യുവെന്റസ്‍ എഫ്സി അഥവാ ഇറ്റലിയുടെ ‘വെളുപ്പും കറുപ്പും’

ക്ലബ് ഫുട്ബോളിൽ ഏതാൾക്കൂട്ടത്തിലാണെങ്കിലും തിരിച്ചറിയപ്പെടുന്ന ജഴ്സി ഏതായിരിക്കും? റയൽ മഡ്രിഡ്, എസി മിലാൻ, ബാർസിലോന എന്നെല്ലാം മനസ്സിലെത്താമെങ്കിലും അവസാനം ശേഷിക്കുന്നത് യുവെന്റസിന്റെ വെളുപ്പും കറുപ്പും വരകളുള്ള ജഴ്സിയായിരിക്കും. ഇറ്റാലിയൻ ഫുട്ബോളിന്റെ ആഭിജാത്യം വിളിച്ചോതുന്ന നിറക്കൂട്ടുകളില്ലാത്ത ആ കുപ്പായം ഒരു നൂറ്റാണ്ടായി യുവെന്റസ് കളിക്കാർ അണിയുന്നുണ്ട്. എന്നാൽ അത് അവരുടെ സ്വന്തമായിരുന്നില്ല എന്നതാണ് ചരിത്രം. 1897ൽ രൂപീകരിച്ചതു മുതൽ ആദ്യത്തെ ആറു വർഷം പിങ്കും കറുപ്പും കലർന്ന ജഴ്സിയായിരുന്നു യുവെന്റസിന്റേത്.

എന്നാൽ അലക്കുമ്പോൾ പിങ്ക് നിറം പെട്ടെന്ന് ഇളകിപ്പോകുന്നത് ടീം അധികൃതർക്കു വലിയ തലവേദനയായി. കൂട്ടത്തിലൊരാൾ, ടൂറിനിൽ താമസിച്ചിരുന്ന ജോൺ സാവേജ് എന്ന ബ്രിട്ടീഷുകാരൻ നാട്ടിലുള്ള തന്റെ കൂട്ടുകാർക്കൊരു കത്തയച്ചു: അലക്കുന്ന നിറം ഇളകിമാറാത്ത രൂപത്തിലുള്ള കുറച്ചു ജഴ്സികൾ വേണം. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പ്രൊഫഷനൽ ഫുട്ബോൾ ക്ലബായ നോട്ട്സ് കൗണ്ടിയുടെ ജഴ്സി അടങ്ങിയ ഒരു പാർസലാണ് കൂട്ടുകാർ അയച്ചു കൊടുത്തത്. 1903ൽ യുവെന്റസ് അതു സ്വീകരിച്ചു.

നോട്ട്സ് കൗണ്ടിയും ഇന്നും അതേ ജഴ്സിയിൽ തന്നെയാണ് കളിക്കുന്നതെങ്കിലും ‘വെളുപ്പും കറുപ്പും ’ ഫുട്ബോൾ ലോകത്ത് ഇന്ന് യുവെന്റസിന്റെ നിറമാണ്. അതേ അർഥത്തിലുള്ള ‘ബിയാൻകൊനേരി’ എന്ന വിശേഷണവും യുവെന്റസിനുണ്ട്. നോട്ട്സ് കൗണ്ടിയോട് യുവെന്റസ് പ്രത്യുപകാരം ചെയ്തത് നൂറു വർഷങ്ങൾക്കു ശേഷമാണ്. 2011ൽ യുവെയുടെ പുതിയ സ്റ്റേഡിയം ടൂറിനിൽ തുറന്നപ്പോൾ അവരുമായിട്ടായിട്ടായിരുന്നു സൗഹൃദ മൽസരം. 

ഫിയറ്റിന്റെ ക്ലബ്

ലാറ്റിനിൽ ‘യുവത്വം’ എന്ന് അർഥമുള്ള വാക്കാണ് യുവെന്റസ്. എന്നാൽ ഇറ്റലിയിൽ യുവെന്റസ് അറിയപ്പെടുന്നത് നേരെ തിരിച്ചാണ്– ‘ദ് ഓൾഡ് ലേഡി’. 1897ൽ ടൂറിനിലെ കുറച്ചു സ്കൂൾ വിദ്യാർഥികളാണ് യുവെന്റസ് സ്ഥാപിച്ചത്. പുതിയ നൂറ്റാണ്ടിന്റെ ആദ്യ വർഷത്തിൽ തന്നെ യുവെ ഇറ്റാലിയൻ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ചേർന്നു. അഞ്ചു വർഷത്തിനുള്ളിൽ ആദ്യ കിരീടവും നേടി. അടുത്ത വർഷം ക്ലബ് പിളർന്നു. ക്ലബിന്റെ ആസ്ഥാനം മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പ്രസിഡന്റ് ആൽഫ്രഡ് ഡിക്ക് അടക്കമുള്ളവർ ക്ലബ് വിട്ടു, ടൂറിൻ തന്നെ ആസ്ഥാനമായി ടോറിനോ എഫ്സി രൂപീകരിച്ചു. യുവെന്റ്സ് പക്ഷേ ടൂറിനിൽ നിന്നു തുടർന്നു. അതോടെ ഡാർബി ഡെല്ല മോളെ എന്ന ടൂറിൻ ഡാർബിയും ഉടലെടുത്തു.

1923ൽ ഫിയറ്റ് കാർ കമ്പനിയുടെ ഉടമയായ എ‍ഡ്വേർഡോ ആഗ്‌നെല്ലി ഏറ്റെടുത്തതോടെ യുവെന്റസ് സാമ്പത്തികമായി ശക്തരായി. എഎസ് റോമയുടെ മുൻഗാമികളായ ആൽബ റോമയെ ഇരുപാദങ്ങളിലുമായി 12–1ന് തോൽപിച്ചാണ് യുവെന്റസ് രണ്ടാം ലീഗ് കിരീടം ചൂടിയത്. ആദ്യ രണ്ടു കിരീടങ്ങൾക്കിടയിൽ ഇരുപതു വർഷം അകലമുണ്ടായെങ്കിലും മുപ്പതുകളിൽ തുടരെ അഞ്ചു കിരീടങ്ങളാണ് യുവെന്റസ് നേടിയത്. 1934ൽ ലോകകപ്പ് നേടിയ ഇറ്റലി ദേശീയ ടീമിന്റെ കരുത്തും യുവെന്റസ് താരങ്ങളായിരുന്നു. 

യുവെന്റസ് ‘ട്രാപ്പിൽ’

1976ൽ ജിയോവാനി ട്രാപ്പട്ടോണി പരിശീലകനായെത്തിയതോടെ യുവെന്റസ് ഇറ്റലി കടന്ന് യൂറോപ്പിലേക്കും വളർന്നു. അടുത്ത വർഷം ക്ലബിനെ യുവേഫ കപ്പിലേക്കു നയിച്ചാണ് ‘ട്രാപ്പ്’ എന്നു വിളിക്കപ്പെട്ട ട്രാപ്പട്ടോണി തുടങ്ങിയത്. മിഷേൽ പ്ലാറ്റിനി, പൗളോ റോസി എന്നിവരുൾപ്പെടുന്ന യുവെന്റസ് നിര അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ് ടീമായിരുന്നു. ‘‘ഞാൻ നാൻസിക്കു വേണ്ടി കളിച്ചു. കാരണം അത് എന്റെ പ്രാദേശിക ക്ലബായിരുന്നു. പിന്നീട് സെന്റ് എറ്റിയെനു വേണ്ടി കളിച്ചു. അത് ഫ്രാൻസിലെ ഏറ്റവും മികച്ച ക്ലബായിരുന്നു. പിന്നെ യുവെന്റസിനു വേണ്ടി കളിച്ചു. കാരണം അത് ലോകത്തിലെ ഏറ്റവും മികച്ച ക്ലബായിരുന്നു..’’– പ്ലാറ്റിനി അഭിമാനപൂർവം പറഞ്ഞു. പ്ലാറ്റിനിയുടെ ഗോളിൽ ലിവർപൂളിനെ തോൽപിച്ച് യുവെന്റസ് 1985ൽ ആദ്യ യൂറോപ്യൻ കപ്പും നേടി.

എന്നാൽ ആ നേട്ടത്തെ യുവെന്റസ് ആരാധകർ ഇന്നും ഓർക്കുന്നത് കണ്ണീരോടെയാണ്. ഫൈനൽ കാണാൻ ബ്രസൽസിലെ ഹെയ്സൽ സ്റ്റേഡിയത്തിൽ തങ്ങൾക്കു നിശ്ചയിക്കപ്പെട്ട സ്ഥലത്തിരുന്ന യുവെന്റസ് ആരാധകർക്കു നേരെ വേലിക്കെട്ട് തകർത്ത് ലിവർപൂൾ ആരാധകർ ഇരച്ചു കയറി. പിന്നിലുണ്ടായിരുന്നു കോൺക്രീറ്റ് ഭിത്തിയിൽ ഞെരിഞ്ഞമർന്ന് 39 യുവെന്റസ് ആരാധകരാണ് കൊല്ലപ്പെട്ടത്. 

കണ്ണീരിന്റെ കിരീടം

ദുരന്തം നടന്നയുടൻ ടീമുകളുടെ ഡ്രസ്സിങ് റൂമുകൾ പരുക്കേറ്റവരെ ചികിൽസിക്കാനുള്ള ‘അത്യാഹിത മുറി’കളായി രൂപം മാറി. ഗാലറിയിൽ വലിയൊരു ദുരന്തം നടന്നു എന്നത് കളിക്കാർക്കും അറിയാമായിരുന്നു. എന്നാൽ അതിനിടയിലും ‘‘ഞങ്ങൾക്കു കാത്തിരിക്കാൻ വയ്യ, കളി തുടങ്ങൂ’’ എന്ന് ലിവർപൂൾ ക്യാപ്റ്റൻ ഫിൽ നീൽ പറഞ്ഞത് വലിയ വിവാദമായി. നീലിന്റെ ‘ആഗ്രഹം’ പോലെ കളി മാറ്റിവച്ചില്ല. ഒരു മണിക്കൂർ വൈകിത്തുടങ്ങിയ മൽസരത്തിൽ പ്ലാറ്റിനിയുടെ പെനൽറ്റിയിൽ യുവെന്റ്സ് ജയിച്ചു കയറി. ശരിക്കും അതൊരു പെനൽറ്റി ആയിരുന്നില്ല എന്നതു വാസ്തവം. ബോക്സിനു പത്തു വാരയെങ്കിലും അകലെയാണ് യുവെ താരമായ ബോനിക് ഫൗൾ ചെയ്യപ്പെട്ടത്.

പക്ഷേ, ഒഫീഷ്യലുകൾ പോലും ലിവർപൂളിന്റെ വിജയം ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ വിജയഗോൾ നേടിയ ശേഷം പ്ലാറ്റിനിയുടെ അമിതാഹ്ലാദവും അന്നു രാത്രി ടൂറിനിൽ നടന്ന വിജയാഘോഷവും ദുരന്തത്തിൽ മരിച്ച ആരാധകരോടുള്ള നന്ദികേടായിട്ടാണ് വിലയിരുത്തപ്പെട്ടത്. സംഭവത്തെത്തുടർന്ന് ഇംഗ്ലിഷ് ക്ലബുകളെ അഞ്ചു വർഷത്തേക്കും ലിവർപൂളിനെ ആറു വർഷത്തേക്കും യൂറോപ്യൻ മൽസരങ്ങളിൽ നിന്നു വിലക്കി. 58 വയസ്സുള്ള ബാർബറ ലൂസി എന്ന ആരാധിക മുതൽ 11 വയസ്സുള്ള ആൻഡ്രിയ കാസുള ഉൾപ്പെടെയുള്ളവരാണ് ‘ഹെയ്സൽ ദുരന്ത’ത്തിൽ കൊല്ലപ്പെട്ടത്. യുവെയുടെ ആദ്യ യൂറോപ്യൻ കിരീടം അങ്ങനെ ദുരന്തപൂർണമായി മാറി.

ശകുനപ്പിഴയുള്ള ഒരു തുടക്കമായിരുന്നു അതെന്ന് പിന്നീടുള്ള വർഷങ്ങളിൽ യുവെന്റസ് തിരിച്ചറിഞ്ഞു. അതിനു ശേഷം ഏഴ് ചാംപ്യൻസ് ലീഗ് ഫൈനലുകൾ കളിച്ചെങ്കിലും 1996ൽ അയാക്സിനെതിരെ  മാത്രമാണ് യുവെ ജയിച്ചത്. ഏറ്റവും ഒടുവിൽ ഈ വർഷം റയൽ മഡ്രിഡിനെതിരെ വരെ ഫൈനൽ ശാപം അവരെ പിന്തുടർന്നു. 

ഒത്തുകളി, തരംതാഴ്ത്തൽ

2006ൽ ഇറ്റാലിയൻ ഫുട്ബോളിനെ പിടിച്ചു കുലുക്കിയ ഒത്തുകളി വിവാദത്തിൽ പെട്ട് യുവെന്റസ് രണ്ടാം ഡിവിഷനിലേക്കു തരംതാഴ്ത്തപ്പെട്ടു. അതിനു തൊട്ടു മുൻപ് ഫാബിയോ കാപ്പല്ലോയുടെ പരിശീലനത്തിൽ നേടിയ രണ്ടു സെരി എ കിരീടങ്ങൾ തിരിച്ചെടുക്കുകയും ചെയ്തു. പല കളിക്കാരും ക്ലബ് വിട്ടു. അയാക്സ് ആംസ്റ്റർഡാമിനെപ്പോലുള്ള പ്രതാപശാലികളായ ക്ലബുകൾ അസ്തമിച്ച പോലെ യുവെയുടെ കാലവും തീർന്നു എന്നു പലരും പറഞ്ഞു.

എന്നാൽ യുവെയ്ക്കു കരുത്തായി മറ്റൊന്നുണ്ടായിരുന്നു– ആലസാന്ദ്രോ ഡെൽപിയറോയെയും ജിയാൻല്യൂജി ബുഫണിനെയും പോലെ ക്ലബിനോടു കൂറുണ്ടായിരുന്ന കളിക്കാർ. ഡെൽപിയറോയുടെ മികവിൽ സെരി ബി ജയിച്ചാണ് പിറ്റേവർഷം തന്നെ യുവെന്റസ് ഒന്നാം ഡിവിഷനിലേക്കു തിരിച്ചെത്തിയത്. നാലു സീസണുകൾക്കു ശേഷം വീണ്ടുമൊരു സ്കുഡറ്റോ (ലീഗ് കിരീടം) നേടി ഇറ്റാലിയൻ ഫുട്ബോളിന്റെ മുൻനിരയിലേക്കു തന്നെ തിരിച്ചെത്തി. കടുംകറുപ്പ് പശ്ചാത്തലത്തിൽ വെളുത്ത അക്ഷരം മാത്രമുള്ള പുതിയ ലോഗോയുമായിട്ടാകും അടുത്ത സീസൺ മുതൽ യുവെന്റസിനെ കളിക്കളങ്ങളിൽ കാണാനാവുക.