Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻഡി ഏകദിനം ഉറക്കെ പറയുന്നു, ''ക്രിക്കറ്റ് ഈസ് എ ഗ്രേറ്റ് ലെവലർ....''

Rohit-Sharma-and-MS-Dhon ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം കാണികൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന് മൈതാനത്തിരിക്കുന്ന ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും മഹേന്ദ്രസിങ് ധോണിയും.

കാന്‍ഡി ഏകദിനത്തില്‍ ആറു വിക്കറ്റ് ജയവുമായി കോഹ്‍ലിയും സംഘവും പരമ്പര തൂത്തുവാരുമ്പോള്‍, ലങ്കൻ ടീമിന്റെ ദയനീയ പ്രകടനത്തിൽ രോഷാകുലരായി മൽസരം തടസ്സപ്പെടുത്തിയ ശ്രീലങ്കയിലെ കാണികളുടെ പ്രതിഷേധവും വാർത്തകളിലുണ്ട്. 124 റണ്‍സെടുത്ത രോഹിത് ശര്‍മയും 67 റണ്‍സെടുത്ത എം.എസ്. ധോണിയും ചേർന്ന് ടീം ഇന്ത്യയെ വിജയതീരമണയ്ക്കുന്നതിനിടെയാണ് കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞത് മല്‍സരം തടസപ്പെടുത്തിയത്.

61ന് നാലിലേക്ക് ഇടറിവീണ ഇന്ത്യയെ രോഹിത് ശര്‍മയും ധോണിയും ചേര്‍ന്നാണ് കരകയറ്റിയത്. തുടർച്ചയായ രണ്ടാം മൽസരത്തിലാണ് ലങ്കയ്ക്കു പ്രതീക്ഷ നൽകിയശേഷം ഇന്ത്യ തിരിച്ചടിച്ച് മൽസരം സ്വന്തമാക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ തോൽവിയിൽ ഹൃദയം തകർന്നിരുന്ന ശ്രീലങ്കൻ ആരാധകരുടെ പ്രതീക്ഷയത്രയും ഏകദിനത്തിലായിരുന്നു. ടെസ്റ്റിൽ സമ്പൂർണ തോൽവി വഴങ്ങിയ ടീം ഏകദിനത്തിൽ തിരിച്ചടിക്കുമെന്ന് അവർ സ്വപ്നം കണ്ടു.

എന്നാൽ സംഭവിച്ചതോ? ആദ്യ ഏകദിനത്തിൽ ഇന്ത്യൻ യുവ കരുത്തിനു മുന്നിൽ ലങ്കൻ ടീം തീർത്തും നിഷ്പ്രഭരായി. വളരെ ബുദ്ധിമുട്ടി ഇന്ത്യയ്ക്കു മുന്നിൽ അവർ ഉയർത്തിയ വിജയലക്ഷ്യം, ശിഖർ ധവാന്റെ ‘ശിക്കാർ പ്രകടന’ത്തിനു മുന്നിൽ ഐസായിപ്പോയി. 20 ഓവറിലധികം ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ കലിപൂണ്ട ലങ്കൻ ആരാധകർ മൽസരശേഷം ടീം അംഗങ്ങൾ സഞ്ചരിച്ച ബസ് തടഞ്ഞാണ് പ്രതിഷേധിച്ചത്. ടെസ്റ്റ് പരമ്പരയിലെ തോൽവിയിൽ സർക്കാർ വിശദീകരണം തേടിയതിനു പിന്നാലെ ആദ്യ ഏകദിനത്തിലെ തോൽവി ആരാധകരുടെ പ്രതിഷേധത്തിനും ഇടയാക്കിയതോടെ കടുത്ത സമ്മർദ്ദത്തിലായിരുന്നു ശ്രീലങ്ക. ടീമിന് പിന്തുണയുമായി മുൻ താരങ്ങൾ രംഗത്തെത്തിയെങ്കിലും കാര്യമുണ്ടായില്ല.

രണ്ടാം ഏകദിനത്തിലും ബാറ്റിങ് മറന്ന ലങ്കൻ നിര ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത് താരതമ്യേന ചെറിയ വിജയലക്ഷ്യം. വിജയമുറപ്പിച്ച് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസം മുന്നേറുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായെത്തിയ ‘ധനഞ്ജയച്ചുഴലി’ കോഹ്‍ലിപ്പടയെ ചുഴറ്റിയെറിഞ്ഞത്. ഓപ്പണർമാർ തീർത്ത സെഞ്ചുറി കൂട്ടുകെട്ടിനു ശേഷം 22 റൺസിനിടെ ആറു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യ തോൽക്കുമെന്ന് കടുത്ത ഇന്ത്യൻ ആരാധകർ പോലും ഉറപ്പിച്ചു. അതിനിടെയാണ് ധോണിയും ധോണിയുടെ പിന്തണയോടെ ഭുവനേശ്വർ കുമാറും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനം ലങ്കയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. ആരാധകരെ സംബന്ധിച്ചിടത്തോളം മുറിവിൽ മുളകു പുരട്ടിയ അവസ്ഥയെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ?

മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ ശ്രീലങ്കയ്ക്കു മുന്നിൽ ഇന്ത്യയുടെ പരമ്പര വിജയം തടയുക എന്ന ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ ടോസ് ഭാഗ്യം അനുഗ്രഹിച്ച ലങ്ക ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ബാക്കിയെല്ലാം തഥൈവ! ജസ്പ്രീത് ബുംറയുടെ വേഗത ലങ്കന്‍ ബാറ്റിങ്നിരയെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തുന്നതിനിടെ പ്രതിരോധക്കോട്ട കെട്ടാന്‍ തുനിഞ്ഞത് 80 റണ്‍സെടുത്ത തിരിമാന്നെ മാത്രം. ബുംറയ്ക്ക് വിക്കറ്റ് നല്‍കി തിരിമന്നെയും മടങ്ങിയതോടെ ആതിഥേയരുടെ നിയന്ത്രണം തെറ്റി. ബുംറയാകട്ടെ സിരിവര്‍ധനയുടെ വിക്കറ്റിളക്കി കന്നി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി. ഒടുവിൽ ലങ്ക ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത് 218 റൺസിന്റെ വിജയലക്ഷ്യം.

തുടക്കത്തിലെ കാലിടറി 61ന് നാലിലേക്ക് ഇടറിവീണ ഇന്ത്യയെ രോഹിത് ശര്‍മയും ധോണിയും ചേര്‍ന്നു കരകയറ്റിയതോടെ ലങ്കൻ ആരാധകർക്ക് നിയന്ത്രണം നഷ്ടമായി. രോഹിത് ശർമ കരിയറിലെ പന്ത്രണ്ടാമത്തെ സെഞ്ചുറി കുറിച്ചതിനു പിന്നാലെ ധോണി അര്‍ധസെഞ്ചുറിയിലേക്കു നീങ്ങവെ ക്ഷമകെട്ട ലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. മല്‍സരം തടസപ്പെട്ടതോടെ കൈകൊടുത്ത് ഡ്രസിങ് റൂമിലേക്ക് പിരിഞ്ഞ ഇരുസംഘവും, അര മണിക്കൂറിനുശേഷം തിരിച്ചെത്തിയാണ് മല്‍സരം പൂര്‍ത്തിയാക്കിയത്.

അന്ന് ഇന്ത്യ, ഇന്നു ശ്രീലങ്ക

ശ്രീലങ്കൻ ആരാധകരുടെ രോഷപ്രകടനം കണ്ടപ്പോൾ ഇന്ത്യൻ ആരാധകരുടെ ക്രിക്കറ്റ് ഓർമകൾ 1996ലേക്ക് പോയിരിക്കണം. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഹൃദയഭേദകമായ പരാജയങ്ങളിലൊന്നായി കരുതപ്പെടുന്ന മൽസരം, ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനൽ. വേദി: കൊൽക്കത്ത ഈഡൻ ഗാർഡൻസ്.

ടോസ് നഷ്‌ടപ്പെട്ടിട്ടും ആദ്യം ബാറ്റു ചെയ്‌ത ശ്രീലങ്ക ഇന്ത്യക്കു നൽകിയ വിജയലക്ഷ്യം 252. സിംഹള വീര്യവുമായെത്തിയ ശ്രീലങ്കയുടെ 251 റൺസിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നിനു 98 എന്ന നിലയിൽനിന്ന് എട്ടിന് 120 എന്ന നിലയിലേക്കു കൂപ്പുകുത്തി. ഇതോടെ നിരാശരായ കൊൽക്കത്തയിലെ കാണികൾ കളിയിൽ ഇടപെടുകയായിരുന്നു. 

ലക്ഷക്കണക്കിന് വരുന്ന കാണികൾക്ക് ആത്മ നിയന്ത്രണം നഷ്‌ടമായി. വാട്ടർ ബോട്ടിലുകൾ ഉൾപ്പെടെ കയ്യിൽ കിട്ടിയതൊക്കെ അവർ മൈതാനത്തേക്ക് വലിച്ചെറിഞ്ഞു. അംപയർമാർ അതോടെ കളി നിർത്തിവയ്‌ക്കാൻ തീരുമാനിച്ചു. ഏറെ പ്രിയപ്പെട്ട ഈഡൻ ഗാർഡൻസിന്റെ ഗാലറിക്ക് കാണികൾ തീ കൊളുത്തുകയും ചെയ്തു. അക്രമാസക്‌തരായ ജനക്കൂട്ടത്തെ ശാന്തരാക്കാൻ കഴിയാതെ വന്നതോടെ, മാച്ച് റഫറി ക്ലൈവ് ലോയ്‌ഡ് ശ്രീലങ്ക വിജയിച്ചതായി പ്രഖ്യാപിച്ചു. ലോകകപ്പിന്റെ കറുത്ത അധ്യായങ്ങളിൽ ഒന്നായി മാറിയ ഈ മൽസരമാണ് ലോകകപ്പിലെ പൂർത്തിയാകാത്ത ഏക മൽസരവും.

മൽസരത്തിനു ശേഷം നിറകണ്ണുകളോടെ മൈതാനത്തിനു പുറത്തേക്കു നടക്കുന്ന വിനോദ് കാംബ്ലിയുടെ ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്‌തിരുന്നു. ‘ ആ സമയത്തു ഞാൻ മാത്രമല്ല, ടീമിലെ മിക്കവാറും അംഗങ്ങൾ കരയുകയായിരുന്നു. രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാതെ പോയതിന്റെ വിഷാദമായിരുന്നു ഞങ്ങളിൽ.’’ കാംബ്ലി പിന്നീട് പറഞ്ഞു. 

മൽസരശേഷം ഒരു ആരാധകൻ എഴുതിയതുപോലെ, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ വാചകം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് – ''ക്രിക്കറ്റ് ഈസ് എ ഗ്രേറ്റ് ലെവലർ....''

related stories