വാഹനാപകടത്തിൽ ഐ.എം.വിജയന്റെ സഹോദരൻ മരിച്ചു

തൃശൂർ∙ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയന്റെ സഹോദരൻ ചെമ്പൂക്കാവ് അയിനിവളപ്പിൽ വിജു (52) മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരിൽ അക്വാട്ടിക് സ്റ്റേഡിയത്തിനു സമീപം പുതിയ സ്റ്റാൻഡിനോടു ചേർന്നു ബൈക്കിൽ വരികയായിരുന്നു വിജു. എതിരെ വന്നിരുന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു.

നെഞ്ചിനും തലയ്ക്കും പരുക്കേറ്റു ഗുരുതരാവസ്ഥയിലായിരുന്നു വിജു. വിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എആർ ക്യാംപിലെ പൊലീസുകാരൻ വൈക്കം ഇല്ലിക്കൽ വീട്ടിൽ ലിഗേഷിനു (31) നിസാര പരുക്കേറ്റു. ലിഗേഷും പ്രദേശത്തുണ്ടായിരുന്നവരും ചേർന്നാണു വിജുവിനെ ആശുപത്രിയിലെത്തിച്ചത്.