സിബിഐ കേസ്: മുദ്രവച്ച കവറിലെ മറുപടി ന്യൂസ് പോർട്ടലിൽ; പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്

രഞ്ജൻ ഗോഗോയ്, ആലോക് വർമ

ന്യൂഡൽഹി∙ സിബിഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മ കേന്ദ്ര വിജിലൻസ് കമ്മിഷൻ റിപ്പോർട്ടിനു (സിവിസി) നൽകിയ മറുപടി ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ആലോക് വര്‍മയുടെ അഭിഭാഷകരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, വാദത്തിനുളള അര്‍ഹത പോലും അഭിഭാഷകര്‍ക്കില്ലെന്നു പറഞ്ഞു. കേസില്‍ വീണ്ടും വാദം കേൾക്കുന്നതിനു നവംബർ 29ലേക്കു മാറ്റി.

ഇന്നലെയാണു മുദ്ര വച്ച കവറിൽ സെക്രട്ടറി ജനറലിന് ആലോക് മറുപടി കൈമാറിയത്. എന്നാൽ ഈ റിപ്പോർട്ട് ഒരു ന്യൂസ് പോർട്ടൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇക്കാര്യം ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എസ്.കെ.കൗളും കെ.എം.ജോസഫും ആലോകിന്റെ അഭിഭാഷകനായ ഫാലി എസ്.നരിമാനെ അറിയിച്ചു. വാർത്തയുടെ പകർപ്പ് കൈമാറുകയും ചെയ്തു.

റിപ്പോർട്ട് കണ്ടു താൻ സ്തബ്ധനായിപ്പോയെന്നായിരുന്നു നരിമാന്റെ മറുപടി. തന്നെ തകർത്തു കളയുന്നതായിരുന്നു റിപ്പോർട്ട്. ഇതിനു കാരണക്കാരായ മാധ്യമ പ്രവർത്തകർക്കെതിരെ നടപടി വേണമെന്നും നരിമാൻ ആവശ്യപ്പെട്ടു. സിബിഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് ആലോക് വര്‍മയെ മാറ്റിയ നടപടിക്കെതിരെയുള്ള പരാതിയാണു സുപ്രീംകോടതി പരിഗണിക്കുന്നത്.

സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കൈക്കൂലി ആരോപണം ഉൾപ്പെടെയാണ് ആലോക് വര്‍മയ്ക്കതിരെ ഉന്നയിച്ചിരിക്കുന്നത്. ഇതിന്മേല്‍ സിവിസി നടത്തിയ അന്വേഷണത്തില്‍ ഡയറക്ടര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ടിലെ ചിലയിടങ്ങളില്‍ ആലോക് വര്‍മയ്ക്ക് അനുകൂലമായിരുന്നങ്കിലും മറ്റുചില ആരോപണങ്ങളില്‍ പ്രതികൂലമായിരുന്നു. ഈ സിവിസി റിപ്പോര്‍ട്ടിന്മേലാണ് ആലോക് വര്‍മ തന്‍റെ മറുപടി മുദ്രവച്ച കവറില്‍ കൈമാറിയത്.

അതേസമയം, സിബിഐ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കേന്ദ്രസഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി കോടികള്‍ കോഴ വാങ്ങിയെന്നു വിവാദ വ്യവസായി സതീഷ് സന പറഞ്ഞിട്ടുണ്ടെന്ന് ഡിഐജി എം.കെ.സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചു. രാകേഷ് അസ്താനയ്‍ക്കെതിരെയുളള അന്വേഷണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപ്പെട്ടെന്ന ആരോപണവും വിവാദങ്ങൾക്കു തിരി കൊളുത്തിയിട്ടുണ്ട്.