ശബരിമലയില്‍ നിരോധനാജ്ഞ 12 വരെ നീട്ടി; നിലയ്ക്കലിൽ ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജനെ പൊലീസ് നിലയ്ക്കലില്‍നിന്ന് അറസ്റ്റു ചെയ്യുന്നു. ചിത്രം: എബി കുര്യന്‍ പനങ്ങാട്ട്

പത്തനംതിട്ട ∙ ശബരിമലയിൽ നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടി. നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 14 വരെ നീട്ടണമെന്നായിരുന്നു ആവശ്യം. പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണു നിരോധനാജ്ഞ.

അതേസമയം, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജൻ ഉൾപ്പെടെ ഒൻപത് പേരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി. ഇവരെ പെരിനാട് സ്റ്റേഷനിലേക്ക് മാറ്റി.

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കും വരെ നിയമസഭയ്ക്ക് മുന്നിൽ മൂന്ന് യുഡിഎഫ് എംഎൽഎമാരുടെ സമരം തുടരുകയാണ്. ശബരിമലയിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ നടത്തുന്ന സമരവും തുടരുകയാണ്. ആരോഗ്യനില വഷളായിട്ടും നിരാഹാരം അവസാനിപ്പിക്കാൻ അദ്ദേഹം തയാറായിട്ടില്ല. യുഡിഎഫ് എംഎൽഎമാരുടെ സമരം ഒത്തുതീർപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് സമ്മർദം സർക്കാരിനുണ്ടെങ്കിലും സർക്കാർ നിരോധനാജ്ഞ നീട്ടുകയായിരുന്നു. നിരോധനാജ്ഞ കൊണ്ടു ഭക്തർക്കു കുഴപ്പമൊന്നുമില്ലെന്ന ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശം സർക്കാരിന് തുണയാകുന്നു.