കെ. സുരേന്ദ്രന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാകില്ല, ഇരുമുടി പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കാം

പത്തനംതിട്ട ∙ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകില്ല. മറ്റൊരു കേസിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ കോടതിയിൽ വാറന്റുള്ളതിനാൽ ആ കേസിലും ജാമ്യം കിട്ടിയാൽ മാത്രമേ പുറത്തിറങ്ങാനാകു. അവിടെ നേരിട്ട് ഹാജരാക്കി വേണം ജാമ്യം നേടാൻ. 

നിലയ്ക്കലിൽ നിന്നും അറസ്റ്റിലായ കേസിൽ രണ്ടുമാസം റാന്നി താലൂക്കിൽ കയറരുതെന്ന ജാമ്യ വ്യവസ്ഥയുമുണ്ട്. അതുകൊണ്ട് ഇൗ മണ്ഡലകാലത്ത് ശബരിമലയിലെത്താനാകില്ല. ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കാമെന്നും കോടതി പറഞ്ഞു. ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്നും കോടതി ഉപാധിവച്ചു. സന്നിധാനത്ത്‌ അറസ്റ്റിലായ 68 പേർക്കുകൂടി  ഇതേ ഉപാധികളോടെ പത്തനംതിട്ട മുൻസിഫ് കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരും 40,000 രൂപ വീതം കെട്ടിവയ്ക്കണം.

അതേസമയം, വിവാദപ്രസംഗത്തിന്റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയുടെ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. എടുത്ത കേസ് റദ്ദാക്കാനാകില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ പിറ്റേന്നു സന്നിധാനത്തു സംഘര്‍ഷങ്ങളുണ്ടായെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും. എന്നാൽ പ്രസംഗം പൂര്‍ണമായും കേള്‍ക്കാതെയാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നാണു ശ്രീധരന്‍പിള്ളയുടെ വാദം.

ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്കും പൊലീസ് നിയന്ത്രണങ്ങള്‍ക്കുമെതിരെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്നു ഹൈക്കോടതി പരിഗണിക്കും. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏതാനും പേരുടെ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയ്ക്കുവരും.