ചു. സന്നിധാനം സ്റ്റേഷന് മുന്നിലാണ് എംപിമാരായ വി. മുരളീധരനും നളിൻ കുമാർ കട്ടീലും പ്രതിഷേധിച്ചത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുമെന്ന് പൊലീസ് പിന്നീട് അറിയിച്ചതോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം സന്നിധാനത്തു പ്രതിഷേധിച്ച ദേവസ്വം ജീവനക്കാരനെതിരെ സസ്പെൻഷൻ നടപടികൾ സ്വീകരിച്ചു. നാമജപം നടത്തി പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ പുഷ്പരാജനെതിരെയാണു നടപടി. തൃക്കാരിയൂർ അറേക്കാട് ക്ഷേത്രത്തിലെ വാച്ചറാണ് പുഷ്പരാജ്.

പറവൂര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഓഫിസില്‍ നിന്നും ശബരിമല ഡ്യൂട്ടിക്ക് റിലീവ് ചെയ്ത് ഡ്യൂട്ടിക്കെത്താതെ ശബരിമല നട അടയ്ക്കുന്ന സമയത്തും തുടര്‍ന്നും അതീവ സുരക്ഷാ മേഖലയില്‍ പ്രശ്നമുണ്ടാക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലാകുകയായിരുന്നു. 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ സസ്പെന്‍റ് ചെയ്തു ദേവസ്വം കമ്മീഷണര്‍ എന്‍.വാസു ഉത്തരവിറക്കിയത്.