തിരക്കിലമർന്ന് സന്നിധാനം; വൈകിട്ട് 7 വരെ മല കയറിയത് 61,769 തീർഥാടകർ

ശബരിമലയിലെത്തിയ അയ്യപ്പ ഭക്തർ.

ശബരിമല ∙ 2 ദിവസത്തെ ആലസ്യത്തിൽനിന്നു സന്നിധാനം വീണ്ടും തിരക്കിലേക്ക്. വൈകിട്ട് 7 വരെയുളള കണക്കനുസരിച്ച് 61,769 തീർഥാടകർ മലകയറി ദർശനം നടത്തി. വൈകിട്ട് 3ന് നട തുറന്നപ്പോൾ മുതൽ മിനിറ്റിൽ 65 പേർ വരെ പതിനെട്ടാംപടി കയറുന്നുണ്ട്. അതേസമയം രാവിലെ മിനിറ്റിൽ പരമാവധി 35 പേരാണു പടികയറിയത്.. നിലയ്ക്കൽനിന്നു പമ്പയിൽ എത്താൻ കെഎസ്ആർടിസി ബസിൽ ടിക്കറ്റ് എടുക്കാനും നല്ല തിരക്കായിരുന്നു.

സന്നിധാനത്തെ ക്രമീകരണങ്ങൾ വിലയിരുത്താനും തിരക്കു കൂടുന്നതിന് അനുസരിച്ചു മാറ്റങ്ങൾ വരുത്താനും ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സംഘത്തിലെ ഡിജിപി എ.ഹേമചന്ദ്രൻ എത്തിയിട്ടുണ്ട്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ പരിശോധനയ്ക്കു ശേഷം രാത്രിയിലാണ് സന്നിധാനത്ത് എത്തിയത്.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലും ശരണവഴികളിലും നവംബർ15ന് അർധരാത്രി മുതൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 5 തവണ ദീർഘിപ്പിച്ചു. 12ന് അർധരാത്രിയോടെ നിരോധനാജ്ഞയുടെ കാലാവധി തീരും. വീണ്ടും നീട്ടണമെന്ന നിലപാടിലാണു പൊലീസ്.

ശ്രീകോവിൽ വാതിൽ അനുയോജ്യം

അയ്യപ്പസ്വാമിയുടെ ശ്രീകോവിലിൽ ദേവപ്രശ്ന വിധിപ്രകാരം മാറ്റിസ്ഥാപിക്കാനായി എത്തിച്ച വാതിൽ അനുയോജ്യം. പൂർണമായും തേക്കിൻകാതലിൽ ഉണ്ടാക്കിയ വാതിലും സൂത്രപ്പടിയും ദാരുശിൽപി ഗുരുവായൂർ ഇളവള്ളിനന്ദൻ, സഹശിൽപ്പികളായ വിനോദ് ചെർപ്പിളശേരി, എം.എൻ.പ്രവീൺ, നവീൻ എന്നിവർ ചേർന്നാണു സന്നിധാനത്ത് എത്തിച്ചത്. 156.5 സെന്റീമീറ്ററാണു നീളം. കതകിൽ ഒന്നിന് 44.5 സെന്റിമീറ്ററും രണ്ടാമത്തേതിന് 38 സെന്റിമീറ്ററുമാണു വീതി. കനം 6 സെന്റിമീറ്റർ.

തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി, എക്സിക്യുട്ടിവ് ഓഫിസർ ഡി.സുധീഷ് കുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു എന്നിവരുടെ സാന്നിധ്യത്തിൽ ദീപാരാധനയ്ക്കു തൊട്ടുമുൻപ് ഇപ്പോഴത്തെ പ്രധാന വാതിൽ ഇളക്കിയെടുത്തു പുതിയതിൽ വച്ചുനോക്കിയാണ് അളവുകൾ പരിശോധിച്ച് അനുയോജ്യമാണെന്നു കണ്ടെത്തിയത്.

വഴിപാടുകാരുടെ സൗകര്യാർഥം ഇനി ഹൈദരാബാദിൽ എത്തിക്കും. ഭക്തന്റെ വഴിപാടായാണു സ്വർണം പൊതിയുന്നത്. അവിടെ ആദ്യം ചെമ്പുപൊതിയും. അതിനു മുകളിലാണു സ്വർണംപൊതിയുക. മണ്ഡലപൂജയ്ക്കു നടഅടയ്ക്കും മുൻപ് പണിതീർത്ത് എത്തിക്കാൻ കഴിയുമെന്നാണു കരുതുന്നത്.