Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നം പൊലിഞ്ഞ നാൾ

rajiv-gandhi2 ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിലുള്ള പെയിന്റിങ്. ചിത്രങ്ങൾ: വിബി ജോബ്

*ഇരുപത്തഞ്ചു വർഷങ്ങൾക്കു മുൻപ്, 1991 മേയ് 21, രാത്രി 8.30: * തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചെന്നൈയിലെത്തി. രാത്രി 9.15: ചെന്നൈ വിമാനത്താവളത്തിൽ നിന്നു സമ്മേളന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കത്തിപ്പാറ ജംക്‌ഷനിൽ വാഹനം നിർത്തി അവിടെയുള്ള ജവാഹർലാൽ നെഹ്റു പ്രതിമയിൽ ഹാരാർപ്പണം നടത്തി. തനിക്കു ചുറ്റും തിക്കിത്തിരക്കി നിന്നിരുന്ന നൂറോളം വരുന്ന പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. രാത്രി 10.10: രാജീവ് ശ്രീപെരുംപുത്തൂരിലെത്തി, അവിടെ ഇന്ദിരാഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. രാത്രി 10.20: സമ്മേളന സ്ഥലത്തെത്തിയ രാജീവ് കാറിൽ നിന്നിറങ്ങി പ്രസംഗ വേദിയിലേക്ക് നടന്നുനീങ്ങി. അവിടെ കൈയിൽ ഹാരവുമായി ഇരുനിറമുള്ള ഒരു പെൺകുട്ടി രാജീവിനെ കാത്തുനിന്നിരുന്നു; തേൻമൊഴി രാജരത്നം അഥവാ തനു!

രാജീവ് അവസാനമായി നടന്നുനീങ്ങിയ വഴി ശ്രീപെരുംപുത്തൂരിൽ ഇന്നും അതേപടിയുണ്ട്. കല്ലുകൾ പാകിയിരിക്കുന്നുവെന്നു മാത്രം. രാജീവ് നടന്ന വഴി ചെറുതായി ചെറുതായി ഒരു നേർരേഖയാകുന്നു. ഒടുവിൽ ആ നേർരേഖ പെട്ടെന്നു നിലയ്‌ക്കുന്നു, ഒരു കല്ലിനു മുന്നിൽ. തന്റെ സ്വപ്നങ്ങളെല്ലാം രാജ്യത്തെ യുവാക്കൾക്കു കൈമാറി രാജീവ് പൊട്ടിച്ചിതറിയത് അവിടെയാണ്; ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സ്വപ്നങ്ങളുടെ ബലിക്കല്ല്.

അതിനു തൊട്ടുപിന്നിലായി ഒറ്റക്കല്ലിലുള്ള വലിയ പ്രതലത്തിൽ ചെറിയ കല്ലുകൾ ചേർത്തുവച്ചു സൃഷ്ടിച്ച രാജീവിന്റെ ചിത്രം. രാജീവിന്റെ മുഖത്തെ ഭാവം ഒറ്റനോട്ടത്തിൽ നമുക്ക് ഉൾക്കൊള്ളാനാവില്ല; ഒറ്റവാക്കിൽ പറയാനാവുമാവില്ല. എങ്കിലും ആ മുഖത്ത് എവിടെയോ ഒരു ചെറു പുഞ്ചിരി ബാക്കിയാവുന്നുണ്ടായിരിക്കണം. അതിനു മറുവശത്ത് രാജീവിന്റെ ചെറു ജീവചരിത്രം കല്ലിൽ കൊത്തിവച്ചിരിക്കുന്നു. അതിന്റെ അവസാന ഭാഗത്ത് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു– ജീവിച്ചിരുന്നതു പോലെയായിരുന്നു രാജീവിന്റെ മരണവും, മുഖത്ത് ചെറുപുഞ്ചിരിയും ഹൃദയത്തിൽ സഹാനുഭൂതിയും ബാക്കിവച്ച്.

rajiv3 ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധി സ്മാരകം. രാജീവ് അവസാന ചുവടുകൾ വച്ച സ്ഥലവും മരിച്ചുവീണ സ്ഥലവും കാണാം.

ഏഴു സ്തൂപങ്ങൾ

രാജീവ് മരിച്ചുവീണ സ്ഥലത്തിനുചുറ്റും സംരക്ഷകരെപ്പോലെ ഏഴു സ്തൂപങ്ങൾ. രാജീവ് എന്നും പിൻതുടർന്ന ഏഴ് ആദർശങ്ങളാണ് ആ ഏഴു സ്തൂപങ്ങൾ – നീതി, വിജ്ഞാനം, ത്യാഗം, ശാന്തി, സമൃദ്ധി, ധർമം, സത്യം. മഞ്ഞ നിറത്തിലുള്ള ജയ്സാൽമർ കല്ലുകൊണ്ടാണ് ഈ സ്തൂപങ്ങൾ നിർമിച്ചിട്ടുള്ളത്. ചെമ്പകപ്പൂവിന്റെ ചെറു ചിത്രങ്ങൾ കല്ലിൽ മുഴുവൻ കൊത്തിയിരിക്കുന്നു.

വർത്തുള ആകൃതിയിൽ നിർമിച്ച ഈ സ്തൂപങ്ങൾക്കു മുകളിൽ ഓരോ ആദർശത്തെയും പ്രതിനിധാനം ചെയ്യുന്ന ചിഹ്നങ്ങൾ പിച്ചളയിൽ വാർത്തെടുത്തിരിക്കുന്നു. ധർമത്തെ ധർമചക്രവും, സത്യത്തെ ബോധിവൃക്ഷവും, നീതിയെ കുടകളും, വിജ്ഞാനത്തെ നക്ഷത്രവും, ത്യാഗത്തെ അഗ്നിയും, ശാന്തിയെ താമരപ്പൂവും, സമൃദ്ധിയെ നെൽക്കതിരും അടയാളപ്പെടുത്തി.

രാജീവ് സ്മാരകത്തിന്റെ അവസാന ഭാഗത്തായി ഒരു വലിയ കൽച്ചുമര്. രാജീവിന്റെ ജീവിത വീക്ഷണത്തെ ആസ്പദമാക്കി കല്ലിൽ കൊത്തിയെടുത്ത ശിൽപങ്ങളാണ് ആ കൽച്ചുമരിനെ അലങ്കരിക്കുന്നത്. രാജ്യത്തിന്റെ വളർച്ചയ്ക്കായി രാജീവ് കണ്ട സ്വപ്നങ്ങൾ ആ ചിത്രങ്ങളിൽ നിന്നു വായിച്ചെടുക്കാം. പ്രാചീന ഇന്ത്യയിൽ നിന്ന് ആധുനിക ഇന്ത്യയിലേക്കുള്ള മുന്നേറ്റം ആ കല്ലുകളിൽ ഒരു കവിതപോലെ വിരിയുന്നു. നടുവിലായി രാജീവും, അദ്ദേഹത്തെ ആരാധനയോടെ നോക്കുന്ന ജനങ്ങളും.

മൗനമാവുന്ന ആദരം

ചെന്നൈ– ബെംഗളൂരു ഹൈവേയിലാണു ശ്രീപെരുംപുത്തൂരിലെ രാജീവ് സ്മാരകം. രാജസ്ഥാനിലെയും കർണാടകയിലെയും ക്വാറികളിൽ നിന്ന് എത്തിച്ച കല്ലുകൾ പാകിയ നടപ്പാതകൾ. മനോഹരമായ പുൽത്തകിടികളിൽ ആൽമരങ്ങളും വേപ്പുമരങ്ങളും തണലൊരുക്കുന്നു. കൊടുംചൂടിൽ ഈ തണൽ തേടി ഇടയ്ക്കിടെ പറന്നെത്തുന്ന പക്ഷികൾ. അങ്ങനെ രാജീവിന്റെ ജീവിതംപോലെയൊരു ശാന്തതയുണ്ട് ശ്രീപെരുംപുത്തൂരിലെ സ്മാരകത്തിനും. തലശ്ശേരി സ്വദേശിയായ പ്രശസ്ത ആർക്കിടെക്റ്റ് കെ.ടി.രവീന്ദ്രനാണ് രാജീവ് സ്മാരകം രൂപകൽപന ചെയ്തത്.

രാജീവ് സ്മാരകത്തിലൂടെ നടക്കുമ്പോൾ ഒരു മൗനം നമ്മെ വന്നു പൊതിയും. നീണ്ട നടപ്പാതകളിലൂടെ നടന്നു രാജീവ് മരിച്ചുവീണ സ്ഥലത്തെത്തുമ്പോൾ ആ മൗനം കൂടുതൽ കനക്കും. മരണത്തിനും ജീവിതത്തിനും ഇടയിലൂടെ രാജീവ് നടന്നത് ആ പാതയിലൂടെയാണ്; മുൻപിൽ ഹാരവും നീട്ടിപ്പിടിച്ച് മരണം കാത്തിരിക്കുന്നുണ്ടെന്നറിയാതെ. ഇടയ്ക്കിടെയെത്തുന്ന സന്ദർശകർക്കൊപ്പമുള്ള കുട്ടികളാണ് ആ മൗനം അൽപമെങ്കിലും മുറിക്കുക.

വിശാലമായ പുൽമൈതാനങ്ങളിലേക്ക് ഓടിയിറങ്ങുന്ന കുട്ടികളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടയുമെങ്കിലും അവരുടെ മുഖത്തു താക്കീതിന്റെ കർശന സ്വഭാവമില്ല. രാജീവിന്റെ മനസ്സ് അവർ തിരിച്ചറിയുന്നുണ്ടാവണം. ജനങ്ങളുടെ ആവേശം കാണുമ്പോൾ എല്ലാ സുരക്ഷാ വലയങ്ങളെയും മറികടന്ന് അവർക്കിടയിലേക്കു നടന്നെത്തുമായിരുന്നു രാജീവ്.

എനിക്കൊരു സ്വപ്നമുണ്ട്

സ്മാരകത്തിന്റെ ഏറ്റവുമൊടുവിലുള്ള കൽച്ചുമരുകൾ കടന്ന് പുറത്തേക്കു നടക്കുമ്പോൾ വലിയ കല്ലിൽ രാജീവിന്റെ വാക്കുകൾ കൊത്തിവച്ചിരിക്കുന്നു– ‘ഇന്ത്യ പ്രാചീനമായൊരു ദേശമാണ്; ഒരു യുവ രാഷ്ട്രവും. ഞാനൊരു യുവാവാണ്. എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുൻനിരയിൽ, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം.’

1991 മേയ് 21, രാത്രി 10.20: ശ്രീപെരുംപുത്തൂരിലെ പ്രസംഗവേദിയിലേക്ക് രാജീവ് നടന്നുകൊണ്ടേയിരിക്കുന്നു. ജനങ്ങളുടെ ആവേശത്തിൽ സുരക്ഷാ മതിലുകൾ അലിഞ്ഞില്ലാതായി. കോൺഗ്രസ് പ്രവർത്തകയുടെ മകളായ കോകിലവാണി ഹിന്ദിയിൽ കവിത ചൊല്ലിയപ്പോൾ ഒരു നിമിഷം രാജീവ് അവിടെ നിന്നു. ആ സമയം കൈയിലൊരു പൂമാലയുമായി തനു രാജീവിനടുത്തെത്തി.

രാജീവിന് ആ പൂമാല സമ്മാനിച്ചശേഷം കാൽതൊട്ടു വന്ദിക്കാനായി തനു കുനിഞ്ഞു, മനുഷ്യ ബോംബായി പൊട്ടിച്ചിതറി; ഒപ്പം, ചിതറിത്തെറിച്ചത് ഇന്ത്യ കണ്ട സ്വപ്നമായിരുന്നു; ഇന്ത്യയ്ക്കായി സ്വപ്നം കണ്ട നേതാവാണ്. ഒരു രാജ്യം മുഴുവൻ ഒരു നിമിഷംകൊണ്ടു മൗനമായി. അന്നത്തെ രാത്രിക്കു പതിവിലേറെ ഇരുട്ടുണ്ടായിരുന്നു. ഒരു നിമിഷംകൊണ്ടു രാജ്യമാകെ വ്യാപിച്ച കറുത്ത നിറം.

വികസനത്തിന്റെ സ്വപ്നഭൂമി

രാജീവ് വധത്തോടെയാണു ശ്രീപെരുംപുത്തൂർ എന്ന ഗ്രാമത്തെ ലോകമറിഞ്ഞത്. ശ്രീപെരുംപുത്തൂർ ഇന്നൊരു ഗ്രാമമല്ല, വ്യവസായ ടൗൺഷിപ്പാണ്. ലോകത്തെതന്നെ എണ്ണപ്പെട്ട കാർ നിർമാതാക്കൾ, പ്രമുഖ മൊബൈൽ ഫോൺ കമ്പനികൾ തുടങ്ങി ഒട്ടേറെ വ്യവസായങ്ങൾ ഇന്നു ശ്രീപെരുംപുത്തൂരിലുണ്ട്. പ്രമുഖ മൊബൈൽ കമ്പനിയായ നോക്കിയ രണ്ടു വർഷം മുൻപു പ്രവർത്തനം നിർത്തിയതു മാത്രമാണ് അപവാദം. 1995ലാണു ഹ്യുണ്ടായ് ശ്രീപെരുംപുത്തൂരിലെത്തുന്നത്.

ഇന്നു പതിനായിരം പേർക്കു നേരിട്ടും ഒരു ലക്ഷത്തോളം പേർക്കു പരോക്ഷമായും ജോലി നൽകുന്ന കമ്പനിയാണിത്. പിന്നാലെ ജനറൽ മോട്ടോഴ്‌സ്, ഫോർഡ്, മിത്‌സുബിഷി, ബിഎംഡബ്ല്യു, നിസാൻ തുടങ്ങി ലോകത്തെ പ്രധാന വാഹനക്കമ്പനികളെല്ലാം ശ്രീപെരുംപുത്തൂരിൽ ഉൽപ്പാദനശാല തുടങ്ങി. തമിഴ്‌നാട് വ്യവസായ വികസന കോർപറേഷൻ ശ്രീപെരുംപുത്തൂരിൽ പ്രത്യേക സാമ്പത്തിക മേഖലയും.

യുവത്വ വികസനത്തിന് ആർജിഎൻഐവൈഡി

രാജ്യത്തെ യുവാക്കളിൽ നേതൃപാടവം വികസിപ്പിക്കാൻ വേണ്ടി ആരംഭിച്ച രാജീവ്ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റ് (ആർജിഎൻഐവൈഡി) ശ്രീപെരുംപുത്തൂരിലാണു പ്രവർത്തിക്കുന്നത്. യുവജനക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആർജിഎൻഐവൈഡി ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ പട്ടികയിലുൾപ്പെട്ടതാണ്.

സാമൂഹികസേവന രംഗത്തു പ്രവർത്തിക്കാൻ താൽപര്യമുള്ള യുവാക്കൾക്കു ബിരുദാനന്തര ബിരുദ തലത്തിലുള്ള കോഴ്സുകളാണ് ഇവിടെയുള്ളത്. ശ്രീപെരുംപുത്തൂരിലെ 42 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥാപനം ആരംഭിച്ചത് 1993ലാണ്.

indira ശ്രീപെരുംപുത്തൂരിലെ ഇന്ദിരാഗാന്ധിയുടെ പ്രതിമ.

അമ്മയുടെ കണ്ണീർ

രാജീവ് സ്മാരകത്തിന് അഭിമുഖമായി ദേശീയപാതയിൽ ഇന്ദിരാഗാന്ധി പ്രതിമ കാണാം. മകൻ മണ്ണിൽ ലയിച്ചുചേരുന്നതിനു സാക്ഷിയായിരുന്നു അമ്മയുടെ പ്രതിമ. 1988 നവംബർ 12നാണു രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരിൽ ഇന്ദിരയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. മരണ ദിവസവും ഈ പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷമാണ് രാജീവ് സമ്മേളന സ്ഥലത്തെത്തിയതും. മകന്റെ സ്മാരകത്തിലേക്കു നീളുന്ന കണ്ണുകളുമായാണ് ഇപ്പോഴും അവിടെ ഇന്ദിര നിൽക്കുന്നത്.

രാമാനുജാചാര്യന്റെ ജന്മസ്ഥലം

രാജീവ് ഗാന്ധി മരിച്ച സ്ഥലമെന്ന പേരിൽ ലോക ശ്രദ്ധയിൽ എത്തുന്നതിനു മുൻപു വേദശാസ്ത്ര പണ്ഡിതനും തത്ത്വജ്ഞാനിയുമായ ശ്രീ രാമാനുജാചാര്യന്റെ ജന്മസ്ഥലമെന്ന പേരിൽ പ്രസിദ്ധമായിരുന്നു ശ്രീപെരുംപുത്തൂർ. ചെന്നൈ– ബെംഗളൂരു ദേശീയപാതയിൽ നിന്നു നോക്കിയാൽ രാമാനുജാചാര്യന്റെ ജൻമസ്ഥലത്തേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള കവാടം കാണാം.

sri-perumbuthur ശ്രീപെരുംപുത്തൂരിൽ രാമാനുജാചാര്യന്റെ ജന്മസ്ഥലമെന്നു സൂചിപ്പിക്കുന്ന കവാടം.

1017–1137 കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാമാനുജാചാര്യർ വൈഷ്ണവ സന്യാസിമാരിൽ പ്രധാനിയാണ്. ഭക്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്വശാസ്ത്രപരമായ വിശകലനങ്ങൾ രാജ്യത്തെ ഭക്തിപ്രസ്ഥാനത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

അവർ ഇപ്പോഴും ജയിലിൽ

രാജീവ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നാം പ്രതി നളിനി, രണ്ടാം പ്രതി ശാന്തൻ, മൂന്നാം പ്രതി മുരുകൻ, ഒൻപതാം പ്രതി റോബർട്ട് പയസ്, പത്താം പ്രതി ജയകുമാർ, 16–ാം പ്രതി പി.ആർ.രവിചന്ദ്രൻ, 18–ാം പ്രതി പേരറിവാളൻ എന്നിവരാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്. കേസിലെ പ്രധാന പ്രതികളെന്നു കരുതുന്ന ശിവരശൻ, ശുഭ എന്നിവർ 1991 ഓഗസ്റ്റ് 20നു ബെംഗളൂരുവിൽ ജീവനൊടുക്കിയിരുന്നു.

സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ 26 പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ എല്ലാവരെയും 1998ൽ ടാഡ കോടതി വധശിക്ഷയ്ക്കു വിധിച്ചു. എന്നാൽ, പ്രതികളുടെ അപ്പീലിൽ സുപ്രീം കോടതി 1999ൽ 19 പേരെ വിട്ടയച്ചു. നളിനി, ശാന്തൻ, മുരുകൻ, പേരറിവാളൻ എന്നിവരുടെ വധശിക്ഷ ശരിവച്ചു. മറ്റു മൂന്നു പേരുടെ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. 2000ൽ തമിഴ്നാട് ഗവർണർ നളിനിയുടെ വധശിക്ഷയും ജീവപര്യന്തമായി കുറച്ചു.

ദയാഹർജിയിൽ തീർപ്പുകൽപ്പിക്കാനെടുത്ത കാലതാമസം പരിഗണിച്ചു സുപ്രീം കോടതി മറ്റുള്ളവരുടെയും ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്‌തു. ഇതേത്തുടർന്ന്, 24 വർഷത്തോളം തടവു പൂർത്തിയാക്കിയ ഇവരെ ജയിൽ മോചിതരാക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല.

Your Rating: