കെഎസ്ആർടിസി അറുനൂറോളം സര്‍വീസുകള്‍ ഉപേക്ഷിക്കും; യാത്രക്കാര്‍ ദുരിതത്തില്‍

തിരുവനന്തപുരം∙ എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസിയിൽ ഗുരുതര പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. 184 സർവീസുകൾ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. ഇന്നു സംസ്ഥാനത്താകെ കുറഞ്ഞത് അറുനൂറോളം സര്‍വീസുകള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് കെഎസ്ആര്‍ടിസി വിലയിരുത്തല്‍. 

അധികഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടർമാർക്കു പ്രത്യേക ആനുകൂല്യം നൽകും. ശബരിമല സർവീസുകളെയും ഇതു ബാധിക്കും. കൂടുതൽ സർവീസുകൾ ഇനിയും നിർത്തേണ്ടിവരും. സ്ഥിര ജീവക്കാർക്ക് അവധി നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തും. നിലവിൽ അവധിയിലുള്ളവരെ അതു റദ്ദാക്കി തിരിച്ചുവിളിക്കും. പ്രശ്നങ്ങള്‍ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ മാത്രം കഴിഞ്ഞദിവസം റദ്ദാക്കിയത് 193 സര്‍വീസുകളാണ്. സ്ഥിരം കണ്ടക്ടര്‍മാര്‍ക്ക് ഉയര്‍ന്ന വേതനം വാഗ്ദാനം ചെയ്തെങ്കിലും അധിക ഡ്യൂട്ടിയെടുക്കാന്‍ മിക്കയിടത്തും ആരും തയാറായിട്ടില്ല. അതേസമയം, കൊച്ചിയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും സർവീസുകൾ കുറച്ചു. റദ്ദാക്കിയവയിൽ ഏറെയും ഓർഡിനറി ബസുകളാണ്. ദീർഘദൂര സർവീസുകളെ കാര്യമായി ബാധിച്ചില്ല. കോഴിക്കോട് – 12, കുമളി–പമ്പ – 5, എറണാകുളം – 129, കോട്ടയം – 72, കാസർകോട് – 25, തൃശൂർ – 64 എന്നിങ്ങനെയാണു സർവീസ് റദ്ദാക്കിയത്.

തിരുവനന്തപുരം ജില്ലയിലെ 23 ഡിപ്പോകളിലായി പിരിച്ചുവിടപ്പെട്ടത് 1063 എംപാനല്‍ കണ്ടക്ടര്‍മാരെയാണ്. സിറ്റി ഡിപ്പോയില്‍ മാത്രം 118 പേര്‍. കണ്ടക്ടര്‍മാരുടെ കുറവ് കാരണം തിരുവനന്തപുരം ജില്ലയില്‍ 193 സര്‍വീസുകള്‍ റദ്ദാക്കി. പാറശാലയിലും വെളളനാട്ടും 21 വീതം സര്‍വീസുകള്‍ മുടങ്ങി. മിക്ക ഡിപ്പോയിലും 15നും 20 നും ഇടയ്ക്ക് സര്‍വീസുകള്‍ ഓടിച്ചിട്ടില്ല. സ്ഥിര ജീവനക്കാരെ കൂടുതല്‍സമയം ജോലി ചെയ്യിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് യൂണിറ്റ് അധികാരികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അങ്ങനെ തയാറാകുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായ വേതനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കയിടത്തും അധികജോലി ചെയ്യാന്‍ സ്ഥിര ജീവനക്കാര്‍ തയാറായിട്ടില്ല.

ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശവും പ്രായോഗികമല്ലെന്ന് യൂണിറ്റ് അധികാരികള്‍ പറയുന്നു. സ്ഥിരമായി സര്‍വീസ് മുടങ്ങിയാല്‍ കടുത്തസാമ്പത്തിക നഷ്ടം കെഎസ്ആര്‍ടിസിക്ക് നേരിടേണ്ടിവരും. എംപാനലുകാരെയെല്ലാം പിരിച്ചുവിട്ടെങ്കിലും പിഎസ്‌സി വഴി നിയമിക്കുന്ന 4051 പേരില്‍ 250 പേര്‍ക്കേ നിയമന ഉത്തരവ് അയച്ചിട്ടുള്ളു. ഹൈക്കോടതിയില്‍ നേരിട്ടെത്തി സത്യവാങ്മൂലം സമര്‍പ്പിക്കുന്ന എംഡി ബാക്കിയുള്ളവരുടെ നിയമനത്തിന് കൂടുതല്‍ സമയം ചോദിക്കും. എംപാനലുകാരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനുകള്‍ വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.