കെ.സുരേന്ദ്രൻ കോഴിക്കോട് സബ് ജയിലിൽ; നാമജപവുമായി ബിജെപി പ്രവർത്തകർ

കൊല്ലം/കോഴിക്കോട്∙ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കോഴിക്കോട് സബ് ജയിലിൽ. കണ്ണൂരിലേക്കു കൊണ്ടുപോകവേ നേരം വൈകിയതിനാലാണു സുരേന്ദ്രനെ കോഴിക്കോട്ടിറക്കിയത്. ജയിലിനു പുറത്തു ബിജെപി പ്രവർത്തകർ നാമജപ പ്രതിഷേധം നടത്തുന്നു.

തിങ്കളാഴ്ച രാവിലെ സുരേന്ദ്രനെ കൊണ്ടുപോകുന്നതുവരെ പ്രതിഷേധം തുടരാനാണു തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന തിരക്കഥയാണ് തന്റെ അറസ്റ്റെന്ന് സുരേന്ദ്രൻ ആരോപിച്ചു. ജയിലിൽ നടന്നത് മനുഷ്യാവകാശലംഘനമാണ്. ജാമ്യം കിട്ടിയിട്ടും ഒന്നര ദിവസം ജയിലിലിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

നിലയ്ക്കലിൽനിന്നു കരുതൽ തടങ്കലിൽ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിലിൽ കഴിയുകയായിരുന്ന സുരേന്ദ്രനെ രാവിലെയാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയത്. കണ്ണൂരിൽ പ്രൊഡക്‌ഷൻ വാറന്റ് നിലനിൽക്കുന്ന സാഹചര്യത്തിലാണു പൊലീസ് നടപടി. കണ്ണൂരിൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും. എസ്പി ഓഫിസ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് വാറന്റ്.

കൊട്ടാരക്കര ജയിലിനു മുന്നിൽ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. പങ്കെടുക്കാത്ത പരിപാടികളിൽ പോലും തന്നെ പ്രതി ചേർക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. കണ്ണൂരിൽ പോകാൻ ഭയമില്ലെന്നും വീരബലിദാനികളുടെ നാടാണ് കണ്ണൂരെന്നും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.