‘വീണാൽ എഴുന്നേൽക്കില്ല, ചിലതു നാക്കു നീട്ടും’; തീൻമേശയിലേക്കുള്ള ‘കാലിവഴികൾ’

പൊള്ളാച്ചി ചന്തയിൽ നിന്നു കേരളത്തിലേക്കു കശാപ്പിനെത്തുന്ന കാലികളെ ലോറിയിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നു.

മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിൽ കന്നുകാലികളെ തൊട്ടുനോക്കി പരിശോധനയില്ല. ചത്തതോ രോഗം ബാധിച്ചതോ ഉണ്ടോ എന്നു നോക്കാറില്ല. മനുഷ്യാഹാരത്തിലേക്കും നാട്ടുമൃഗങ്ങളുടെ ആരോഗ്യത്തിലേക്കുമുള്ള ഭയപ്പെടുത്തുന്ന കടന്നുകയറ്റം...

പൊള്ളാച്ചി ചന്തയുടെ മധ്യത്തിൽ ഒരു മൃഗാശുപത്രിയുണ്ട്. ഏജന്റുമാരിൽ ചിലർ ആശുപത്രിയുടെ വാതിൽ തുറന്നു കയറുന്നതും തിരിച്ചിറങ്ങുന്നതും കണ്ടു. ചന്തയിൽ ബീഡിയും മുറുക്കാനും ചായയും വിൽക്കുന്ന പെട്ടിക്കടയിലെ സ്ത്രീയോട് ആശുപത്രി തുറക്കാറുണ്ടോ എന്നു ചോദിച്ചു. ഉണ്ടെന്ന് ആദ്യം പറഞ്ഞു.

സർട്ടിഫിക്കറ്റിനാണെങ്കിൽ ആശുപത്രി തുറക്കണമെന്നില്ല. ഏജന്റിന്റെ കയ്യിൽ തമിഴ്നാട്ടിലെ മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയ, സീൽ ചെയ്ത സർട്ടിഫിക്കറ്റുകൾ എത്ര വേണമെങ്കിലും കിട്ടും. ഒരു സർട്ടിഫിക്കറ്റിനു 100 രൂപ വില. വ്യാജസർട്ടിഫിക്കറ്റുകൾ പെരുകിയപ്പോൾ പൊള്ളാച്ചിയിൽ നിന്നുള്ള 3 മൃഗഡോക്ടർമാർ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ ഇനി സ്വീകരിക്കില്ലെന്നു വരെ കേരളത്തിലെ ഉദ്യോഗസ്ഥർക്കു തീരുമാനിക്കേണ്ടി വന്നിട്ടുണ്ട്.

ആന്ധ്രയിൽ നിന്നോ തമിഴ്നാട്ടിലെ വിദൂര ചന്തകളിൽ നിന്നോ എത്തുന്ന കന്നുകാലികൾക്കു വിശ്രമിക്കാൻ കേരളത്തിൽ അതിർത്തിയോടു ചേർന്നു ചില ഇടത്താവളങ്ങളുണ്ട്. ‘മാട്ടുപ്പണ്ണകൾ’ എന്നാണിതിനു പേര്. വെള്ളത്തിനും വൈക്കോലിനും ഒരു മാടിന് ഇത്ര രൂപ എന്ന കണക്കിൽ ഫീസ് ഉണ്ട്. കേരളത്തിലെ ചെക്പോസ്റ്റുകളിൽ കൊടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിക്കൊണ്ടാണ് ഇത്തരം കേന്ദ്രങ്ങൾ ദീർഘദൂര ലോറികളെ ആകർഷിക്കുന്നത്.

നിയമലംഘനത്തിന് അതിർത്തിയില്ല

കേരളത്തിലെ 17 മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിൽ ഏഴെണ്ണവും പാലക്കാട്ടാണ്. വാളയാർ, വേലന്താവളം, കോഴിപ്പാറ, നടുപ്പുണി (ഗോപാലപുരം), മീനാക്ഷിപുരം, ചമ്മണാംപതി, ഗോവിന്ദാപുരം. ഇതിൽ ഗോവിന്ദാപുരം വഴിയാണ് ഏറ്റവുമധികം മാടുകൾ കടന്നുപോകുന്നത്.

ചെക്പോസ്റ്റുകളുടെ സംസ്ഥാന ഓഫിസും പാലക്കാട്ടാണ്. മൃഗക്കടത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചെക്പോസ്റ്റുകളിലാണ്. 2016–17 വർഷത്തിൽ 14 ലക്ഷം കന്നുകാലികൾ കശാപ്പിനായി കേരളത്തിലെത്തിയെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. പ്രളയത്തിൽ ചത്ത 12,100 കന്നുകാലികളുടെ കുറവിലേക്കു കൂടി മാടുകൾ ഇക്കുറി അതിർത്തി കടന്നെത്തും.

പൊള്ളാച്ചി ചന്തയിലുള്ള തമിഴ്നാട് സർക്കാർ മൃഗാശുപത്രി അടച്ചിട്ട നിലയിൽ.

ലോറികളിൽ അടുക്കി നിറച്ചു കടത്ത്

പാലക്കാട്ടുകാരനായ വ്യാപാരിയുടെ നേതൃത്വത്തിൽ നാലഞ്ചു പേർ പൊള്ളാച്ചി ചന്തയിൽ കേരളത്തിലേക്കുള്ള മാടുകളെ അടുക്കി നിറയ്ക്കുകയാണ്. നീളം കൂട്ടി പ്രത്യേകം നിർമിച്ച ലോറി.

‘എത്രയെണ്ണം കയറും?’
‘35നും 40നും ഇടയിൽ.’
‘ചെക്പോസ്റ്റിൽ പിടിക്കില്ലേ?’
‘ഏയ്... ഒന്നുമില്ല.’

15നും 20നും ഇടയിൽ ലോറികൾ എറണാകുളത്തേക്കു ചന്തദിവസം മാടുകളെ കയറ്റിപ്പോകും. അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും മലപ്പുറത്തേക്കും തൃശൂരിലേക്കുമെല്ലാം 15ൽ കൂടുതൽ ലോറികൾ പോകും. എല്ലാറ്റിലും 35ൽ കൂടുതൽ മാടുകളെ അടുക്കിനിർത്തും.

ഒന്നനങ്ങാൻ പോലും കഴിയാതെ ചിലതു നാക്കു നീട്ടും. ലോറിയുടെ വശങ്ങളിലും പിന്നിലും ടാർപോളിൻ കെട്ടി മറച്ചിരിക്കുന്നു. മുകൾഭാഗം തുറന്ന നിലയിലാണ്.

ഒരു പെട്ടി ഓട്ടോയിൽ 5 മാടുകളെ ചെരിച്ചും നേരെയുമായി അടുക്കിനിർ‌ത്തി കയറിട്ടു വരിഞ്ഞു മുറുക്കുകയാണു മറ്റൊരാൾ. മലയാളിയാണ്. വാഹനം പോകാൻ തയാറെടുത്തപ്പോൾ ഏജന്റ് ഡ്രൈവറോട്: ‘ചോര തീരെയില്ലാത്തവയാണ്. പെട്ടെന്നു വീഴും. പതുക്കെ പോയാൽ മതി. വീണു പോയാൽ പിന്നെ എഴുന്നേറ്റെന്നു വരില്ല.’

ഇതെങ്ങോട്ടാണെന്നു ഡ്രൈവറോടു ചോദിച്ചപ്പോൾ പാലക്കാട് ജില്ലയിലെ ഇറച്ചി വ്യാപാര കേന്ദ്രത്തിന്റെ പേരു പറഞ്ഞു. കേരളത്തിലെ പ്രമുഖ നഗരങ്ങളിലേക്കു പോലും ഇറച്ചി അയയ്ക്കുന്ന അറവുകേന്ദ്രത്തിൽ ഒരു പരിശോധനയുമില്ല. എങ്ങനെ വിശ്വസിക്കും, തീൻമേശയെ?

ചെക്പോസ്റ്റാണ്, ചെക്കിങ് മാത്രമില്ല

കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റുകളിൽ കണ്ണു കൊണ്ടു നോക്കിയുള്ള പരിശോധനയല്ലാതെ ലോറിയിൽ നിന്നിറക്കിയുള്ള പരിശോധനയില്ല. രാത്രിയിൽ ഇരുട്ടിൽ നിർത്തുന്ന ലോറിയിൽ മാടുകൾ ചത്തതോ ജീവനുള്ളതോ എന്നുപോലും നോട്ടമില്ല. തൊട്ടുനോക്കിയുള്ള പരിശോധന പോലുമില്ലാതെ കടന്നുവരുന്ന രോഗവാഹകരായ കന്നുകാലികളാണു കേരളത്തിലെ വളർത്തുമൃഗങ്ങളിലേക്കു രോഗങ്ങൾ പകർത്തുന്നത്.

പൊള്ളാച്ചി ചന്ത ദിവസം വൈകിട്ടു ചെന്നപ്പോൾ മീനാക്ഷിപുരം മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റിൽ ഒരാൾ കിടന്നുറങ്ങുകയായിരുന്നു. പത്തിൽ താഴെ മാടുകളെ കയറ്റിയ ചെറുവാഹനങ്ങൾ നിർത്താതെ കടന്നുപോകുന്നുണ്ടായിരുന്നു. നേരം ഇരുട്ടിയതോടെ വലിയ ലോറികൾ വന്നു തുടങ്ങി. ഡ്രൈവർ ഇറങ്ങി ചില പേപ്പറുകൾ കാണിച്ചു മടങ്ങുന്നതു കാണാം. ഇൻസ്പെക്‌ഷൻ ചാർജ് രേഖപ്പെടുത്തിയ രസീത് ഡ്രൈവർക്കു ലഭിച്ചിട്ടുണ്ട്. 40 മാടുകളെ കയറ്റിയെത്തിയ ലോറിക്കാരന് 16 വീതം എന്നു രേഖപ്പെടുത്തിയ രണ്ടു രസീതുകൾ നൽകിയിരിക്കുന്നു.

ഗോവിന്ദാപുരം ചെക്പോസ്റ്റിലൂടെയാണു കൂടുതൽ ലോറികൾ കടന്നുപോകുന്നത്. ഇവിടെയും ലോറിയിൽ കയറി പരിശോധന നടക്കുന്നില്ല. ചെക്പോസ്റ്റുകളിലൊന്നും മൃഗഡോക്ടറുടെ സേവനമില്ല. കേരളത്തിൽ ആകെ രണ്ടിടത്തു മാത്രമാണു ഡോക്ടറുള്ളത്. ഡ്യൂട്ടിയിലുണ്ടാവുക പരിമിത പരിശീലനം മാത്രം ലഭിച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരാണ്.

സ്ഥലപരിമിതിയും അസൗകര്യങ്ങളും കൊണ്ടു വീർപ്പുമുട്ടുന്ന ചെക്പോസ്റ്റുകളിൽ ചിലതാകട്ടെ ഓലമേഞ്ഞ വെറും ഷെഡുകളാണ്. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളില്ല. ചെക്പോസ്റ്റ് നവീകരിക്കാൻ അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ എത്ര തുക അനുവദിക്കാനും തയാറുണ്ടെങ്കിലും പ്രയോജനപ്പെടുത്തുന്നില്ല.

ഗുജറാത്തിൽ തുടങ്ങിയ എക്സ്റേ സംവിധാനം കേരളത്തിൽ നടപ്പാക്കാവുന്നതേയുള്ളൂ. പൂട്ടിക്കിടക്കുന്ന വിൽപന നികുതി ചെക്പോസ്റ്റുകൾ ഉപയോഗപ്പെടുത്താം. ഒറ്റത്തുള്ളി രക്തം ശേഖരിച്ചാൽ മാടിന്റെ ഏതുരോഗവും തിരിച്ചറിയാവുന്ന പരിശോധനാ സംവിധാനങ്ങൾ ഇന്നുണ്ട്. പക്ഷേ, അതൊക്കെ ചെയ്യണമെങ്കിൽ സമൂഹത്തിനു നല്ല ഭക്ഷണം നൽകണമെന്ന ചിന്ത വേണം.അതിനു പകരം, ഇറച്ചിയുടെ തൂക്കം കൂട്ടാനും രോഗം അറിയാതിരിക്കാനുമുള്ള വിദ്യകളാണ് കാലികൾക്കു മേൽ പ്രയോഗിക്കുന്നത്.

(അതേക്കുറിച്ചു തുടരും)