മോദിക്കു ഹര്‍ത്താലില്ല; ‘കേരളവിജയ’ത്തിന് കാതോർത്തു നമോ ആപ്പിൽ സംവാദം

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അവധിയെടുക്കാറില്ല, അദ്ദേഹത്തിന് ഹർത്താലുമില്ല. അഞ്ചു മണ്ഡലങ്ങളിലെ പ്രവർത്തകരുമായി സംവദിച്ച് അദ്ദേഹം കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇന്നു തുടക്കമിടും.

‘നമോ ആപ്’ വഴി ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രവർത്തകരുമായി വൈകിട്ടു 4.30 നാണു സംവാദം. ഹിന്ദി മേഖലയിലെ തിരിച്ചടിക്കു ദക്ഷിണമേഖലയിൽ നിന്നു പരിഹാരമെന്ന രാഷ്ട്രീയതന്ത്രവും  ഇതിനു പിന്നിലുണ്ട്.

‘‘ബിജെപി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോടു കേരളത്തിലെ ജനങ്ങൾ അനുകൂലമായി പ്രതികരിക്കുന്നു. ജാതി, മത ഭേദങ്ങൾക്ക് അതീതമായി അവർ പാർട്ടി നിലപാടിനൊപ്പം നിൽക്കുന്നു. കേരളത്തിൽ ബിജെപി മുഖ്യശക്തിയായി രൂപപ്പെടുന്ന തിരഞ്ഞെടുപ്പാണു വരാനിരിക്കുന്നത്.’’ – ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പു തയാറെടുപ്പുകൾ ചർച്ച ചെയ്യാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ വിളിച്ച യോഗത്തിനെത്തിയതായിരുന്നു ശ്രീധരൻ പിള്ള. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റു നേടിയ സംസ്ഥാനങ്ങളിൽ അടുത്ത തവണ അതേ മികവു നിലനിർത്താമെന്നു ബിജെപി കരുതുന്നില്ല. അവിടെയുണ്ടാകുന്ന നഷ്ടം എവിടെ നിന്നു നികത്തും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമം കഴിഞ്ഞ തിരഞ്ഞെടുപ്പിനു പിന്നാലെ ‌തുടങ്ങിയിരുന്നു. ‘മിഷൻ കേരള’ അതിന്റെ ഭാഗവും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ നേരിട്ടു സ്ഥിരം അക്കൗണ്ട് തുറന്നിരുന്നു ബിജെപി. ഇപ്പോൾ പി.സി. ജോർജ് വഴി പരോക്ഷമായൊരു സേവിങ്സ് അക്കൗണ്ടു കൂടിയായി. കാത്തിരിപ്പിന്റെ കാലം കഴിഞ്ഞു, ഇനി യാത്ര മുന്നോട്ടാണെന്നു  പാർട്ടി വിലയിരുത്തുന്നു. ശബരിമല പ്രക്ഷോഭത്തിനിടെ ലഭിച്ച ജനപിന്തുണ വലിയ നേട്ടങ്ങളുടെ തുട‌ക്കമാണെന്നും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലേറെ വോട്ടു ലഭിച്ച മണ്ഡലങ്ങളിൽ ബിജെപിക്കു മികച്ച സാധ്യതയാണു ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് കാണുന്നത്. ആകെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിൽ 10 എണ്ണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കേരളത്തിൽ നിന്നു ലോക്സഭയിൽ പാർട്ടിക്കു ഒന്നല്ല, പല പ്രതിനിധികളുണ്ടാകുമെന്നു തന്നെ ബിജെപിയുടെ ആത്മവിശ്വാസം.