ശബരിമല യുവതീപ്രവേശം: സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം ∙ ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന് ചില സംഘടനകള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളും പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടും കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും സുപ്രീംകോടതിയെ അറിയിക്കും. ചീഫ് സെക്രട്ടറിയാണ് കോടതിയെ സമീപിക്കുക. ബുധനാഴ്ചയോടെ സർക്കാരിന്റെ അപേക്ഷ  ഫയൽ ചെയ്‌തേക്കുമെന്നാണ് സൂചനകൾ. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ മുതിർന്ന അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ സാവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.