പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആർടിസി; 4051 പേർക്ക് അതിവേഗ നിയമനം

ഫയൽ ചിത്രം

തിരുവനന്തപുരം∙ എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെയുണ്ടായ പ്രതിസന്ധി മറികടക്കാൻ‌ കെഎസ്ആർടിസിയിൽ നീക്കം. അതിവേഗ നിയമനം നടത്തി സർവീസുകൾ‌ പഴയപടിയാക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. പുതിയ കണ്ടക്ടർ‌മാരെ രണ്ട് ദിവസത്തിനകം നിയമിക്കും. നിയമനം ലഭിച്ചവരോട് വ്യാഴാഴ്ച ചീഫ് ഓഫിസിലെത്താനാണു നിർദേശം നൽകിയിരിക്കുന്നത്.

4,051 പേര്‍ക്കാണ് പിഎസ്‍സി വഴി നിയമനം ലഭിച്ചിട്ടുള്ളത്. ഇവരെ ഉടൻ തന്നെ വിവിധ ജില്ലകളിലേക്കു വിന്യസിക്കും. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിലേക്കായിരിക്കും കണ്ടക്ടര്‍മാര്‍ക്കു നിയമനം ലഭിക്കുക. കണ്ടക്ടർ‌ നിയമനത്തിന് അഡ്വൈസ് മെമ്മോ നൽകിയ ഉദ്യോഗാർ‌ഥികള്‍ക്ക് ഇന്ന് തന്നെ നിയമന ഉത്തരവ് നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

കെഎസ്ആർടിസിയെ വിശ്വാസമില്ലെന്നു പറഞ്ഞ കോടതി പിഎസ്‍സി വഴി തിരഞ്ഞെടുക്കപ്പെട്ടവരെ നിയമിക്കുന്നതിൽ എന്താണു മടിയെന്നും ചോദിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 4071 എം പാനൽ ജീവനക്കാരെയാണ് കെഎസ്ആർടിസി പിരിച്ചുവിട്ടത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ 959 സർവീസുകളാണു വെട്ടിക്കുറച്ചത്.