Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത കുടിയേറ്റം: 52 ഇന്ത്യക്കാർ യുഎസിൽ തടവിൽ

വാഷിങ്ടൻ ∙ അനധികൃതമായി യുഎസിലേക്കു കുടിയേറാൻ ശ്രമിച്ചു പിടിയിലായി തടവിലാക്കപ്പെട്ടവരിൽ 52 ഇന്ത്യക്കാരും. ഭൂരിഭാഗവും സിഖുകാരും ക്രിസ്ത്യാനികളുമാണ്. യുഎസ് സംസ്ഥാനമായ ഓറിഗനിലെ ഷെറിഡനിലുള്ള കേന്ദ്രത്തിൽ തടവിലുള്ള 123 അനധികൃത കുടിയേറ്റക്കാർക്കൊപ്പമാണ് ഇവരുള്ളത്. ഈ കേന്ദ്രം ഈയിടെ ഡെമോക്രാറ്റ് ജനപ്രതിനിധികൾ സന്ദർശിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന യുഎസ് കോൺഗ്രസ് അംഗം സൂസന്ന ബോനാമിച്ചിയാണ് ഇന്ത്യക്കാരുടെ വിവരം പുറത്തുവിട്ടത്.

‘ഇന്ത്യയിൽ പീഡനം അനുഭവിക്കുന്നതുകൊണ്ടു യുഎസിൽ അഭയം തേടിയെത്തിയതാണ്’ എന്ന് ഇവർ പറഞ്ഞതായി സൂസൻ പറയുന്നു. പഞ്ചാബി പരിഭാഷകർ വഴിയാണ് ഇവരോടു സംസാരിച്ചത്. ദിവസത്തിലെ 22 മണിക്കൂറോളം ചെറിയ സെല്ലുകൾക്കുള്ളിലാണ് ഇവരെ അടച്ചിരിക്കുന്നതെന്നു ജനപ്രതിനിധികൾ പറഞ്ഞു. ഇതിനിടെ, അഭയാർഥികളോടുള്ള യുഎസ് ഭരണകൂടത്തിന്റെ വിട്ടുവീഴ്ചയില്ലാ നയത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. കുട്ടികളെയും മാതാപിതാക്കളെയും വെവ്വേറെ തടവിലാക്കുന്നതു വ്യാപക പ്രതിഷേധമുയർത്തിയിട്ടുണ്ട്.

ശിശുകേന്ദ്രങ്ങളിലെ കുട്ടികളുടെ ചിത്രങ്ങൾ ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. ട്രംപിന്റെ നയത്തോടുള്ള എതിർപ്പു കാരണം മെക്സിക്കോ അതിർത്തിയിൽ വിന്യസിക്കുന്നതിനു സംസ്ഥാന സൈനികരെ വിട്ടുകൊടുക്കാൻ നാലു യുഎസ് സംസ്ഥാനങ്ങൾ വിസമ്മതിച്ചു. കൊളറാഡോ, ന്യൂയോർക്ക് സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് പാ‍ർട്ടിക്കാരായ ഗവർണർമാരും മേരിലാൻഡിലെയും മാസച്യുസിറ്റ്സിലെയും റിപ്പബ്ലിക്കൻ ഗവർണർമാരുമാണ് പ്രതിഷേധം പരസ്യമാക്കി നിലപാടു സ്വീകരിച്ചത്.

യുഎസിലെ വിവിധ കേന്ദ്രങ്ങളിലായി 1600 കുടിയേറ്റക്കാരെയാണു തടവിൽ പാർപ്പിച്ചിട്ടുള്ളത്. 2000 കുട്ടികളും ശിശുസംരക്ഷണ കേന്ദ്രങ്ങളിലുണ്ട്. ഇന്ത്യയ്ക്കു പുറമേ ബംഗ്ലദേശ്, ബ്രസീൽ, കാമറൂൺ, ചൈന, എൽ സാൽവദോർ, ഗ്വാട്ടിമാല, ഹോണ്ടുറസ്, മെക്സിക്കോ, നേപ്പാൾ, പെറു, റഷ്യ, കോംഗോ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണു കൂടുതലും. ഇതിനിടെ, അഭയാർഥി പ്രശ്നം യൂറോപ്യൻ രാജ്യങ്ങൾ ഞായറാഴ്ച ചർച്ച നടത്തും.

യുഎസ്: അഭയാർഥികളുടെ സ്വപ്നഭൂമി

ഏറ്റവും കൂടുതൽ അഭയാർഥികൾ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന വികസിത രാജ്യം യുഎസ്. 2017ലെ കണക്കുപ്രകാരമാണിത്. 2013 മുതൽ ജർമനിയായിരുന്നു മുന്നിൽ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡവലപ്മെന്റിന്റെ റിപ്പോർട്ടിലാണ് ഈ വിവരം. അഭയം തേടിയുള്ള 2017ലെ അപേക്ഷകളുടെ എണ്ണം: യുഎസ്: 3,30,000 ജർമനി: 1,98,000 ഇറ്റലി: 1,27,000 തുർക്കി: 1,24,000 ഫ്രാൻസ്: 91,000