ജാമ്യമില്ല, കെ.സുരേന്ദ്രന്റെ റിമാൻഡ് വീണ്ടും നീട്ടി; എത്രകാലം ജയിലിൽ ഇടുമെന്ന് ഹൈക്കോടതി

കെ.സുരേന്ദ്രൻ

കൊച്ചി/പത്തനംതിട്ട ∙ ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കു കൂടിയാണു റിമാൻഡ് നീട്ടിയത്. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ലളിതയെന്ന സ്ത്രീയെ തടഞ്ഞെന്നാണു കേസ്.

അതേസമയം, തന്നെ ആജീവനാന്തം ജയിലിൽ ഇടാനുള്ള ഗൂഢാലോചനയാണു സർക്കാരിന്റേതെന്ന് സുരേന്ദ്രൻ ആരോപിച്ചു. അതിന്റെ ഭാഗമായിട്ടാണു ചായ വാങ്ങിത്തന്ന സിഐയെ സസ്പെൻഡ് ചെയ്തത്. മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനാണു ശബരിമലയിൽ ദർശനത്തിനു പോയ തന്നെ പിടിച്ചു ജയിലിൽ ഇട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

അതിനിടെ, സുരേന്ദ്രനെതിരായ ഗൂഢാലോചന കേസ് നിലനിൽക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അദ്ദേഹം നിയമം കയ്യിലെടുത്തുവെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു. എന്നാൽ സുരേന്ദ്രനെ എത്രകാലം ജയിലിൽ‌ ഇടുമെന്ന് ഹൈക്കോടതി ചോദിച്ചു. സുരേന്ദ്രൻ മാത്രമാണോ ആ പാർട്ടിയിൽ ഉള്ളത്. സുരേന്ദ്രൻ സുപ്രീംകോടതി വിധി മാനിച്ചില്ല. പ്രതിഷേധ ദിനത്തിൽ ശബരിമലയിലേക്ക് എന്തിനാണു പോയതെന്നും കോടതി ചോദിച്ചു. സ്ത്രീയെ തടഞ്ഞത് ആസൂത്രണം ചെയ്തത് സുരേന്ദ്രനാണെന്നു സർക്കാർ പറഞ്ഞതോടെ, സുരേന്ദ്രൻ മാത്രമാണോ ആ പാർട്ടിയിൽ ഉള്ളതെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും.

കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു . ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ.സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം. സുരേന്ദ്രനെതിരെ കോഴിക്കോട്ടുണ്ടായിരുന്ന രണ്ട് കേസിലും ജാമ്യം ലഭിച്ചു. 2013 ൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ സമരം, 2016 ൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കു നടത്തിയ മാർച്ച് എന്നീ കേസുകളിലാണു ജാമ്യം.