ആൻഡേഴ്സൻ ഇനി ഇംഗ്ലണ്ടിന്റെ ‘അഞ്ഞൂറാൻ’, ലോകത്തിന്റെ ‘ആറാം തമ്പുരാൻ’

ലണ്ടൻ∙ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒൻപതു വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്സിൽ 107 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: വെസ്റ്റ് ഇൻഡീസ്–123, 177. ഇംഗ്ലണ്ട്–194, ഒന്നിന് 107. ടെസ്റ്റ് കരിയറിൽ അഞ്ഞൂറു വിക്കറ്റ് കടന്നതിന്റെ ആവേശത്തിൽ പന്തെറിഞ്ഞ ജയിംസ് ആൻഡേഴ്സനാണ് രണ്ടാം ഇന്നിങ്സിൽ വിൻഡീസിനെ തകർത്തത്. 20.1 ഓവറിൽ 42 റൺസ് വഴങ്ങി ഏഴു വിക്കറ്റുകളാണ് ആൻഡേഴ്സൺ വീഴ്ത്തിയത്.

ആൻഡേഴ്സന്റെ കരിയറിലെ മികച്ച ഇന്നിങ്സ് പ്രകടനമാണിത്. ഒന്നാം ഇന്നിങ്സിൽ ആൻഡേഴ്സൺ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കീറൻ പവലും (45) ഷായ് ഹോപ്പും (62) മാത്രമാണ് ആൻഡേഴ്സന്റെ ഉജ്വല ബോളിങിനു മുന്നിൽ കുറച്ചെങ്കിലും ചെറുത്തു നിന്നത്. ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റു വീശിയ ഇംഗ്ലണ്ട് 28 ഓവറിൽ അനാ‌യാസം ലക്ഷ്യം കണ്ടു. 17 റൺസെടുത്ത അലസ്റ്റയർ കുക്ക് മാത്രമാണ് പുറത്തായത്.

ആൻഡേഴ്സൻ ആറാമൻ

ലണ്ടൻ∙ 500 ടെസ്റ്റ് വിക്കറ്റുകൾ എന്ന മാജിക് സംഖ്യയിലെത്തുന്ന ആദ്യ ഇംഗ്ലിഷ് ബോളർ എന്ന നേട്ടം ജയിംസ് ആൻഡേഴ്സന്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസമായിരുന്നു ആൻഡേഴ്സന്റെ നേട്ടം. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെ ഉജ്വലമായ ഒരു ഇൻസ്വിങ്ങറിൽ വീഴ്ത്തിയ ആൻഡേഴ്സൻ നേട്ടത്തിന്റെ ആഹ്ലാദവുമായി കൈകൾ വിരിച്ചുനിന്നു. 500 വിക്കറ്റ് നേട്ടത്തിലെത്തുന്ന ആറാം ബോളറായ ആൻഡേഴ്സനെ സഹതാരങ്ങൾ അഭിനന്ദനങ്ങൾ കൊണ്ടു പൊതിഞ്ഞു. ഗാലറികൾ നിറച്ചെത്തിയ കാണികൾ എല്ലാവരും എണീറ്റു നിന്ന് ആൻഡേഴ്സന് ആദരമർപ്പിച്ചു. 

ലോർഡ്സിൽ തന്നെയാണ് ആൻഡേഴ്സൻ 14 വർഷം മുൻപ് അരങ്ങേറ്റം കുറിച്ചതും. സിംബാബ്‌വെയ്ക്കെതിരെ അഞ്ചു വിക്കറ്റ് വേട്ടയോടെയായിരുന്നു തുടക്കം. 500 വിക്കറ്റ് ക്ലബ്ബിൽ എത്തിയവരിൽ ഇപ്പോഴും മൽസരക്രിക്കറ്റിലുള്ളത് ആൻഡേഴ്സൻ മാത്രം. മുത്തയ്യ മുരളീധരൻ (800 വിക്കറ്റ്), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619), ഗ്ലെൻ മഗ്രോ (563), കോർട്നി വാൽഷ് (519) എന്നിവർ വിരമിച്ചു.

ജയിംസ് ആൻഡേഴ്സൺ–500 

1–50 ടെസ്റ്റുകൾ: 181 വിക്കറ്റ് 

50–100 ടെസ്റ്റുകൾ: 203 വിക്കറ്റ് 

100–128 ടെസ്റ്റ്: 113 വിക്കറ്റ് 

ഹോം ടെസ്റ്റുകൾ–75, വിക്കറ്റ്–326

എവേ ടെസ്റ്റുകൾ–53, വിക്കറ്റ്–171 

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാർ 

(ബോളർ, കരിയർ വർഷം, ടെസ്റ്റ്, ഇന്നിങ്സ്, പന്തുകൾ, വഴങ്ങിയ റൺസ്, വിക്കറ്റുകൾ, ഇന്നിങ്സിലെ മികച്ച ബോളിങ്, മൽസരത്തിലെ മികച്ച ബോളിങ്, ബോളിങ് ശരാശരി, ഇക്കോണമി നിരക്ക്, വിക്കറ്റ് സ്ട്രൈക്ക് റേറ്റ്, അഞ്ചു വിക്കറ്റ് പ്രകടനം, പത്തു വിക്കറ്റ് പ്രകടനം) 

1) മുത്തയ്യ മുരളീധരൻ (ശ്രീലങ്ക) 1992–2010, 133, 230, 44039, 18180, 800, 9–51, 16–220, 22.72, 2.47, 55.0, 67, 22

2) ഷെയ്ൻ വോൺ (ഓസ്ട്രേലിയ) 1992–2007, 145, 273, 40705, 17995, 708, 8–71, 12–128, 25.41, 2.65, 57.4, 37, 10

3) അനിൽ കുംബ്ലെ (ഇന്ത്യ) 1990–2008, 132, 236, 40850, 18355, 619, 10–74, 14–149, 29.65, 2.69, 65.9, 35, 8

4) ഗ്ലെൻ മഗ്രോ (ഓസ്ട്രേലിയ) 1993–2007, 124, 243, 29248, 12186, 563, 8–24, 10–27, 21.64, 2.49, 51.9, 29, 3

5) കോട്നി വാൽഷ് (വെസ്റ്റ് ഇൻഡീസ്) 1984–2001, 132, 242, 30019, 12688, 519, 7–37, 13–55, 24.44, 2.53, 57.8, 22, 3

6) ജയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്) 2003----, 129, 242, 28258, 13860, 505, 7–43, 11–71, 27.44, 2.94, 55.9, 24, 3