ശബരിമലയിൽ ഉണ്ണിയപ്പത്തിന്റെ വില കുറച്ചു; പായ്ക്കറ്റിലെ എണ്ണം കുറവെന്ന് ബോർഡ്

ശബരിമല ∙ വഴിപാട് പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വിലയിൽ 5 രൂപ ദേവസ്വം ബോർഡ് കുറച്ചു. 40 രൂപയായിരുന്നത് 35 രൂപയാക്കി. ഒരു പായ്ക്കറ്റിൽ 8 ഉണ്ണിയപ്പമാണു വേണ്ടത്. 7 എണ്ണം നിറയ്ക്കാനുള്ള സൗകര്യമേ കവറിനുള്ളു. അതിനാലാണു വില കുറച്ചതെന്നാണു ദേവസ്വം ബോർഡിന്റെ വിശദീകരണം. അതേസമയം അരവണയുടെ വിലയിൽ മാറ്റമില്ല. 80 രൂപയാണു ഒരു ടിൻ അരവണയുടെ വില.

100 മില്ലി ആടിയ ശിഷ്ടം നെയ്യിന് 75 രൂപയാണ്. നെയ്യഭിഷേകം നടത്താൻ അവസരം കിട്ടാത്തവർക്ക് ആടിയശിഷ്ടം നെയ്യ് പ്രയോജനമാകും. പുഷ്പാഭിഷേകത്തിന് 10,000 രൂപയും അഷ്ടാഭിഷേകത്തിന് 5000 രൂപയുമാണ്. പുഷ്പാഭിഷേകത്തിനുള്ള പൂക്കളെല്ലാം സന്നിധാനത്തിൽനിന്നു ലഭിക്കും. അഷ്ടാഭിഷേകത്തിനുള്ള സാധനങ്ങൾ ദേവസ്വത്തിൽനിന്നു കിട്ടും.