Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവത്തിനെഴുതിയ കത്തുകൾ

the-letters-image-03

‘സ്നേഹിക്കാനാരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ. അതാണ് ഒരു മനുഷ്യന് ഈ ലോകത്തിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വേദന...’ തൊട്ടുമുന്നിൽ കിടന്നിരുന്ന ദുർബലമായ മനുഷ്യശരീരത്തെ ശുശ്രൂഷിക്കുമ്പോൾ ആരോടെന്നില്ലാതെയാണ് അവരുടെ ചുണ്ടുകളിൽ ആ വാക്കുകൾ വിടർന്നത്. വിശക്കുന്നവരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ഉടുതുണിക്കു മറുതുണിയില്ലാത്തവരെയും കുരുന്നുകളെയുമെല്ലാം സ്നേഹത്തിന്റെ കൈത്തലങ്ങളാൽ പരിചരിച്ച് ആശ്വസിപ്പിക്കുക എന്ന നിയോഗവുമായി ദൈവം ഭൂമിയിലേക്കയച്ച അമ്മമാലാഖയായിരുന്നു അത്- മദർ തെരേസ. സംഭവബഹുലമായിരുന്നു ആ ജീവിതം; ശരിക്കും ഒരു സിനിമ പോലെത്തന്നെ.

ഇന്ത്യക്കാരിയായി ജീവിച്ച മദറിന്റെ കഥ ഒരു മുഴുനീള ചിത്രമായി വെള്ളിത്തിരയിൽ തെളിയാൻ 2014 വരെ കാത്തിരിക്കേണ്ടി വന്നു. അതുവരെയിറങ്ങിയതിലേറെയും ടെലിവിഷൻ സീരീസുകളും ഡോക്യുമെന്ററികളുമായിരുന്നു. കാത്തിരുന്ന് സിനിമ വന്നപ്പോഴാകട്ടെ അതിന്റെ കഥപറച്ചിലിന് സംവിധായകൻ വില്യം റീഡ് ഉപയോഗിച്ചത് അതുവരെ അധികമാരും പറയാനോ പഠിക്കാനോ ശ്രമിക്കാത്ത മദറിന്റെ ജീവിതവും. തന്റെ ആധ്യാത്മിക ഉപദേഷ്ടാവായിരുന്നു ഫാദർ സെലെസ്റ്റ് വാൻ എക്സെമിന് അരപ്പതിറ്റാണ്ടുകാലത്തിനിടെ മദർ തെരേസ അയച്ച കത്തുകളിലൂടെയായിരുന്നു ആ സിനിമായാത്ര. മദറിന്റെ ജീവിതമായിരുന്നു ആ കത്തുകൾ; അതിനാൽത്തന്നെ സിനിമയുടെ പേരും മറ്റൊന്നല്ല - ‘ദ് ലെറ്റേഴ്സ്’. തിരഞ്ഞെടുക്കപ്പെട്ട കത്തുകളുമായി 2007ലിറങ്ങിയ ‘Mother Teresa: Come Be My Light’ എന്ന പുസ്തകത്തെ ആധാരമാക്കിയായിരുന്നു റീഡ് ചിത്രമൊരുക്കിയത്.

ഇന്ത്യയിലേക്ക് ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി വന്ന ഒരു പുരോഹിതനിൽ നിന്നാണ് ആദ്യമായി ആഗ്നസ്(ആദ്യകാല പേര്) ഇന്ത്യയെക്കുറിച്ച് കേൾക്കുന്നത്. കഷ്ടപ്പാടുകളുടെയും ജാതി-മത വിഭാഗീയതയുടെയും കഥകളായിരുന്നു അതിലേറെയും. അന്നേ മനസ്സിൽ കുറിച്ചിട്ടു-അവസരം കിട്ടുമ്പോൾ ഇന്ത്യയിലേക്കു പോകണം, പാവങ്ങളെ സഹായിക്കണം. ദൈവവും ആ പ്രാർഥന കേട്ടിരിക്കണം. ആഗ്നസ് അധ്യാപികയായി ഇന്ത്യയിലെത്തി. കൊൽക്കത്തയിലെ കോൺവെന്റിന്റെ കനത്ത ചുമരുകൾക്കും എപ്പോഴും അടച്ചിട്ട വാതിലിനും അപ്പുറത്തേക്കു പക്ഷേ പോകാൻ അനുവാദമുണ്ടായിരുന്നില്ല. അതിനിടെ തന്റെ വിദ്യാർഥിനികളിലൊരാളിൽ നിന്നാണ് പുറത്തെ ദുരിതങ്ങളെക്കുറിച്ചറിയുന്നത്. 1946ലാണത്. ‘മദർ ഇവർക്കിടയിൽ നിന്നും പോകൂ... പട്ടിണിയുടെയും കലാപത്തിന്റെയും ദുരിതങ്ങളിൽപ്പെട്ട് വലഞ്ഞിരിക്കുകയാണിവർ. പലരും അക്രമാസക്തർ. ഇതൊരിക്കലും നിങ്ങൾക്കൊരു സുരക്ഷിതസ്ഥാനമല്ല...’ എല്ലാം സസൂക്ഷ്മം കേട്ട തെരേസ പട്ടിണിക്കോലങ്ങൾക്കും കലാപത്തീയ്ക്കും ഇടയിലൂടെ കൂനിക്കൂടി നടന്നു. അതിനിടെ ആലോചിച്ചു, ആ പാവങ്ങളെ സഹായിക്കണം, അതിനുപക്ഷേ കോൺവന്റിന്റെ ചുമരുകൾ ഭേദിച്ചേ മതിയാകൂ. മദർ സുപ്പീരിയറിനോട് അനുവാദം ചോദിച്ചു - സമ്മതിക്കില്ലെന്നായിരുന്നു മറുപടി. പക്ഷേ ‘ഈ ദുരിതങ്ങളെല്ലാം അറിഞ്ഞ് എനിക്കിങ്ങനെ ഇരിക്കാനാകില്ല. എന്തെങ്കിലും ചെയ്തേ മതിയാകൂ...’ നിലപാടിൽ ഉറച്ചു നിന്നു മദർ തെരേസ. വൈകാതെ തന്നെ ലൊറേറ്റോ സഭ വിടാനും തീരുമാനിച്ചു.

1950 ഒക്ടോബറിൽ കൊൽക്കത്താ രൂപതയ്ക്കു കീഴിൽ പുതിയ സന്യാസിനീസഭ ആരംഭിക്കാൻ വത്തിക്കാൻ തെരേസയ്ക്ക് അനുവാദം നൽകി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ തുടക്കം അവിടെ നിന്നായിരുന്നു; മദറിന് ജീവിതത്തിൽ നേരിടേണ്ടി വന്ന ഏറ്റവും ദുരിതം നിറഞ്ഞ കാലത്തിന്റെയും. കൊൽക്കത്തയിലെ ജനങ്ങൾ സംശയത്തോടെയാണ് മദറിനെ ആദ്യം കണ്ടത്. ശുഭ്രവസ്ത്രധാരിയായ ആ പാവത്തിന് പലപ്പോഴും പറയേണ്ടി വന്നു-‘ഞാൻ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനാണു ശ്രമിക്കുന്നത്, നശിപ്പിക്കാനല്ല’ പക്ഷേ മാതാപിതാക്കളും ഗ്രാമത്തിലെ മറ്റുള്ളവരുമെല്ലാം പറഞ്ഞു ‘അല്ല, നിങ്ങൾ ഞങ്ങളെ മതംമാറ്റാൻ വന്നതാണ്...’ അവർക്കു മുന്നിൽ കൈകൂപ്പി നിന്ന് നിശബ്ദയായി യാത്ര തുടരുകയായിരുന്നു മദർ.

ഒരിക്കൽ തള്ളിപ്പറഞ്ഞവർ തന്നെ പിന്നീട് അവരുടെ മുന്നിൽ കണ്ണീർ പ്രണാമവുമായി വരുന്നതും കാണാം ‘ദ് ലെറ്റേഴ്സി’ൽ. ഇങ്ങനെ 36-ാം വയസ്സിലെ കൊൽക്കത്തയിലെ കലാപകാലം മുതൽ എഴുപതാം വയസ്സിൽ സമാധാനത്തിന്റെ നൊബേൽ സമ്മാനം നേടുന്നതുവരെയുള്ള കഥയാണ് ഈ ഹോളിവുഡ് ചിത്രം പറഞ്ഞത്. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു മുൻപ് മദറിനെപ്പറ്റിയുള്ള വിവരങ്ങളറിയാൻ വന്ന വത്തിക്കാൻ പുരോഹിതന് വാൻ എക്സെം നൽകുന്ന കത്തുകളിലൂടെയാണ് സിനിമയുടെ പ്രയാണം. ദൈവത്തോടുള്ള മദറിന്റെ ഏകാന്തകലഹം മുതൽ ഇന്ത്യ വിട്ടു പോകണമെന്ന ഒരു മതവിഭാഗത്തിന്റെ ആക്രോശം വരെ കാണാം, കേൾക്കാം ‘ദ് ലെറ്റേഴ്സിൽ’. പക്ഷേ ആരു പറയുന്നതും കേൾക്കുന്നില്ല മദർ. ‘ദൈവത്തിന്റെ ആജ്ഞ മാത്രമേ ഞാൻ പാലിക്കുകയുള്ളൂ’ എന്നായിരുന്നു ശാന്തമായ മറുപടി.

ജൂലിയറ്റ് സ്റ്റീവൻസനാണ് ചിത്രത്തിൽ മദർ തെരേസയായെത്തിയത്. ‘ഞാനൊരു ഇതിഹാസത്തിന്റെ വേഷമല്ല ഇതിലഭിനയിച്ചത്. മനുഷ്യനെപ്പോലെ ശ്വസിക്കുകയും ചിരിക്കുകയും കരയുകയുമെല്ലാം ചെയ്ത ഒരു വനിതയുടേതായിരുന്നു..’ എന്നാണ് തന്റെ വേഷത്തെപ്പറ്റി ജൂലിയറ്റ് ഒരിക്കൽ പറഞ്ഞത്. വത്തിക്കാനിൽ നടന്ന രാജ്യാന്തര കാത്തലിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കും സംവിധായകനുമെല്ലാമുള്ള പുരസ്കാരം ‘ദ് ലെറ്റേഴ്സി’നായിരുന്നു.

കേരളത്തിലേക്കും വരുന്നു ‘മദർ’ ചിത്രങ്ങൾ

മൂന്ന് ലോക പ്രീമിയറുകൾ ഉൾപ്പെടെയായിരുന്നു ഇത്തവണ കൊൽക്കത്തയിൽ മദർ തെരേസ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. 26 മുതൽ 29 വരെ നടന്ന മേളയിലാകെ നിറഞ്ഞു നിന്നത് മദറിന്റെ ജീവിതം മാത്രം. ഡോക്യുമെന്ററികളായിരുന്നു ഏറെ-മദർ തെരേസ ആൻഡ് മി, ലവ് ടിൽ ഇറ്റ് ഹർട്സ്, മദർ തെരേസ: ആൻ അൺഎക്സ്പെക്റ്റഡ് എൻകൗണ്ടർ, നിർമൽ ഹൃദയ്, ഇൻ ദ് നെയിം ഓഫ് ഗോഡ്സ് പുവർ, സംതിങ് ബ്യൂട്ടിഫുൾ ഫോർ ഗോഡ്, മദർ തെരേസ-ദ് ലെഗസി, ദ് മേക്കിങ് ഓഫ് എ സെയിന്റ്, ഫ്രം സെയിന്റ് ടു സെയിന്റ്ഹുഡ്, ഓൾ ഫോർ ഗോഡ്സ് ലവ്...ഇങ്ങനെ ഇന്ത്യ, യുഎസ്, കാനഡ, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയയിടങ്ങളിൽ നിന്നുള്ള ഇരുപതിലേറെ ചിത്രങ്ങൾ. കേരളത്തിലും വരുംമാസങ്ങളിൽ ഈ ചിത്രങ്ങൾ സൗജന്യ പ്രദർശനത്തിനെത്തിക്കുന്നുണ്ട്.

Your Rating: