അങ്കമാലി, പുതുവൈപ്പിൻ, നിലയ്ക്കൽ; വിവാദങ്ങൾക്കൊപ്പം യതീഷ് ചന്ദ്ര

യതീഷ് ചന്ദ്ര ഐപിഎസ്

തിരുവനന്തപുരം∙ ശബരിമലയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്ത പൊലീസ് നടപടിക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണോയെന്നു ചോദിച്ച യതീഷ് ചന്ദ്ര ഐപിഎസ് സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു.

കര്‍ശന നിലപാടുകളിലൂടെ പേരെടുത്ത ഉദ്യോഗസ്ഥനാണ് യതീഷ്ചന്ദ്ര. ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍. ആലുവ റൂറല്‍ എസ്പിയായിരിക്കേ ഇടതുപക്ഷം നടത്തിയ ഉപരോധ സമരത്തിനു നേരെ അങ്കമാലിയില്‍ ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴാണ് യതീഷ് ചന്ദ്രയുടെ മുഖം ആദ്യമായി മാധ്യമങ്ങളില്‍ നിറഞ്ഞത്. 

കൊച്ചി ഡപ്യൂട്ടി കമ്മിഷണറായിരിക്കേ പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയത് വലിയ വിവാദമായി. ലാത്തിച്ചാര്‍ജിനെക്കുറിച്ച് അന്വേഷിച്ച മനുഷ്യാവകാശ കമ്മിഷനു മുന്നില്‍ ഹാജരായി തന്റെ നിലപാട് വിശദീകരിക്കവേ, അലന്‍ എന്ന ബാലന്‍ തന്നെ മര്‍ദിച്ചത് ഡിസിപിയാണെന്ന് വ്യക്തമാക്കിയത് വലിയ വാര്‍ത്തയായി. താനാണോ മര്‍ദിച്ചത് എന്നു യതീഷ്ചന്ദ്ര ആവര്‍ത്തിച്ച് ചോദിച്ചിട്ടും അലന്‍ നിലപാടില്‍ ഉറച്ചു നിന്നു.

കര്‍ണാടകയിലെ ഡാബന്‍ഗാരേയാണ് യതീഷ്ചന്ദ്രയുടെ സ്ഥലം. 2011 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ യതീഷ്ചന്ദ്ര കണ്ണൂര്‍ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കോഴിക്കോട് റൂറല്‍ എസ്പിയായി. കുഴല്‍പ്പണ മാഫിയയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് അപ്പോഴാണ്. കണ്ണൂരിലെ കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആയിട്ടായിരുന്നു അടുത്ത നിയമനം. പിന്നീട് എറണാകുളം റൂറല്‍ എസ്പിയായും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറായും  ക്രൈംബ്രാഞ്ച് എസ്പിയായും തൃശൂര്‍ റൂറല്‍ എസ്പിയായും സേവനമനുഷ്ഠിച്ചു. നിലവിൽ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറാണ്.

എന്‍ജിനീയറിങ് മേഖലയില്‍നിന്നാണ് യതീഷ് ചന്ദ്ര സിവില്‍ സര്‍വീസിലേക്കെത്തുന്നത്. എന്‍ജിനീയറിങ് മേഖലയില്‍ ജോലിനേടി യുഎസില്‍ സ്ഥിര താമസമാക്കാനിരുന്ന യതീഷ് കൂട്ടുകാരന്റെ പ്രോൽസാഹനത്തെത്തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ‘എന്റെ സുഹൃത്തായ ഹെഡ് കോണ്‍സ്റ്റബിളിന്റെ മകനാണ് പൊലീസിനെക്കുറിച്ച് മനസിലാക്കി തന്നത്. സംസാരത്തിനിടെ അവന്‍ എസ്പിമാരെക്കുറിച്ചൊക്കെ പറയും. ഞാന്‍ ക്യാറ്റ് പരീക്ഷ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്ത് പറഞ്ഞു സിവില്‍ സര്‍വീസ് പഠിക്കാമെന്ന്. അന്നു സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് പോലും അറിയില്ല. കൂട്ടുകാരുമായി ചേര്‍ന്നാണ് പഠനം നടത്തിയത്’ - തന്റെ ഐപിഎസ് പ്രവേശനത്തെക്കുറിച്ച് യതീഷ് ചന്ദ്ര മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്ക് സഹായം ചെയ്യാനുമാണ് പൊലീസ് യൂണിഫോമിട്ടതെന്നു പറഞ്ഞ യതീഷ് വിവാദങ്ങളുടെ സഹയാത്രികനായി. 

∙ ആദ്യ വിവാദം അങ്കമാലിയില്‍

എല്‍ഡിഎഫ് 2015 മാര്‍ച്ച് 14ന് അങ്കമാലിയില്‍ നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയതിന്റെ പേരിലാണ് എറണാകുളം റൂറല്‍ എസ്പിയായിരുന്ന യതീഷ് ചന്ദ്ര ശ്രദ്ധേയനാകുന്നത്. സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലിനെത്തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പാത ഉപരോധിക്കരുതെന്ന അഭ്യര്‍ഥന പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതോടെയാണ് ലാത്തിച്ചാര്‍ജ് നടത്താന്‍ യതീഷ് ചന്ദ്ര ഉത്തരവിട്ടത്.

വയാധികര്‍ക്കടക്കം ഈ ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ.ഷിബു, മുക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മോഹനന്‍ എന്നിവര്‍ ആശുപത്രിയിലായി. വലിയ പ്രതിഷേധമാണ് എല്‍ഡിഎഫില്‍നിന്ന് ഉണ്ടായത്. യതീഷിനെതിരെ പ്രസ്താവനകളുമായി വിഎസും പിണറായിയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി.

പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയര്‍മാന്‍ കെ.നാരായണക്കുറുപ്പ് അടക്കമുള്ളവരും പൊലീസ് നടപടിയെ വിമര്‍ശിച്ചു. അന്നു ബിജെപി പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ യതീഷ് ചന്ദ്രയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. യതീഷ് ചന്ദ്രയെ അനുകൂലിച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ പേജുകളും പ്രത്യക്ഷപ്പെട്ടു.

ഐഒസി പ്ലാന്റിനെതിരെ പുതുവൈപ്പിനില്‍ നടന്ന സമരത്തെ അടിച്ചൊതുക്കിയതിന്റെ പേരിലാണ് യതീഷ് പിന്നീട് മാധ്യമങ്ങളില്‍ നിറഞ്ഞത്. ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ യതീഷിനെതിരെ കേസെടുത്തു.

കാക്കനാട് കലക്ടറേറ്റിലായിരുന്നു സിറ്റിങ്. ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തിയവര്‍, പ്രധാനമന്ത്രി കൊച്ചി സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി പൊലീസ് നടത്തിയ ട്രയല്‍ റണ്‍ തടസപ്പെടുത്തിയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും പിന്‍മാറാത്തതിനാലാണ് ലാത്തിവീശിയതെന്നും ഡിസിപിയായിരുന്ന യതീഷ് ചന്ദ്ര കമ്മിഷനെ അറിയിച്ചു. എന്നാല്‍ അലന്‍ എന്ന ഏഴുവയസുകാരന്റെ മൊഴി എസ്പിയെ അമ്പരപ്പിച്ചു.

തന്നെയും സമരക്കാരെയും തല്ലിയത് എസ്പിയാണെന്ന മൊഴിയില്‍ അലന്‍ ഉറച്ചുനിന്നതോടെ ഡിസിപി പ്രതിരോധത്തിലായി. എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പ്രതികാര നടപടികളുണ്ടാകുമെന്നു വ്യാഖ്യാനമുണ്ടായെങ്കിലും ക്രമസമാധാനത്തിന്റെ ചുമതല നല്‍കി തൃശൂരില്‍നിയമിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി പദ്ധതികള്‍ ജനമൈത്രി പൊലീസിന്റെ ഭാഗമായി നടപ്പിലാക്കിയും യതീഷ് ചന്ദ്ര ശ്രദ്ധനേടി.

∙ മോദിയും യതീഷ് ചന്ദ്രയും

പ്രധാനമന്ത്രി നരേന്ദ്രമോദി ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഫിറ്റ്നസ് ചാലഞ്ച് നടത്തിയിരുന്നു. ചാലഞ്ചിന്റെ ഭാഗമായി ജിമ്മിലെ തന്റെ വ്യായാമ ദൃശ്യങ്ങള്‍ യതീഷ്ചന്ദ്ര യൂടൂബില്‍ പോസ്റ്റ് ചെയ്തു. മേയ് 22 നാണ് ഫിറ്റ്നസ് ക്യാംപയിന് കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് ക്രിക്കറ്റ് താരം കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് താന്‍ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി പുറത്തു വിട്ടിരുന്നു.

∙ കൊടിയുടെ നിറമില്ല, മുഖം നോക്കാതെ നടപടി

‘രാഷ്ട്രീയ മാടമ്പി സംസ്കാരം േകരളത്തില്‍ ഇല്ല. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍‌നിന്ന് സമ്മര്‍ദവും ഇല്ല’ - കേരളത്തിലെ രാഷ്ട്രീയക്കാരെയും പൊലീസിനെയും കുറച്ച് യതീഷ് ചന്ദ്രയുടെ അഭിപ്രായം ഇങ്ങനെ. നിയമത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഓഫിസറായതിനാലാണ് സര്‍ക്കാര്‍ യതീഷിനെ ശബരിമലയില്‍ നിയമിച്ചത്.

സന്നിധാനത്തേക്ക് പോകാനെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ യതീഷ്ചന്ദ്ര സുരക്ഷാ കാരണങ്ങളാല്‍ തടഞ്ഞതു രണ്ടു ദിവസം മുന്‍പാണ്. മല കയറുന്നതിനു പ്രശ്നമില്ലെന്നും സന്നിധാനത്ത് തങ്ങാനാകില്ലെന്നും നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചു വരണമെന്നും യതീഷ് ആവശ്യപ്പെട്ടു.

നിയമവശം അറിയണമെന്നായി കെ.പി.ശശികല. തിരക്കുള്ളതിനാല്‍ സന്നിധാനത്ത് അധികസമയം നില്‍ക്കാന്‍ പറ്റില്ലെന്ന് യതീഷ്. തര്‍ക്കം മുറുകി. ഒടുവില്‍ സന്നിധാനത്ത് അധികസമയം തങ്ങില്ലെന്ന ഉറപ്പു എഴുതി വാങ്ങിയശേഷമാണ് പോകാന്‍ ശശികലയെ അനുവദിച്ചത്.