പ്രളയ പുനര്‍നിര്‍മാണത്തിന് പണമില്ല; സെക്രട്ടേറിയറ്റില്‍ തേക്കു കസേരയ്ക്ക് 2.5 ലക്ഷം

തിരുവനന്തപുരം∙ പ്രളയക്കെടുതി നേരിടാന്‍ ആവശ്യത്തിന് ഫണ്ട് കണ്ടെത്താനാകാതെ വലയുമ്പോഴും സെക്രട്ടേറിയറ്റ് മോടിപിടിപ്പിക്കാന്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത്.

സെക്രട്ടേറിയറ്റ് അനക്സ് രണ്ടിന്റെ, ഏഴാം നിലയില്‍ സജ്ജീകരിക്കുന്ന കോണ്‍ഫറന്‍സ് ഹാളില്‍ ഉപയോഗിക്കുന്നതിന് തേക്ക് തടിയില്‍ നിര്‍മ്മിച്ച കുഷ്യന്‍ ചെയ്ത 30 സന്ദര്‍ശക കസേരകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

30 കസേരകള്‍ക്ക് 2,48,774 രൂപയാണ് ചെലവ്. ഒരു കസേരയുടെ വില 8,292രൂപ. സിഡ്കോയില്‍നിന്നാണ് കസേര വാങ്ങുന്നത്. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ മന്ത്രിമാരുടെ ഓഫിസ് കാബിനുകള്‍ പരിഷ്ക്കരിക്കുന്നതിനും പുതിയവ നിര്‍മിക്കുന്നതിനും 4,50,000 രൂപയും അനുവദിച്ചു.

വനംമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കൃഷിമന്ത്രി, ആരോഗ്യ ക്ലബ് എന്നിവയ്ക്കായാണ് പണം അനുവദിച്ചത്. ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍ തുടങ്ങിവരുടെ ഓഫിസില്‍ ചായയും ലഘുഭക്ഷണവും വാങ്ങിയ ഇനത്തില്‍ ഒക്ടോബര്‍ മാസത്തില്‍ കോഫി ഹൗസിന് നല്‍കിയത് 2,26,115 രൂപയാണ്.