കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വാറന്റ്; സുരേന്ദ്രന് കുരുക്കാകുമോ?

പത്തനംതിട്ട∙ ശബരിമല കേസില്‍ ജാമ്യം ലഭിച്ചാലും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ഇന്നു പുറത്തിറങ്ങാനാവില്ല. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറന്റയച്ചു. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിനു കൈമാറി. കണ്ണൂരിലേക്കുള്ള യാത്രയ്ക്ക്, വേണ്ടിവന്നാല്‍ പൊലീസ് സുരക്ഷയ്ക്കു സൂപ്രണ്ട് അപേക്ഷ നല്‍കി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ ഇന്നു കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരമറിയിക്കും.

ശബരിമല കേസില്‍ പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കാനിരിക്കയാണു സുരേന്ദ്രനു കുരുക്കായി വാറന്റെത്തിയത്. കെ.സുരേന്ദ്രനും ആർ.രാജേഷ് ഉൾപ്പടെയുള്ള 69 പ്രതികൾക്കും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കു കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് ഐപിസി 353 വകുപ്പാണു ചുമത്തിയിരിക്കുന്നത്.

നിലയ്ക്കലും ചിറ്റാർ പൊലീസ് സ്റ്റേഷനിലും ശനിയാഴ്ച രാത്രി മുഴുവൻ നീണ്ട നാടകീയരംഗങ്ങൾക്കൊടുവിലാണ് സുരേന്ദ്രനെ ഞായറാഴ്ച കോടതി റിമാൻഡ് ചെയ്തത്. ഒബിസി മോർച്ച തൃശൂർ ജില്ലാ അധ്യക്ഷൻ രാജൻ തറയിൽ, കർഷകമോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എം.എസ്. സന്തോഷ് എന്നിവരാണു സുരേന്ദ്രനൊപ്പം അറസ്റ്റ് ചെയ്ത മറ്റു 2 പേർ. ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ എ. നാഗേഷ്, കോട്ടയം ജില്ലാ സെക്രട്ടറി ലിജിൻ ലാൽ, വി.സി. അജി എന്നിവരെയും കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും കേസിൽനിന്ന് ഒഴിവാക്കി.