പ്രതിഷേധത്തിന് സാധ്യത: ശബരിമലയിൽ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി

ശബരിമല ക്ഷേത്രത്തിൽ പതിനെട്ടാംപടി കയറുന്ന ഭക്തർ (ഫയൽ‌ ചിത്രം)

ശബരിമല∙ സന്നിധാനം മുതൽ ഇലവുങ്കൽ വരെയുളള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ 22 വരെ നീട്ടി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. യുവതീപ്രവേശത്തിനെതിരെ ഭക്തർ ശബരിമലയുടെ പലഭാഗങ്ങളിലും സംഘടിച്ചു പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി വീണ്ടും കലക്ടർക്ക് റിപ്പോർട്ട് നൽകി.

ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയുടെ നേതൃത്വത്തിൽ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച 8 പേരെ അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തിൽ ക്രമസമാധാനം നിലനിർത്താൻ മുൻകരുതലായി നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരണമെന്ന് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്സിക്യുട്ടിവ്  മജിസ്ട്രേറ്റുമാര്‍ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു നീട്ടിയതെന്ന് ഉത്തരവിൽ പറയുന്നു.