Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കൻ വില കുതിക്കുന്നു...ഒരാഴ്ച കൊണ്ടു കൂടിയത് 100 രൂപയിലേറെ!

US-RUSSIA'-BAN-ON-US-AGRICULTURAL-IMPORTS-TO-AFFECT-US-FOOD-INDU

ഒരാഴ്ച കൊണ്ടു ചിക്കൻ ‘ബീഫിനെപ്പോലെ’ വളർന്നതിനെക്കുറിച്ചാണു കേരളത്തിലെ തീൻമേശകളിലെ എരിവുള്ള സംസാരം. കഴിഞ്ഞ ആഴ്ചയുടെ തുടക്കംവരെ കിലോഗ്രാമിനു 100 - 110 രൂപ വിലയുണ്ടായിരുന്ന ബ്രോയിലർ കോഴിയിറച്ചി വില നഗരമേഖലകളിൽ പറന്നുകയറിയത് 220 – 240 രൂപയിലേക്ക് ! ഒരാഴ്ച കൊണ്ടു വർധിച്ചതു 100 രൂപയിലേറെ. മുഴുവൻ കോഴിക്കു കിലോഗ്രാമിനു വില 145 – 160 രൂപ. 

ഓഗസ്റ്റിലെ മഹാപ്രളയത്തിൽ കേരളത്തിലെ പൗൾട്രി ഫാമുകൾ നശിച്ചിരുന്നു. പിന്നീട്, ആവശ്യം പതിയെ ഉയർന്നെങ്കിലും ഉൽപാദനം ആനുപാതികമായി ഉയർന്നില്ല. ഈ സാഹചര്യം തമിഴ്നാട്ടിലെ ഉൽപാദകരും വൻകിട ഫാം കമ്പനികളും ചൂഷണം ചെയ്യുകയാണെന്നാണ് ആക്ഷേപം.  ആഴ്ചയിൽ 1 കോടി കിലോഗ്രാം കോഴിയിറച്ചിയാണു കേരളം അകത്താക്കുന്നതെന്നാണ് ഏകദേശ കണക്ക്. തമിഴ്നാട്ടിലെ നാമക്കൽ, പൊള്ളാച്ചി മേഖലകളിലെ ഫാമുകളാണു കേരളത്തിലെ കോഴിവിപണിയുടെ 60% കയ്യാളുന്നത്. നാമക്കൽ ലോബിയും ഇടനിലക്കാരും വിചാരിച്ചാൽ വിപണിയെ അവരുടെ താൽപര്യം പോലെ സ്വാധീനിക്കാൻ കഴിയുമെന്നതാണു സ്ഥിതി. 

കാരണം കമ്പനിപ്പോര്

ഇറച്ചിക്കോഴി വില കുതിച്ചുയർന്നതിനു പിന്നിൽ കോഴിക്കമ്പനികളുടെ പോര്. ഉത്തരേന്ത്യൻ ഉത്സവ വിപണിയിൽ കോഴി വില വീണ്ടെടുക്കുന്നതിനു വേണ്ടി കമ്പനികൾ മൂന്നാഴ്ച മുമ്പ് ഉത്പാദനം നിർത്തിവച്ചു. വിപണിയിൽ ലഭ്യത കുറഞ്ഞതോടെ കോഴിവില കുതിച്ചു. മുൻ വർഷങ്ങളിൽ ഹാച്ചറികളിലെ കോഴിമുട്ട പൊട്ടിച്ചുകളഞ്ഞ് ഉത്പാദനം കുറയ്ക്കുന്ന കമ്പനികൾ ഇക്കുറി, വിരിയിക്കാൻ ബംഗാളിൽനിന്നു മുട്ട വാങ്ങന്നതു നിർത്തിവയ്ക്കുകയായിരുന്നു.

അടുത്ത കാലം വരെ ഇന്ത്യൻ ഇറച്ചിക്കോഴി വിപണിയിൽ വെങ്കിടേശ്വര ഹാച്ചറിക്കായിരുന്നു മേൽക്കൈ. എന്നാൽ അടുത്തകാലത്ത് എവിജയൻ, സുഗുണ, ശാന്തി, എസ്കെഎം എന്നീ കമ്പനികളും രംഗത്തെത്തി. വെങ്കടേശ്വരയുടെ ഇറച്ചിക്കോഴി ഇനമായ കോബും മറ്റു കമ്പനികളുടെ റോസ്, ആർബറേക്കർ, എഫ് 25, എബി 95 എന്നീ ഇനങ്ങളും തമ്മിൽ നേരിട്ടു മത്സരമായി. ഇറച്ചിക്കോഴി മുട്ടയുടെ വില 40 രൂപയിൽ നിന്നു 15 രൂപയായി താഴ്ന്നു. മുട്ടവിലയും കോഴിവിലയും താഴ്ത്തി കമ്പനികൾ മത്സരിച്ചു. 

കർഷകർ പുതിയ ഇനങ്ങൾ പരീക്ഷിച്ചുതുടങ്ങിയെങ്കിലും ഇന്ത്യൻ കാലാവസ്ഥയുമായി പൂർണമായി യോജിക്കാത്തതിനാൽ പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല. കർഷകർ വീണ്ടും പഴയ ഇനങ്ങളിലേക്കു തിരിഞ്ഞു. ഈ സാഹചര്യം മുതലാക്കി പഴയ കമ്പനികൾ മുട്ട ഉത്പാദനം കുറച്ചു. ഇതിനിടെ ഉത്തരേന്ത്യയിൽ ഉത്സവ കാലത്ത് ആവശ്യക്കാർ ഏറി. വിപണിയിൽ ലഭ്യത കുറഞ്ഞതോടെ മൂന്നാഴ്ചകൊണ്ടു കോഴിവില പറന്നുകയറി.

വില കൂട്ടില്ലെന്നു ഹോട്ടൽ ഉടമകൾ

സെപ്റ്റംബറിൽ ശരാശരി 85 - 90 രൂപയായിരുന്നു ചിക്കൻ വില. നോക്കിനിൽക്കെ ചിക്കനു വില കൂടിയെങ്കിലും ഭക്ഷണവില വർധിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. വില ഉടൻ കുറയുമെന്നാണു പ്രതീക്ഷയെന്നു സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ട്രഷറർ കെ.പി. ബാലകൃഷ്ണ പൊതുവാളും പറഞ്ഞു.