നിയന്ത്രണങ്ങൾ അയഞ്ഞു; ശബരിമല വീണ്ടും തീർഥാടക തിരക്കിലേക്ക്

ശബരിമലയിൽ വ്യാഴാഴ്ച അനുഭവപ്പെട്ട തിരക്ക്.

ശബരിമല∙ നിയന്ത്രണങ്ങളും നിരോധനാജ്ഞയും ഉണ്ടെങ്കിലും സന്നിധാനം തീർഥാടക തിരക്കിലേക്ക്. വ്യാഴാഴ്ച വൈകിട്ട് 5 മണി വരെയുളള പൊലീസിന്റെ കണക്ക് അനുസരിച്ച് 60,500 തീർഥാടകർ അയ്യപ്പ ദർശനം നടത്തി. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനു നടതുറന്നപ്പോൾ മുതൽ തീർഥാടകരുടെ പ്രവാഹമാണ്. നീണ്ട ക്യു ഇല്ലെങ്കിലും ധാരമുറിയാതെ അയ്യപ്പന്മാർ എത്തുന്നുണ്ട്. പതിനെട്ടാംപടി കയറാൻ വൈകിട്ട് 3ന് നടതുറന്നപ്പോൾ ക്യു ഉണ്ടായിരുന്നു.

സോപാനത്തു ദർശനത്തിനു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വ്യാഴാഴ്ച പിൻവലിച്ചിരുന്നു. അതിനാൽ അയ്യപ്പന്മാർക്കു സോപാനത്തിൽ കയറി തൊഴുന്നതിനു തടസമില്ലായിരുന്നു. പതിനെട്ടാംപടി കയറാൻ എത്തിയ പ്രായമായവരെയും കുട്ടികളെയും പൊലീസ് സഹായിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിൽ മല കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്കുണ്ടായിരുന്നു. പമ്പാ ഗണപതികോവിലിലും പരിസരത്തുമായി ഏർപ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷയും പിൻവലിച്ചു.

13 സിവിൽ പൊലീസ് ഓഫിസർമാർ ഉണ്ടായിരുന്ന പമ്പയിൽ 11 പേരും, 7 ഡബ്ല്യുപിസികൾ ഉണ്ടായിരുന്നിടത്ത് 5 പേരായും കുറച്ചു. സംഘത്തെ തിരികെ ബാരക്കിലേയ്ക്കു മടക്കി. ഓരോ പോസ്റ്റിലുമുള്ള എഎസ്ഐ, എസ്ഐ, സിഐ എന്നിവർ പഴയ പോലെ തുടരും.

നിലയ്ക്കൽ താവളത്തിൽ എത്തുന്ന അയ്യപ്പ ഭക്തരുടെ സൗകര്യാർഥം എല്ലാ പാർക്കിങ് ഗ്രൗണ്ടുകളെയും ബന്ധപ്പെടുത്തി കെഎസ്ആർടിസി പാർക്കിംഗ് ഗ്രൗണ്ട് സർക്കുലർ സർവീസ് ആരംഭിച്ചു. ഒന്നു മുതൽ പത്തു വരെയുള്ള പാർക്കിങ് ഗ്രൗണ്ടുകൾ ബന്ധിപ്പിച്ച് തിരികെ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ എത്തി ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.