ധോണി വിരമിക്കേണ്ട സമയമായോ? രാഹുൽ ദ്രാവിഡിനു പറയാനുള്ളത്

മുംബൈ ∙  മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കേണ്ട സമയമായോ? ആരാധകർക്ക് ഇതേക്കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ടാകാം. അടുത്ത ലോകകപ്പിൽ ധോണി കളിക്കണമെന്നും അതല്ല, ലോകകപ്പിൽ യുവടീമിനെ വളർത്തിയെടുക്കുന്നതിനായി മുപ്പത്തിയാറുകാരനായ ധോണി വഴിമാറണമെന്ന് പറയുന്നവരുമുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വൻമതിൽ രാഹുൽ ദ്രാവിഡും നേരിട്ടു ഇതേ ചോദ്യം. ബെംഗളൂരു സാഹിത്യോൽസവത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്. രാഹുൽ നൽകിയ ഉത്തരമിങ്ങനെ: 

ധോണി എപ്പോൾ വിരമിക്കണമെന്ന കാര്യത്തിൽ ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. എന്നാൽ, സെലക്ടർമാർ ടീമിലേക്കു തിരഞ്ഞെടുക്കുന്ന പക്ഷം അയാൾക്ക് ഇഷ്ടമുള്ള കാലം വരെ ടീമിൽ തുടരാം. ഇക്കാര്യത്തിൽ വെറുതെ വിമർശനങ്ങൾ നടത്തുന്നതുകൊണ്ടോ ആരെയെങ്കിലും പഴിക്കുന്നതിലോ കാര്യമില്ല.