ബൂട്ടും ഷീൽഡുമായി ശബരിമല ശ്രീകോവിലിനു തൊട്ടടുത്ത്; തെറ്റ് പറ്റിയെന്നു പൊലീസ്‌

ശബരിമലയിൽ അയ്യപ്പന്മാർ പവിത്രമായി കരുതുന്ന ശ്രീകോവിലിൽനിന്ന് ഏതാനും മീറ്റർ അകലെ മാളികപ്പുറം മേൽപ്പാലത്തിൽ ആചാരവിരുദ്ധമായി പൊലീസ് ബൂട്ടിട്ടുനിൽക്കുന്നു. ചിത്രം: അരവിന്ദ് വേണുഗോപാല്‍

ശബരിമല∙ ബൂട്ടും ബെൽറ്റും ഷീൽഡും ഹെൽമറ്റും ലാത്തിയും ധരിച്ചു ക്ഷേത്ര മേൽപ്പാലത്തിൽ പൊലീസ് കയറിയത് വിവാദത്തിൽ. ഇന്നു രാവിലെ 10.30ന് ആണ് സംഭവം. ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡേഴ്സിനു സുരക്ഷ ഒരുക്കാനാണ് ഈ വേഷത്തിൽ പൊലീസ് ഇവിടെ എത്തിയത്.

സ്വാമി ഭക്തർ പരമപവിത്രമായി കരുതുന്ന ശ്രീകോവിലിനു തൊട്ടടുത്താണ് പൊലീസ് ബൂട്ടിട്ടു കയറിയത്. അരമണിക്കൂറിലേറെ പൊലീസുകാർ ഇവിടെ നിലയുറപ്പിച്ചു. ഇതുകണ്ട ഭക്തർ പ്രതിഷേധം അറിയിച്ചിട്ടും പിന്മാറാൻ പൊലീസ് ആദ്യം തയാറായില്ല. തെറ്റുപറ്റിയതായും നടപടിയുണ്ടാകുമെന്നും ഇനി ഉണ്ടാകാതെ നോക്കുമെന്നും സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസർ ജി.ജയദേവ് പിന്നീടു പറഞ്ഞു.