ചെന്നൈ ഓപ്പൺ ടെന്നിസ് ഇന്നുമുതൽ; പ്രതീക്ഷയോടെ ഇന്ത്യൻ താരങ്ങൾ

ചെന്നൈ ∙ ശുഭപ്രതീക്ഷകളുടെ പുതുവർഷാരംഭത്തിൽ എടിപി ചെന്നൈ ഓപ്പൺ ടെന്നിസിന് ഇന്നു തുടക്കം. ലോകറാങ്കിങ്ങിൽ ആദ്യ അമ്പതിലുള്ള ആറു താരങ്ങൾക്കൊപ്പം ഇന്ത്യൻ ടെന്നിസിലെ പ്രമുഖരും മൽസര രംഗത്തുണ്ട്. മൂന്നുവട്ടം ചാംപ്യനായ സ്റ്റാനിസ്‌ലാവ് വാവ്റിങ്ക വരുന്നില്ലെന്നതു മാത്രമാണു ടൂർണമെന്റിന്റെ പോരായ്മകളിലൊന്ന്.

അതേസമയം, സിംഗിൾസിൽ ലോക ആറാം നമ്പർ ക്രൊയേഷ്യയുടെ മരിൻ സിലിച്ച്, സിലിച്ചിന്റെ നാട്ടുകാരനും കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുമായ ബോർന കോറിച്ച്, സ്പാനിഷ് താരങ്ങളായ റോബർട്ട ബൗറ്റിസ്റ്റ, ആൽബർട്ട് റാമോസ് വിനോലാസ് എന്നിവരുടെ സാന്നിധ്യം ചെന്നൈ ഓപ്പണിനു താരപ്പൊലിമ നൽകുന്നുമുണ്ട്.

2013 മുതൽ 2015 വരെ തുടർച്ചയായി മൂന്നു ചെന്നൈ ഓപ്പൺ കിരീടങ്ങൾ നേടിയ വാവ്റിങ്ക ഇത്തവണ ഇന്ത്യയിലേക്കില്ലെന്നു തീരുമാനിക്കുകയായിരുന്നു. തുടർന്നാണു മരിൻ സിലിച്ച് ടൂർണമെന്റിന്റെ ടോപ് സീഡായത്. പാരിസ് മാസ്റ്റേഴ്സിൽ നൊവാക് ജോക്കോവിച്ചിനെയും സിൻസിനാറ്റിയിൽ ആൻഡി മറേയെയും വീഴ്ത്തിയ ഉയരക്കാരൻ താരം കരിയറിലെ മികച്ച സ്ഥാനമായ ആറാം റാങ്കിലെത്തിയതു കഴിഞ്ഞ വർഷത്തെ ഈ തകർപ്പൻ പ്രകടനങ്ങളുടെ ബലത്തിലാണ്. 2009ലും 2010ലും ചെന്നൈ ഓപ്പൺ കിരീടം നേടിയ സിലിച്ചിന്റെ സാന്നിധ്യം കാണികളെയും ആവേശഭരിതരാക്കും.

ഇന്ത്യൻ സിംഗിൾസ് ഒന്നാം നമ്പർ താരം സാകേത് മൈനെനി, ചെന്നൈ താരം രാംകുമാർ രാമനാഥൻ തുടങ്ങിയവർക്കു ലോകടെന്നിസിൽ കുതിപ്പിനുള്ള അവസരവും ചെന്നൈ ഓപ്പൺ തുറന്നിടുന്നു. ഇരുവർക്കും പ്രധാന മൽസരങ്ങളിലേക്കു വൈൽഡ് കാർഡ് എൻട്രി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിന്റെ തുടർച്ചയാണു മൈനെനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിലേക്ക് ഇരുപത്തൊമ്പതുകാരൻ മൈനെനി യോഗ്യത നേടിയിരുന്നു. ലോക അമ്പത്തേഴാം നമ്പർ റഷ്യയുടെ മിഖായിൽ യോസ്നിയുമായാണ് ഇന്ത്യൻ താരത്തിന്റെ ആദ്യമൽസരം. തുടക്കം തന്നെ കടുത്തപോരാട്ടം വേണ്ടിവരുമെന്നു സാരം.

അതേസമയം, ചെന്നൈക്കാരൻ രാംകുമാറിന്റെ എതിരാളി ആരെന്ന് ഇതുവരെ അറിവായിട്ടില്ല. യോഗ്യതാ മൽസരം ജയിച്ചുവരുന്ന താരവുമായിട്ടാവും കളി. ‘ടെന്നിസ് എൽബോ’ മൂലം രണ്ടുവർഷത്തോളമായി കളത്തിൽ സജീവസാന്നിധ്യമാകാൻ സാധിക്കാത്ത യുകി ഭാംബ്രി പ്രതീക്ഷയോടെയാണു ചെന്നൈ ഓപ്പണിനെത്തുന്നത്. ലോകറാങ്കിങ്ങിൽ ആദ്യ നൂറിലുണ്ടായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ സ്ഥാനം അഞ്ഞൂറുകളിലാണ്. എന്നാൽ, പരുക്കിന്റെ പ്രശ്നങ്ങൾ വിട്ടുമാറിയ യുകി ഭാംബ്രിയുടെ തിരിച്ചുവരവ് ചെന്നൈയിൽ കാണാമെന്നാണു പ്രതീക്ഷ. മെയിൻ ഡ്രോയിൽ ഇടം പിടിക്കാൻ ഭാംബ്രിക്ക് ഒരു ജയം കൂടി വേണം. കാൽമുട്ടിലെ പരുക്കുമൂലം അ‍ഞ്ചുവർഷം നഷ്ടമാക്കിയ പ്രജ്നേഷ് ഗുണേശ്വരനും ഇത്തവണ പ്രതീക്ഷയുണ്ട്. ഒക്ടോബറിൽ നടന്ന പുണെ ചലഞ്ചറിൽ രണ്ടാം സ്ഥാനം നേടി തിരിച്ചുവരവു പ്രഖ്യാപിച്ച പ്രജ്നേഷിനും മെയിൻ ഡ്രോയിലെത്താൻ ഒരു ജയം കൂടി മതി.

ഡബിൾസിൽ നാലു ജോടികളാണ് ഇന്ത്യക്കായി പോരിനിറങ്ങുന്നത്. ബ്രസീൽ താരം ആന്ദ്രേ സായ്ക്കൊപ്പമാണ് ഇതിഹാസ താരം ലിയാൻഡർ പെയ്സ് കളത്തിലിറങ്ങുന്നത്. ഇന്ത്യൻ ഡേവിസ് കപ്പ് ടീമിൽനിന്നു പുറത്തായ രോഹൻ ബൊപ്പണ്ണ ചെന്നൈ താരം ജീവൻ നെടുൻചെഴിയനൊപ്പമാണു കളിക്കുക. മൈനെനിയും രാംകുമാർ രാമനാഥനും അടങ്ങുന്ന ജോടിക്കു വൈൽഡ് കാർഡ് എൻട്രിയുണ്ട്. ദേശീയ ചാംപ്യൻ വിഷ്ണു വർധൻ– എൻ ശ്രീറാം ബാലാജി സഖ്യത്തിനും വൈൽഡ് കാർഡ് എൻട്രി ലഭിച്ചിട്ടുണ്ട്.