Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ ഒന്നാം നിര ബോളറാകാൻ ഹാർദിക് പാണ്ഡ്യ? ‘യെസ്, വർക്ക് ഇൻ പ്രോഗ്രസ്’!

hardik pandya

മുംബൈ ∙ ഇന്ത്യയ്ക്കായി ജവഗൽ ശ്രീനാഥും സഹീർ ഖാനുമൊക്കെ കളിച്ചു തെളിയിച്ച ഇടത്തിലേക്ക് ഹാർദിക് പാണ്ഡ്യയും! ഇന്ത്യയുടെ ബോളിങ് പരിശീലകൻ ഭരത് അരുണിന്റെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ, ഇന്ത്യൻ ബോളിങ് ആക്രമണത്തിന്റെ കുന്തമുനയായി ബെൻ സ്റ്റോക്സിന്റെ ഈ ‘ഇന്ത്യൻ പതിപ്പ്’ മാറുന്ന കാലം വിദൂരമല്ല! ഒറ്റനോട്ടത്തിൽ ബാറ്റ്സ്മാൻമാരുടെ തല്ലുവാങ്ങിക്കൂട്ടുന്ന താരമെന്ന് തോന്നുമെങ്കിലും, ഹാർദിക് അങ്ങനെയല്ലെന്നാണ് ഭരതിന്റെ പക്ഷം.

‘‘ഹാർദിക്കിനെ ശ്രദ്ധിച്ചാലറിയാം, സ്ഥിരമായി 135 കിലോമീറ്റർ വേഗത്തിനു മുകളിൽ എറിയാൻ കഴിയുന്ന താരമാണ് അയാൾ’’ – ഭരത് അരുൺ പറയുന്നു.

2019 ലോകകപ്പ് ലക്ഷ്യമിട്ട് ടീം ഇന്ത്യ നടത്തുന്ന പരീക്ഷണങ്ങളുടെ കുന്തമുനയായ യുവതാരമാണ് പാണ്ഡ്യയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

CRICKET-AUSTRALIA/

‘‘ലോകകപ്പ് എത്തുമ്പോഴേക്കും പരമാവധി മികച്ച ടീമിനെ ഒരുക്കാനാണ് ശ്രമം. അതിനായി നമുക്ക് ലഭ്യമായ സാധ്യതകളെല്ലാം പരീക്ഷിക്കേണ്ടതുണ്ട്. വിവിധ ബോളർമാരെ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റി മാറ്റി ഉപയോഗിക്കുന്നതും അതുകൊണ്ടുതന്നെ’’ – ഭരത് പറയുന്നു.

10 ഓവർ തികച്ചത് മൂന്നു മൽസരങ്ങളിൽ

ബോളറെന്ന നിലയിൽ ഹാർദിക് പാണ്ഡ്യ 10 ഓവർ തികച്ച മൽസരങ്ങൾ തീരെ കുറവാണെന്നതാണ് സത്യം. ഇതുവരെ മൂന്നു മൽസരങ്ങളിലാണ് ഹാർദിക് 10 ഓവർ ക്വോട്ട പൂർത്തിയാക്കിയിട്ടുള്ളത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനം വരെ 18 രാജ്യാന്തര ഏകദിനങ്ങളിലാണ് ഈ ഇരുപത്തിമൂന്നുകാരൻ ഇന്ത്യൻ ജഴ്സി അണിഞ്ഞത്.

Hardik-Pandya

18 മൽസരങ്ങളിലായി ആകെ ബോൾ ചെയ്തത് 127 ഓവറുകൾ. അതായത് ഒരു മൽസരത്തിൽ ശരാശരി ഏഴ് ഓവറിനു മുകളിൽ. എറിഞ്ഞ ബോളുകളുടെ എണ്ണം കണക്കാക്കിയാൽ, ഇതുവരെ എറിഞ്ഞത് 762 ബോളുകൾ. വിട്ടുകൊടുത്തത് 695 റൺസ്. ഇക്കോണമി റേറ്റ് 5.47. നേടിയ വിക്കറ്റുകളുടെ എണ്ണമാകട്ടെ, 19. 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബോളിങ് പ്രകടനം.

മതിപ്പു പ്രകടിപ്പിച്ച് ഭരത് അരുൺ

എന്നാൽ, ഈ കണക്കുകൾകൊണ്ട് അളക്കപ്പെടേണ്ട താരമല്ല ഹാർദിക് പാണ്ഡ്യയെന്നാണ് ഭരത് അരുണിന്റെ പക്ഷം. ഈ യുവതാരത്തിന്റെ കഴിവുകൾ തേച്ചുമിനുക്കിയെടുത്താൽ, ഏകദിന ഫോർമാറ്റിൽ സ്ഥിരമായി 10 ഓവർ ബോള്‍ ചെയ്യാൻ കഴിയുന്ന മികച്ചൊരു ബോളറായി പാണ്ഡ്യയെ മാറ്റാമത്ര.

ഏകദിന ക്രിക്കറ്റിൽ സ്ഥിരമായി 10 ഓവർ ബോൾ ചെയ്യുന്ന തലത്തിലേക്ക് വളരാൻ എന്നേക്കാൾ ആഗ്രഹം ഹാർദിക്കിനാണ്. അതിനായി കൂടുതൽ കഠിനാദ്ധ്വാനം ചെയ്യണമെന്നും അയാൾക്കു ബോധ്യമുണ്ട്. ആഗ്രഹിക്കുന്നു എന്നതിനപ്പുറം അതിനായി അയാൾ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിക്കാൻ മടിയില്ല എന്നതാണ് പാണ്ഡ്യയുടെ ഒരു പ്രധാന ഗുണം. സ്വയം മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഹാർദിക്കിനേപ്പോലുള്ള താരങ്ങളോടൊത്ത് ജോലി ചെയ്യുമ്പോൻ നമുക്കും കാര്യങ്ങൾ എളുപ്പമാകും – ഭരത് അരുൺ പറയുന്നു.

sp-pandya-4col

പാണ്ഡ്യയ്ക്ക് കഴിവു തെളിയിക്കാൻ കൃത്യമായൊരു സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഭരതിന്റെ മറുപടി ഇങ്ങനെ: ഒരു താരത്തിൽനിന്ന് ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ അതേറ്റവും വേഗത്തിൽ ചെയ്തുകിട്ടണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ, തേച്ചുമിനുക്കിയെടുത്ത കഴിവുകൾ ഒരു മൽസരത്തിൽ പ്രാവർത്തികമാക്കാൻ അൽപം സമയമെടുക്കും എന്നതാണ് വാസ്തവം. പരിശീലന സെഷനുകളിൽ അതിനായി മണിക്കൂറുകൾ മാറ്റിവയ്ക്കേണ്ടിവരും. അതുകൊണ്ടു തന്നെ ആവശ്യമായ നിർദേശങ്ങൾ നൽകി അവർക്കൊപ്പം നിൽക്കുക എന്നതാണ് നമുക്കു ചെയ്യാനുള്ളത്.

അരങ്ങേറ്റ മൽസരത്തിൽ ‘മാൻ ഓഫ് ദി മാച്ച്’

പകരക്കാരനായി ടീമിലെത്തി പകരം വയ്ക്കാനില്ലാത്ത പ്രകടനം നടത്തിയാണ് രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റ മല്‍സരത്തിൽ ഹാർദിക് ഹൃദയം കവർന്നത്. പരുക്കേറ്റ സുരേഷ് റെയ്നക്ക് പകരക്കാരനായാണ് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ പാണ്ഡ്യ ടീമിൽ ഇടം നേടിയത്. തകര്‍പ്പന്‍ പ്രകടനവുമായിട്ടായിരുന്നു ഈ മൽസരത്തിൽ ഹാർദിക് പാണ്ഡ്യയുടെ അരങ്ങേറ്റം.

malik-pandya

ബോൾ ചെയ്ത ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടി പാണ്ഡ്യ ചരിത്രമെഴുതി. രണ്ടാം ഓവറില്‍ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചായിരുന്നു കന്നി വിക്കറ്റ് നേട്ടം. മൽസരം അനായാസം ജയിച്ചു കയറാൻ ഇന്ത്യയെ സഹായിച്ചതും കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ഹാർദിക്കിന്റെ പ്രകടനം തന്നെ. ഏഴ് ഓവറിൽ 31 റൺസ് മാത്രം വഴങ്ങിയ പാണ്ഡ്യ ഗപ്റ്റിൽ, കോറി ആൻഡേഴ്സൺ, ലൂക്ക് റോഞ്ചി എന്നിവരെ പുറത്താക്കി. 

പാണ്ഡ്യ ‘ഇന്ത്യയുടെ ബെൻ സ്റ്റോക്സ്’ എന്ന് കോഹ്‌ലി

ഇന്ത്യയുടെ ബെൻ സ്റ്റോക്സ് ആയി മാറാൻ മികവുള്ള താരമാണ് ഹാർദിക് പാണ്ഡ്യയെന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ വാക്കുകളും ശ്രദ്ധേയമാണ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിനുശേഷമാണ് ഹാർദിക്കിനെ ‘ഇന്ത്യയുടെ ബെൻ സ്റ്റോക്സ്’ എന്നു കോഹ്‍ലി വിശേഷിപ്പിച്ചത്. ‘‘ വിദേശ മണ്ണിൽ കളിക്കുമ്പോൾ ഓൾ റൗണ്ടറുടെ സാന്നിധ്യം ടീമിന് ഏറെ സന്തുലിതാവസ്ഥ നൽകും’’ – ആദ്യ ടെസ്റ്റിൽ 23 വയസുകാരന്റെ ഉജ്വല പ്രകടനത്തെക്കുറിച്ചു ഏറെ മതിപ്പു പ്രകടിപ്പിച്ച കോഹ്‍ലിയുടെ വാക്കുകൾ. 

pandya-kohli

ഹാർദിക്കിന് ആ റോളിൽ തിളങ്ങാൻ കഴിയുമെന്നാണു വിശ്വാസം. കൂടുതൽ ആത്മവിശ്വാസം ഹാർദിക് കൈവരിക്കുന്നതോടെ ഇംഗ്ലണ്ടിനു വേണ്ടി ബെൻസ്റ്റോക്സ് കാഴ്ചവയ്ക്കുന്ന കളി പുറത്തെടുക്കാൻ ഹാർദിക് പാണ്ഡ്യയ്ക്കും കഴിയും. ’’– കോഹ്‌ലി പറഞ്ഞു.

related stories