ശബരിമലയിലെ നിരോധനാജ്ഞ അംഗീകരിച്ചു ഹൈക്കോടതി; ആര്‍ക്കാണു ദോഷം?

കൊച്ചി∙ ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭക്തർക്കു തടസ്സമല്ലെന്ന് ഹൈക്കോടതി. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിർത്താൻ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്തു പ്രശ്‌നമാണ് ഉണ്ടായതെന്നു കോടതി ചോദിച്ചു.

സര്‍ക്കാരിന് ഏറെ ആശ്വസം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ശബരിമല നിരീക്ഷണ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലപാടെടുത്തത്. ശബരിമലയില്‍ ഭക്തര്‍ക്കു ബുദ്ധിമുട്ടില്ലെന്നും ബുധനാഴ്ച എണ്‍പതിനായിരത്തോളം പേര്‍ ദര്‍ശനം നടത്തിയെന്നും നിരീക്ഷണ സമിതി കോടതിയില്‍ അറിയിച്ചിരുന്നു. പത്തനംതിട്ട എഡിഎം നിരോധനാജ്ഞയെ അനുകൂലിച്ച് റിപ്പോർട്ടു നൽകി. മുമ്പു ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ മുമ്പു കോടതി വിമര്‍ശിച്ചിരുന്നു.

തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടത്തിരുന്നാളിനും നട തുറന്നപ്പോൾ ദർശനത്തിനായി യുവതികളെത്തിയിരുന്നു. ഇവർക്കെതിരെ വൻ തോതിലുള്ള പ്രതിഷേധവും ഉണ്ടായി. നിലയ്ക്കലിൽ പൊലീസിന് ലാത്തി വീശേണ്ടതായും വന്നു. കൂടാതെ സന്നിധാനത്ത് നാമജപ പ്രതിഷേധവുമായി നിരവധിപ്പേർ ഒത്തുകൂടുകയും ചെയ്തു. ഇതേത്തുടർന്നാണ് മണ്ഡല – മകരവിളക്ക് പൂജകള്‍ക്കു നട തുറന്നപ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.