മൂന്നാംഘട്ടത്തിൽ ഐജി ശ്രീജിത്ത് ശബരിമലയിലേക്ക് എത്തില്ല; ഡ്യൂട്ടി കൈമാറി

ഐജി എസ്.ശ്രീജിത്ത് രഹ്‌ന ഫാത്തിമയ്ക്കൊപ്പം (ഫയല്‍ ചിത്രം)

തിരുവനന്തപുരം∙ മൂന്നാം ഘട്ടത്തിൽ ശബരിമലയിൽ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് ഡ്യൂട്ടിക്കായി എത്തില്ല. സന്നിധാനത്തെ ഐജിയായി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ ചുമതല ഡിഐജി കെ.സേതുരാമന് കൈമാറി. ഔദ്യോഗിക തിരക്കുകള്‍ മൂലമാണു മാറ്റമെന്നാണു പൊലീസിന്റെ വിശദീകരണം.

ശബരിമലയിലെ സര്‍ക്കാര്‍ നടപടികളില്‍ ഏറ്റവും അധികം വിമര്‍ശനം ഉയര്‍ന്നത് രഹ്ന ഫാത്തിമയ്ക്കു സുരക്ഷ ഒരുക്കി സന്നിധാനത്ത് എത്തിച്ചതായിരുന്നു. ഇതിനു നേതൃത്വം നല്‍കിയതോടെ തുലാമാസ പൂജ സമയത്ത് സ്പെഷല്‍ ഓഫിസറായിരുന്ന ഐജി ശ്രീജിത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ഇതിനു തൊട്ടുപിന്നാലെ ശബരിമല ദര്‍ശന സമയത്ത് ഐജി കരയുന്ന ചിത്രങ്ങള്‍ പുറത്തായതും വിവാദത്തിന് ആക്കം കൂട്ടി. ഇന്നലെ ഡിസംബർ 14നു തുടങ്ങിയ മൂന്നാംഘട്ട സുരക്ഷാ വിന്യാസത്തില്‍ സന്നിധാനത്തിന്റെയും പമ്പയുടെയും ചുമതലയുള്ള ഐജിയായി ശ്രീജിത്തിനെ വീണ്ടും നിശ്ചയിച്ചിരുന്നു. പക്ഷേ മറ്റ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റെങ്കിലും ശ്രീജിത്ത് എത്തിയില്ല.

ശ്രീജിത്തിനു പകരം പൊലീസ് ആസ്ഥാനത്തെ ഡിഐജിയായ കെ. സേതുരാമനെ നിശ്ചയിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന ഐജി ദിനേന്ദ്ര കശ്യപിനോട് കുറച്ചു ദിവസം കൂടി തുടരാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതോടെ ശ്രീജിത്തിനെ തല്‍കാലത്തേക്ക് ഒഴിവാക്കിയെന്നു വ്യക്തമായി. ശബരിമലയിലെ പ്രതിഷേധങ്ങള്‍ ഒതുങ്ങിയ സാഹചര്യത്തില്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കേണ്ടെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണു നടപടിയെന്നാണ് അറിയുന്നത്.

എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനായി ശ്രീജിത്ത് കൊല്‍ക്കത്തയിലാണ്. ഇതിന്റെ വിഡിയോയും അദ്ദേഹം ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ഇത് ഏതാനും ദിവസം കൂടി തുടരുമെന്നതിനാലാണു മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. അവസാനഘട്ടത്തില്‍ വീണ്ടും ചുമതല നല്‍കിയേക്കുമെന്നും അറിയുന്നു.