പി.കെ.ശ്രീമതി, പി.ജയരാജൻ, കെ.സുധാകരൻ, അബ്ദുല്ലക്കുട്ടി; കണ്ണൂരിൽ ആരുടെ കൊടിപാറും?

കണ്ണൂർ ∙ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സൂപ്പര്‍ പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലമാകും കണ്ണൂര്‍. എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ചിരുന്ന മണ്ഡലത്തില്‍ ശബരിമല യുവതീപ്രവേശത്തിലെ നേട്ടം വോട്ടാക്കി മാറ്റാന്‍ ബിജെപിയും കളത്തിൽ സജീവമാണ്. എകെജിയെ വിജയിപ്പിച്ച് തുടങ്ങിയ കണ്ണൂർ മണ്ഡലത്തില്‍ ഏറ്റെവും കൂടുതല്‍ തവണ ജയിച്ചത് കോൺഗ്രസാണ്.

വാശിയേറിയ മൽസരത്തിൽ യുഡിഎഫിലെ കെ.സുധാകരനെ 6566 വോട്ടുകൾക്ക് തോൽപ്പിച്ചാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മണ്ഡലത്തിലെ ആദ്യ വനിതാ എംപിയുമായി പി.കെ.ശ്രീമതി കഴിഞ്ഞ തവണ ജയിച്ചു കയറിയത്. പക്ഷേ ശ്രീമതിക്ക് രണ്ടാം വട്ടവും നറുക്ക് വീഴുമോയെന്നു കണ്ടറിയണം. ജനപ്രതിനിധിയാകാൻ യോഗ്യതയുള്ള നിരവധി ഇടതുമുന്നണി നേതാക്കൾ കണ്ണൂരിന് സ്വന്തമായുണ്ട്. ജില്ലാ സെക്രട്ടറി പി.ജയരാജന് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിനുള്ള സാധ്യതയുമുണ്ട്. യുവാക്കളെ തേടിയാൽ വി.ശിവദാസനും കെ.വി.സുമേഷും മുൻനിരയിലാണ്.

നഷ്ടപ്പെടുത്തിയ സിറ്റിങ് സീറ്റ് തിരികെ പിടിക്കാൻ കെ.സുധാകരൻ എത്തുമോ? അതോ സാമുദായിക പരിഗണനകൾക്കൊപ്പം എ.പി.അബ്ദുല്ലക്കുട്ടിയെന്ന കോൺഗ്രസിന്റെ അത്ഭുതകുട്ടി അട്ടിമറിക്കെത്തുമോ? ഇനി തളിപ്പറമ്പിലെ സ്വന്തം വീട് ഡിസിസി ഓഫിസിനായി വിറ്റ് കണ്ണൂരിൽ സ്ഥിരം താമസത്തിനെത്തുന്ന പ്രസിഡന്റ് സതീശൻ പാച്ചേനി രക്ഷകനാകുമോ? അങ്ങനെ മൂന്ന് പേരുകളിലാണ് കോൺഗ്രസ് ചുറ്റി കറങ്ങുന്നത്. എന്നാൽ കോൺഗ്രസിന്റെ മുഴുവൻ വോട്ടുകളും നേടാനാകുന്ന സ്ഥാനാർഥിയെ കണ്ടെത്താൻ വിയർപ്പൊഴുക്കേണ്ടി വരും.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും തിരഞ്ഞെടുപ്പ് കേസിൽ കെ.എം.ഷാജിക്കെതിരെയുള്ള കോടതി വിധിയും പ്രചാരണ വിഷയമാക്കിയായിരിക്കും സിപിഎമ്മിന്റെ വോട്ടുപിടുത്തം. ഷുഹൈബ് കൊലപാതകം യുഡിഎഫ് വീണ്ടും ചർച്ചയ്ക്കെടുക്കുമ്പോൾ കണ്ണൂർ വിമാനത്താവള നേട്ടം സ്വന്തമാക്കാൻ ഇരുമുന്നണികളും ശ്രമിക്കും. പതിവു കൊലപാതക രാഷ്ട്രീയത്തിന് പുറമെ ശബരിമല വിഷയത്തിൽ ഊന്നിയായിരിക്കും ബിജെപിയുടെ പ്രചാരണം. വോട്ട് ശതമാനം വർധിച്ചാലും കണ്ണൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നാണു നിരീക്ഷണം.