തടഞ്ഞത് മന്ത്രിയുടെ വാഹനമല്ലെന്ന് പൊലീസ്; കന്യാകുമാരിയില്‍ നാളെ ബിജെപി ബന്ദ്

സന്നിധാനം∙ പമ്പയിൽ തടഞ്ഞത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനമല്ലെന്നു പൊലീസ്. വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണു തടഞ്ഞത്. വാഹനത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ആളുണ്ടെന്നു സംശയം തോന്നിയിരുന്നു.

ഈ വാഹനത്തിലുള്ളവർ പിന്നീടു മന്ത്രിയെ വിളിച്ചുവരുത്തി. എന്താണു സംഭവിച്ചതെന്നു മന്ത്രിയെ ബോധ്യപ്പെടുത്തി, എഴുതി നൽകി. കാറിൽ സംശയിച്ചയാള്‍ ഇല്ലെന്നാണ് എഴുതി നൽകിയതെന്നും പൊലീസ് അറിയിച്ചു. വാഹനവ്യൂഹം കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയത് പുലർച്ചെ 1.13നാണ്. അതേസമയം 1.20ന് പൊലീസ് തടഞ്ഞ വാഹനവും കടന്നുപോയി. 

പൊലീസ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്നു വാർത്ത പരന്നതിനാലാണു വിശദീകരണമെന്നും പൊലീസ് അറിയിച്ചു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പൊലീസ് പമ്പയിൽ തടഞ്ഞെന്നായിരുന്നു വിവരം. പ്രതിഷേധക്കാരുടെ വാഹനമെന്നു കരുതിയാണു നടപടിയെടുത്തത്. അബദ്ധം മനസ്സിലാക്കിയ പൊലീസ് മന്ത്രിയോടു പിന്നീടു മാപ്പ് എഴുതിനൽകിയെന്നും വിവരമുണ്ടായിരുന്നു. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് തമിഴ്നാട് കന്യാകുമാരി ജില്ലയിൽ നാളെ ബിജെപി ബന്ദ് നടത്തും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. അയ്യപ്പ ഭക്തരെ ബന്ദിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.