അഷ്ടാഭിഷേകത്തിന്റെ നിയന്ത്രണം നീക്കി; എത്രപേർക്കു വേണമെങ്കിലും വഴിപാടു നടത്താം

ശബരിമലയിൽ അഭിഷേകം നടത്തുന്നതിനുള്ള നെയ്യ് ഭക്തർ പാത്രങ്ങളിലേക്കു മാറ്റുന്നു. ചിത്രം: രാഹുൽ ആർ. പട്ടം

ശബരിമല∙ അഷ്ടാഭിഷേക വഴിപാടിന്റെ നിയന്ത്രണം നീക്കി. ദിവസം15 അഷ്ടാഭിഷേകത്തിനാണ് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. ഇനി എത്രപേർക്കു വേണമെങ്കിലും നടത്താം. 5000 രൂപയാണു ടിക്കറ്റ് നിരക്ക്. പണം അട‌ച്ചാൽ ഇതിനുള്ള എല്ലാ സാധനങ്ങളും ദേവസ്വം ഓഫിസിൽനിന്നു ലഭിക്കും.

കളഭം, ഭസ്മം, തേൻ, പാൽ, പനിനീർ, പഞ്ചാമൃതം, നെയ്യ്, കരിക്ക് എന്നിവ ഉപയോഗിച്ചാണ് അഷ്ടാഭിഷേകം നടത്തുന്നത്. ഇവയുമായി 4 ഭക്തർക്ക് സോപാനത്തെത്തി ശ്രീകോവിലിൽ നേരിട്ടുനൽകാം. ഒപ്പം സോപാനത്തുനിന്നു അഭിഷേകം കണ്ടുതൊഴാം. സന്നിധാനത്തെത്തുന്ന ഭക്തന് മുൻകൂട്ടി ബുക്ക്‌ ചെയ്യാതെ നടത്താവുന്ന വലിയ വഴിപാടാണിത്. ചുരുക്കം പേർക്കു മാത്രമായിരുന്നു ഇതുവരെ അവസരം ലഭിച്ചുവന്നത്.

നിയന്ത്രണം നീക്കിയതോടെ ഇനി ആവശ്യക്കാർക്കെല്ലാം അവസരം ലഭിക്കും. നെയ്യഭിഷേകം രാവിലെ 3.15 മുതൽ 12 വരെയാണ്. ഇതിനോടൊപ്പം രാവിലെ 9 മുതലാണ് അഷ്ടാഭിഷേകം തുടങ്ങുക. ആവശ്യക്കാർ കൂടന്നത് അനുസരിച്ചു സമയക്രമീകരണം ഏർപ്പെടുത്താനാണ് ആലോചന. ഇപ്പോൾ തിരക്കു കുറവായതിനാൽ ഇതുമൂലം നെയ്യഭിഷേകത്തിനു തടസം ഉണ്ടാകുന്നില്ല. അഷ്ടാഭിഷേകം കഴിഞ്ഞ ദ്രവ്യങ്ങൾ പ്രത്യേകപാത്രത്തിലാക്കി ഭക്തർക്ക് തിരികെ നൽകും. ഇതു വഴിപാട് പ്രസാദമായി വീട്ടിൽ കൊണ്ടുപോകാം.