എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നിയമനടപടിക്കു കെ.പി.ശശികല

പേരക്കുട്ടികളുമൊത്ത് കെ.പി.ശശികല ശബരിമല സന്നിധാനത്തെത്തിയപ്പോൾ(ഇടത്) എസ്പി യതീഷ് ചന്ദ്ര (വലത്)

തിരുവനന്തപുരം∙ പേരക്കുട്ടികളുമായി ശബരിമലയിലെത്തിയപ്പോള്‍ തടഞ്ഞ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നിയമ നടപടിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. യതീഷ് ചന്ദ്രയ്ക്കെതിരെ ലോകായുക്തയ്ക്കും ബാലാവകാശ കമ്മിഷനും വ്യാഴാഴ്ച പരാതി നല്‍കുമെന്നു കെ.പി.ശശികല മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

കോടതിയിലും കേസ് നല്‍കും. നിയമവിദഗ്ധരുമായി ഇക്കാര്യങ്ങള്‍ ആലോചിക്കുകയാണെന്നും കെ.പി.ശശികല പറഞ്ഞു. ശബരിമലയിലേക്ക് പോയ തന്നെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന് കെ.പി.ശശികല ചൊവ്വാഴ്ച പരാതി നല്‍കി. 

ശബരിമലയിലേക്ക് പോകരുതെന്ന പൊലീസ് നിര്‍ദേശം അവഗണിച്ചതിനെത്തുടര്‍ന്നാണ് കെ.പി.ശശികലയെ മരക്കൂട്ടത്ത് വച്ച് അറസ്റ്റു ചെയ്തത്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി, പുലര്‍ച്ചെ രണ്ടു മണിക്ക് അറസ്റ്റു ചെയ്യുന്നതായി പൊലീസ് ശശികലയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തി. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പേരക്കുട്ടികളുമായി ശശികല വീണ്ടും ശബരിമല സന്ദര്‍ശിക്കാനെത്തിയത്.

പമ്പയിലേക്ക് പോകാന്‍ നിലയ്ക്കലില്‍നിന്ന് ശശികല ബസില്‍ കയറിയപ്പോള്‍ എസ്പി യതീഷ്ചന്ദ്ര സ്ഥലത്തെത്തി നിശ്ചിത സമയത്തിനുള്ളില്‍ സന്നിധാനത്തുനിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതു വാക്കു തര്‍ക്കത്തിന് ഇടയാക്കി. നിശ്ചിത സമയത്തിനുള്ളില്‍ മടങ്ങാമെന്ന് എഴുതിനല്‍കിയശേഷമാണ് ശശികലയെ പൊലീസ് സന്നിധാനത്തേക്ക് കടത്തിവിട്ടത്. ക്രിമിനലിനെപോലെയാണ് തന്നോട് യതീഷ് ചന്ദ്ര പെരുമാറിയതെന്നു ശബരിമല സന്ദര്‍ശനത്തിനുശേഷം ശശികല വ്യക്തമാക്കിയിരുന്നു.