കെ.സുരേന്ദ്രനെ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന: എം.ടി.രമേശ്

എം.ടി.രമേശ്, കെ.സുരേന്ദ്രൻ

കൊച്ചി∙ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ കെ.സുരേന്ദ്രനെ വേട്ടയാടാനുള്ള സർക്കാര്‍‍ നീക്കം അനുവദിക്കില്ലെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സുരേന്ദ്രനെ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂ‍ഡാലോചന നടക്കുന്നുണ്ട്. സുരേന്ദ്രനെ രാഷ്ട്രീയമായി നേരിടാനാണു സർക്കാരും സിപിഎമ്മും ശ്രമിക്കേണ്ടത്. സുരേന്ദ്രനെതിരെ കള്ളക്കേസ് ചുമത്തി ആജീവനാന്തം ജയിലിലിടാനാണു നീക്കം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നും എം.ടി.രമേശ് പറഞ്ഞു.

സുരേന്ദ്രനെതിരെ ആദ്യമെടുത്ത കള്ളക്കേസിൽ ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോഴാണ് അടുത്ത കള്ളക്കേസുമായി രംഗത്തെത്തുന്നത്. ചിത്തിര ആട്ടദിവസം സന്നിധാനത്തു നടന്നുവെന്നു പറയപ്പെടുന്ന സംഭവങ്ങളിലാണു സുരേന്ദ്രനെതിരെ കേസെടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് ജാമ്യമില്ലാ കേസാക്കിയിരിക്കുകയാണ്. ഈ കേസിൽ സുരേന്ദ്രൻ പ്രതിയായിരുന്നുവെങ്കിൽ അദ്ദേഹം അടക്കമുള്ള കണ്ടാലറിയാവുന്നവർക്ക് എതിരെയായിരുന്നു ആദ്യമേ കേസെടുക്കേണ്ടിയിരുന്നത്.

സുരേന്ദ്രനെ കണ്ടാലറിയാത്ത പൊലീസുകാര്‍ കേരളത്തിലില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശ പ്രകാരമാണു പ്രതിയാക്കിയത്. ഇത് ശബരിമല വിഷയത്തിൽ പോരാട്ടം നടത്തുന്ന ബിജെപിയോടുള്ള വെല്ലുവിളിയാണ്. അതിനെ വെല്ലുവിളിയായി തന്നെ ബിജെപി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.