കെ. സുരേന്ദ്രന്‍ ജയില്‍ മോചിതനായി; സ്വീകരണം ഒരുക്കി ബിജെപി

ജയില്‍ മോചിതനായ കെ. സുരേന്ദ്രന്‍, ശബരിമല വിഷയത്തില്‍ നിരാഹാര സമരം നടത്തുന്ന പാര്‍ട്ടി നേതാവ് എ.എന്‍. രാധാകൃഷ്ണനെ കാണാൻ എത്തിയപ്പോൾ. (ചിത്രം: മനോജ് ചേമഞ്ചേരി)

തിരുവനന്തപുരം∙ ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസില്‍ ജാമ്യം ലഭിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ സുരേന്ദ്രനു ബിജെപി സ്വീകരണമൊരുക്കി. ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ നിരാഹാര സത്യഗ്രഹം നടത്തുന്ന സമരവേദിയില്‍ സുരേന്ദ്രന്‍ എത്തി.

ശബരിമലയിൽ ആചാരലംഘനം നടക്കാത്തതിൽ സന്തോഷമുണ്ടെന്നു സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് നടത്തിയത്. പാർട്ടി ഒറ്റക്കെട്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇന്നലെ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് സുരേന്ദ്രന്‍ മോചിതനായത്. 21 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് സുരേന്ദ്രന്‍ മോചിതനാകുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഉപാധിയോടെയാണു ജാമ്യം അനുവദിച്ചത്. രണ്ടു പേരുടെ ആള്‍ ജാമ്യം വേണമെന്നും രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു . ചിത്തിരആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ.സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം.

സുരേന്ദ്രനെതിരെ കോഴിക്കോട്ടുണ്ടായിരുന്ന രണ്ട് കേസിലും ജാമ്യം ലഭിച്ചു. 2013 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം, 2016 ല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് എന്നീ കേസുകളിലാണു ജാമ്യം. സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്നു പറഞ്ഞ കോടതി, അദ്ദേഹം മാത്രമാണോ ആ പാര്‍ട്ടിയിലുള്ളതെന്നും സര്‍ക്കാരിനോടു ചോദിച്ചിരുന്നു.