ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളിൽ സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ കമ്പനിയും

കൊച്ചി∙ ഇന്ത്യയിലെ 50 മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ ഐടി കമ്പനിയായ ലിറ്റ്മസ്7 ഇടം നേടി. തൊഴിലിടങ്ങളിലെ മികവ് വിലയിരുത്തുന്ന രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യയിലെ ഐടി അധിഷ്ഠിത മേഖലയില്‍ നടത്തിയ സര്‍വേയിലാണ് സ്മാര്‍ട്ട്സിറ്റി കൊച്ചിയിലെ കമ്പനി മികവ് തെളിയിച്ചത്.

58 ല്‍ പരം രാജ്യങ്ങളില്‍ നിന്ന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കിലേക്ക് അപേക്ഷകള്‍ വരാറുണ്ട്. ഇക്കുറി ഏതാണ്ട് 600 ലധികം അപേക്ഷകളാണ് വന്നത്. 160 ല്‍ പരം ഐടി അധിഷ്ഠിത കമ്പനികളെ വിലയിരുത്തിയതിനു ശേഷമാണ് 50 കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്.

‘വാള്‍മാര്‍ട്ട്’ ഉള്‍പ്പെടെയുള്ള ചില്ലറവില്‍പന മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഐടി സേവനം നല്‍കുന്ന കമ്പനിയാണ് ലിറ്റ്മസ്7. സ്മാര്‍ട്ട്സിറ്റി കൊച്ചി കൂടാതെ ഇസ്രായേല്‍, യുകെ, അമേരിക്ക എന്നിവിടങ്ങളിലും കമ്പനിയ്ക്ക് ഓഫിസുണ്ട്. സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ കൊമേഴ്സ്യല്‍ ഐടി കെട്ടിടത്തില്‍ 2017 ലാണ് ലിറ്റ്മസ്7 ഓഫിസ് ആരംഭിക്കുന്നത്. 27,000 ചതുരശ്ര അടിയാണ് ലിറ്റ്മസ്7 ഓഫിസിന്‍റെ വിസ്തീര്‍ണം.

ആഹ്ലാദം, വിശ്വാസ്യത, നായകത്വം, നൂതനത്വം എന്നിവയാണ് ലിറ്റ്മസ് 7 ന്‍റെ നാല് തൂണുകളെന്ന് സ്ഥാപകനും സിഇഒയുമായ വേണു ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഓരോ ജീവനക്കാരനും വ്യത്യസ്തനാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് കമ്പനി മുന്നോട്ടു പോകുന്നത്. തൊഴില്‍ മേഖലയുടെ ഭാവി രൂപീകരിക്കുന്ന സംസ്കാരം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ലിറ്റ്മസ്7 ന് ലഭിച്ച അംഗീകാരം സ്മാര്‍ട്ട്സിറ്റി കൊച്ചിയ്ക്ക് അഭിമാനം പകരുന്നതാണെന്ന് സിഇഒ മനോജ് നായര്‍ പറഞ്ഞു. നൂതന സാങ്കേതിക വിദ്യയിലൂടെ ചില്ലറ വ്യാപാരത്തിന്‍റെ ഘടന തന്നെ മെച്ചപ്പെടുത്താനാണ് ലിറ്റ്മസ്7 ശ്രമിക്കുന്നത്. അതിന് സാങ്കേതിക മികവ് മാത്രമല്ല, ജീവനക്കാര്‍ക്ക് കഴിവ് മുഴുവന്‍ പുറത്തെടുക്കാനുള്ള അന്തരീക്ഷം സംജാതമാക്കാനും അവര്‍ക്ക് കഴിഞ്ഞു. സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ ആദ്യ വാണിജ്യ സമുച്ചയത്തില്‍  ബേക്കര്‍ ആന്‍ഡ് ഹ്യൂഗ്സ്, ഐബിഎസ്, മാരിആപ്പ്സ്, ലിറ്റ്മസ്7, ഏണസ്റ്റ് ആന്‍ഡ് യങ്ങ് തുടങ്ങി 32 കമ്പനികളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.