Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരുണ്യവീട്

kannur-baithurahma കണ്ണൂർ പഴയങ്ങാടി മുട്ടത്ത് ബൈത്തുറഹ്മ വില്ലേജിലെ പത്തു വീടുകൾ

‘റഹ്മ’ എന്ന അറബിക് വാക്കിനു കാരുണ്യം എന്നർഥം. എന്നാൽ ബൈത്തുറഹ്മയിലെ ‘റഹ്മ’യ്ക്ക് ഒറ്റ അർഥം മാത്രമല്ല, ആർക്കു മുന്നിലും അടയാതെ കിടന്നൊരു ഹൃദയവാതിലിന്റെ സ്മരണയാണത്. അഭയമില്ലാത്തവരുടെ പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പുതുജീവിതത്തിന്റെയും പേരു കൂടിയാണത്. 2009 ഓഗസ്‌റ്റ് ഒന്നിനായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം. മുസ്‌ലിം ലീഗിന്റെ അധ്യക്ഷ പദവിയിലൂടെ രാഷ്‌ട്രീയവേദിയിൽ നിറഞ്ഞുനിന്ന അദ്ദേഹം മതനിരപേക്ഷ നിലപാടുകളിലൂടെ കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിനു സൗഹാർദത്തിന്റെ മുഖം പകർന്നു നൽകിയാണ് ഓർമകളുടെ വിഹായസ്സിലൊരു ചന്ദ്രക്കലയായി മറഞ്ഞത്.

ജീവിച്ചിരിക്കുമ്പോൾ കൊടപ്പനയ്ക്കൽ തറവാടിന്റെ പൂമുഖത്തിട്ട മേശയ്ക്കരികിലിരുന്ന് അദ്ദേഹം നൽകിയ സാന്ത്വനം വിയോഗാനന്തരം കാരുണ്യത്തിന്റെ വീടുകളായി മാറണമെന്നു മുസ്‌ലിം ലീഗ് തീരുമാനിച്ചു. ആ വീടുകൾക്കു മതമോ ജാതിയോ ഒന്നും പ്രശ്നമല്ല. അർഹത എന്ന ഒറ്റ മാനദണ്ഡത്തിന്റെ അടിത്തറയിലാണ് ഓരോ കാരുണ്യവീടും പണിതുയർത്തുന്നത്. ജനനായകൻ എന്ന വാക്കിന്റെ അർഥം ജീവിതം കൊണ്ടു വരച്ചിട്ട ശിഹാബ് തങ്ങളുടെ പേരിൽ ഇന്നു കേരളത്തിനകത്തും പുറത്തും അയ്യായിരത്തിലധികം കാരുണ്യവീടുകൾ തല ഉയർത്തി നിൽക്കുന്നു.

വലിയ മനുഷ്യൻ വലിയ സ്മരണ

ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ രണ്ടാം വർഷം 2011ൽ ആണ് ബൈത്തുറഹ്മ പദ്ധതിക്കു തുടക്കമാകുന്നത്. ശിഹാബ് തങ്ങൾ എന്ന വലിയമനുഷ്യന്റെ ഓർമ എക്കാലവും നിലനിർത്തുന്നതിനു പല പദ്ധതികളും മുസ്‌ലിം ലീഗ് ഭാരവാഹികളും പ്രവർത്തകരും ആലോചിച്ചെങ്കിലും തങ്ങളുടെ സ്മരണ സാധാരണക്കാരന് എക്കാലവും അഭയമാകുന്ന തരത്തിലാകണമെന്ന ചിന്തയാണ് ബൈത്തുറഹ്മ എന്ന പദ്ധതിയിലെത്തിച്ചത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി. അബ്ദുൽ ഹമീദ് സെക്രട്ടറിയുമായിരുന്ന മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ബൈത്തുറഹ്മ എന്ന പദ്ധതിക്കു രൂപം നൽകിയത്. 100 വീടുകൾ നിർമിച്ചു നൽകാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. 100 വീടുകളുടെ നിർമാണ പ്രഖ്യാപനം നടന്നതോടെ മുസ്‌ലിം ലീഗിന്റെ ലക്ഷ്യത്തിനപ്പുറത്തേക്ക് കരുണയുടെ കരങ്ങൾ നാലുപാടുനിന്നും നീളുന്നതാണ് കണ്ടത്. അങ്ങനെ 100 എന്നതു മാറ്റി ആദ്യഘട്ടത്തിൽ 151 വീടുകൾ നിർമിക്കാൻ തീരുമാനിച്ചു. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 100 പഞ്ചായത്തുകളിലും ഏഴു നഗരസഭകളിലുമായി ലീഗിന്റെ പോഷക സംഘടനകളുടെ നേതൃത്വത്തിലാണ് 151 വീടുകൾ നിർമിക്കാൻ തീരുമാനിച്ചത്. എല്ലാ വീടുകൾക്കും ഒരുപോലെയുള്ള രൂപരേഖയും നിറവും തീരുമാനിച്ചു. ബൈത്തുറഹ്മയുടെ സുന്ദരമായ നിർമിതിക്കും നിറത്തിനും ഏകതയുടെ പ്രത്യേകത വേണമെന്ന് മുസ്‌ലിം ലീഗിന് അന്നേ നിർബന്ധമുണ്ടായിരുന്നു.

muzafar-nagar-village ഉത്തർ പ്രദേശിലെ മുസഫർ നഗറിലുള്ള ശിഹാബ് തങ്ങൾ നഗർ

2012 ഓഗസ്റ്റ് അഞ്ചിന് വിശുദ്ധ റമസാനിലെ ആദ്യവെള്ളിയാഴ്ച വൈകിട്ട് 151 സ്ഥലങ്ങളിലും ഒരേസമയം കാരുണ്യവീടുകൾക്കു ശിലാസ്ഥാപനം നടത്തി. വീടിന്റെ നിർമാണം മുതൽ മുഴുവൻ ജോലികളും പൂർത്തിയാക്കി ഉടമയ്ക്കു താക്കോൽ കൈമാറുക എന്നതായിരുന്നു പദ്ധതി. വീടുകൾക്കായി ധനശേഖരണം തുടങ്ങിയതോടെ പണമായും വീടിന്റെ നിർമാണത്തിനാവശ്യമായ സാമഗ്രികളായും വീട്ടിലേക്കാവശ്യമായ ഫർണിച്ചറായും കാരുണ്യകരങ്ങൾ നീണ്ടുവന്നു. ഒരുവർഷം കൊണ്ട് 151 വീടുകളുടെയും നിർമാണം പൂർത്തിയാക്കി 2013 ഏപ്രിലിൽ വീടുകളുടെ താക്കോൽ കൈമാറി.

ആദ്യഘട്ടത്തിലെ കാരുണ്യവീടുകളുടെ ഉദ്ഘാടന ദിവസം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘ബൈത്തുറഹ്മ പദ്ധതി 151 വീടുകളിൽ അവസാനിക്കാൻ പാടില്ല. അർഹരായവർക്കെല്ലാം അഭയം നൽകുന്ന പദ്ധതിയായി എക്കാലവും ബൈത്തുറഹ്മ തുടരണം.’

അതിരുകൾ ഭേദിച്ച കാരുണ്യഭവനങ്ങൾ

ഹൈദരലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു. സംസ്ഥാന, ദേശീയ വ്യാപകമായി കാരുണ്യവീടുകൾ നിർമിക്കാൻ എല്ലാ ജില്ലാ കമ്മിറ്റികൾക്കും നിർദേശം നൽകി. അങ്ങനെ ഓരോ ജില്ലയിലും കാരുണ്യത്തിന്റെ ഭവനങ്ങൾ ഉയർന്നു. വാർഡുകളിൽ ഒന്നായും കൂട്ടമായും വീടുകൾ യാഥാർഥ്യമായി. കോഴിക്കോട്ടും കണ്ണൂരും ബൈത്തുറഹ്മ ഗ്രാമങ്ങൾ തന്നെ ഉണ്ടായി. മുസ്‌ലിം ലീഗിന്റെ വിവിധ കമ്മിറ്റികളുടെയും ലീഗിന്റെ പോഷക സംഘടനകളുടെയും കേരള മുസ്‌ലിം കൾച്ചറൽ സെന്ററിന്റെയും കീഴിൽ അന്തിയുറങ്ങാൻ കൂരയില്ലാത്തവർക്കായി അയ്യായിരത്തിലേറെ ബൈത്തുറഹ്മകൾ യാഥാർഥ്യമായി.

സംസ്ഥാന, ദേശീയ തലത്തിലേക്കു വ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലും വീടുകൾ നിർമിക്കാൻ തുടങ്ങി. ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവരെത്തേടി കാരുണ്യമെത്തി. വിവേചനവും അവകാശനിഷേധവും കാരണം ജീവനൊടുക്കിയ ഹൈദരാബാദ് സർവകലാശാലാ ഗവേഷക വിദ്യാർഥി രോഹിത് വേമുലയുടെ കുടുംബത്തിനു ബൈത്തുറഹ്മയുടെ കാരുണ്യം ലഭിക്കാനിരിക്കുന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഭവനനിർമാണവുമായി ബന്ധപ്പെട്ട നടപടികൾക്കു തുടക്കമിട്ടത്.

വിജയവാഡയിൽനിന്നു 30 കിലോമീറ്റർ അകലെ ആന്ധ്രപ്രദേശ് ഐഎഎസ് അസോസിയേഷൻ സൗജന്യമായി നൽകിയ പത്തു സെന്റ് ഭൂമിയിലാണ് 20 ലക്ഷം മുതൽമുടക്കിൽ കാരുണ്യഭവനം ഒരുങ്ങുന്നത്. രോഹിത് വേമുല ആത്മഹത്യാക്കുറിപ്പിൽ എഴുതിയ കുടുംബസംരക്ഷണ ദൗത്യമാണ് ലീഗ് ഏറ്റെടുക്കുന്നതെന്നു മുനവ്വറലി തങ്ങൾ പറയുന്നു.

വേരടർന്നുപോയവർക്ക് പുതുജീവൻ

വേരടർന്നുപോയവർക്കുള്ള പുതുജീവനാണ് ഉത്തർ പ്രദേശ് മുസഫർ നഗറിലെ ബൈത്തുറഹ്മകൾ. 2013ൽ നടന്ന വർഗീയ കലാപത്തിന്റെ ഇരകളായി മണ്ണും വീടും നഷ്ടപ്പെട്ടവർക്ക് അഭയകേന്ദ്രമായി ഈ വീടുകൾ. മുസഫർ നഗറിലും അയൽ ജില്ലകളിലും വർഗീയകലാപം എല്ലാം തകർത്തപ്പോൾ എവിടേക്കെന്നില്ലാതെ ഓടിപ്പോയവരായിരുന്നു അവരിൽ പലരും. എവിടെ പോകുമെന്നറിയാതെ അലഞ്ഞിരുന്ന കുറെ മനുഷ്യജന്മങ്ങൾ. സ്വദേശത്തും വിദേശത്തുമുള്ള കരുണ വറ്റാത്ത അനേകർ നൽകിയ ദയാവായ്പാണ് കാരുണ്യഭവനങ്ങളായി മാറിയത്.

muzafar-nagar മുസഫർ നഗറിലെ ബൈത്തുറഹ്മ വീടുകൾ

കലാപാനന്തരം 2013 സെപ്റ്റംബർ 17നു മുസ്‌ലിം ലീഗ് ദേശീയ പ്രതിനിധി സംഘം മുസഫർ നഗറിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. മുസ്‌ലിം ലീഗിന്റെ ദേശീയ പ്രസിഡന്റായിരുന്ന ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീർ എംപി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. ജന്മനാട്ടിൽനിന്ന് ആട്ടിയോടിക്കപ്പെട്ടവർക്ക് അഭയം നൽകാനുള്ള വഴികളായിരുന്നു പ്രതിനിധി സംഘം ചർച്ച ചെയ്തത്. അങ്ങനെയാണ് ബുധാന ജില്ലയിലെ മന്ത‌്‌വാഡ ഗ്രാമത്തിലെത്തുന്നത്.

മുസാഫർ നഗർ ജില്ലാ ആസ്ഥാനത്തുനിന്നു 31 കിലോമീറ്റർ ദൂരമുള്ള മന്ത‌്‌വാഡ ഗ്രാമത്തിൽ 2013ൽ 70 സെന്റാണ് മുസ്‌ലിം ലീഗ് വാങ്ങിയത്. 2014ൽ തുടങ്ങിയ നിർമാണ പ്രവർത്തനം 2017 മേയിൽ പൂർത്തിയായി. 61 കാരുണ്യവീടുകളാണ് ഇവിടെ യാഥാർഥ്യമായത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി 40 ലക്ഷം രൂപ പദ്ധതിക്കായി സ്വരൂപിച്ചു. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയും മറ്റ് അനേകം സുമനസ്സുകളും പദ്ധതിയിൽ പങ്കാളികളായി. പദ്ധതിയുടെ മുഖ്യചുമതല വഹിച്ചത് ഇ.ടി. മുഹമ്മദ് ബഷീറാണ്. കോഴിക്കോട് സലീം ഗ്രൂപ്പാണ് നിർമാണത്തിനു നേതൃത്വം നൽകിയത്.

2017 മേയ് 11നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വീടുകളുടെ സമർപ്പണം നടത്തി. മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ ഒരുക്കിയ പ്രദേശത്താണ് വീടുകൾ നിർമിച്ചിരിക്കുന്നത്. സി.എച്ച്. മുഹമ്മദ് കോയ സ്മാരക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മുസ്‌ലിം ലീഗ് നേതാക്കളായിരുന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, കെ.എം. സീതി ഹാജി, ജി.എം. ബനാത്ത്‌വാല എന്നിവരുടെ പേരുകളിൽ വിവിധ ബ്ലോക്കുകളായി ഭവനസമുച്ചയത്തെ തിരിച്ചിട്ടുണ്ട്.

മുസഫർ നഗറിലെ ബൈത്തുറഹ്മകളിൽ താമസിക്കുന്ന കുടുംബങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും യുവതലമുറയ്ക്കു മികച്ച വിദ്യാഭ്യാസം നൽകാനും പദ്ധതിയുണ്ട്. ഇതിനായി സ്കൂളുകൾ സ്ഥാപിക്കും. ഇ. അഹമ്മദിന്റെ പേരിലുള്ള സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മേയ് 11നു നടത്തി. പദ്ധതി മേഖലയിൽ കുട്ടികളെ തിരഞ്ഞെടുത്ത് വിദ്യാഭ്യാസ പരിശീലനം നേരത്തേ തുടങ്ങിയിരുന്നു. ബൈത്തുറഹ്മയുടെ സമർപ്പണത്തോടെ ഉത്തരേന്ത്യയിലെ പിന്നാക്ക മേഖലകളിൽ സാമൂഹിക പുനരുദ്ധാനം ലക്ഷ്യമിടുന്ന മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്കു കൂടിയാണ് തുടക്കമായത്.

മാനദണ്ഡം അർഹത മാത്രം

ബൈത്തുറഹ്മ എന്ന മേൽക്കൂരയ്ക്കു കീഴിൽ സ്നേഹത്തിന്റെ അഭയം ലഭിച്ചവരുടെ മാനദണ്ഡം ‘അർഹത’ എന്നതു മാത്രമാണ്. ആ വീട്ടിൽ മതത്തിനോ ജാതിക്കോ രാഷ്ട്രീയത്തിനോ സ്ഥാനമില്ല. അതുകൊണ്ടാണ് മലപ്പുറത്തെ കലക്ടറായിരുന്ന എം.സി. മോഹൻദാസ് വീടുനിർമാണത്തിനായി തനിക്കു ലഭിക്കുന്ന അപേക്ഷകളിൽ അർഹരായവരെ തിരഞ്ഞെടുത്തു വീടു നിർമാണത്തിനു മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിക്കു പേരുകൾ കൈമാറിയിരുന്നത്. രണ്ടു ബൈത്തുറഹ്മ വീടുകൾ നിർമിക്കാനായി പെരിന്തൽമണ്ണ ഏലംകുളം സ്വദേശി സുരേഷ്കുമാർ തന്റെ ഒൻപതു സെന്റ് സ്ഥലമാണ് മുസ്‌ലിം ലീഗ് കമ്മിറ്റിക്കു കൈമാറിയത്.

കാരുണ്യവീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങുന്നവരിൽ മങ്കട കരിമലയിലെ മേലേക്കുറ്റ് തങ്കച്ചനുണ്ട്. കോട്ടയ്ക്കലെ സരോജിനിയും ഷൈലജയുമുണ്ട്. വെളിയങ്കോട്ടെ കൃഷ്ണനും മോങ്ങത്തെ വേലുക്കുട്ടി ആശാരിയുമുണ്ട്. അവിവാഹിതകളായ മൂന്നു സഹോദരിമാരെയും ഭാര്യയെയും കുഞ്ഞുമക്കളെയും തനിച്ചാക്കി യാത്രയായ തൃശൂർ തളിക്കുളത്തെ നസീർ, ഓട്ടോയിലെ അവസാനത്തെ ട്രിപ്പും കഴിഞ്ഞ് പെരിന്തൽമണ്ണ ആനമങ്ങാട്ടെ വീട്ടിലേക്കു പോകുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ് സ്വന്തം കിടപ്പാടം പോലും ചികിത്സയ്ക്കുവേണ്ടി വിൽക്കേണ്ടിവന്ന സിപിഎം സഹയാത്രികനായ മണലായയിലെ സദാനന്ദൻ, സുബ്രതോ കപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള സ്വർണമെഡൽ നേടിയ മലപ്പുറം എടക്കരയിലെ സുജിത്, ലോക കിരീടമണിഞ്ഞ ഇന്ത്യൻ അന്ധ ക്രിക്കറ്റ് ടീമംഗവും കേരള ക്യാപ്റ്റനുമായ നിലമ്പൂരിലെ മുഹമ്മദ് ഫർഹാൻ... ഈ പട്ടിക നീളുകയാണ്. കരുണയുടെ തുല്യതയില്ലാത്ത കേരള മാതൃകയായി, രാഷ്ട്രീയ കക്ഷികളുടെ തലവര മാറ്റിയെഴുതിയ സ്നേഹ സന്ദേശമായി.