Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊഹാലിയെ വിരുന്നൂട്ടി രോ‘ഹിറ്റ്’ ശർമ അഥവാ ഇരട്ടസെഞ്ചുറികളുടെ രാജകുമാരൻ

Rohit Sharma

മൊഹാലി ∙ 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി നേടുന്നതുവരെ, ഏകദിന ഇരട്ടസെഞ്ചുറിയെന്നത് ബാറ്റ്സ്മാൻമാരെ സംബന്ധിച്ചിടത്തോളം ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. സച്ചിന്റെ ആദ്യ ഇരട്ടസെഞ്ചുറിക്കു ശേഷവും അധികം ഇരട്ടസെഞ്ചുറികളൊന്നും ഏകദിനത്തിൽ പിറന്നിട്ടില്ല. സച്ചിന്റെതുള്‍പ്പെടെ ഇതുവരെ ഏകദിനത്തിൽ പിറന്ന ഇരട്ടസെഞ്ചുറി നേട്ടങ്ങൾ ഏഴു മാത്രം.

എന്നാൽ, ഈ ഏഴ് ഇരട്ടസെഞ്ചുറികളിൽ മൂന്നെണ്ണവും സ്വന്തം പേരിലെഴുതി ഇതിഹാസങ്ങൾക്കൊപ്പം കസേരയിട്ടിരിക്കുന്നൊരു താരമുണ്ട് ഇന്ത്യൻ ടീമിൽ. സാക്ഷാൽ രോഹിത് ശർമ. ഏകദിന ഇരട്ടസെഞ്ചുറിയെന്നത് പ്രാപ്യമായ സ്വപ്നമാണെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞ് ഏഴു വർഷം പിന്നിടുമ്പോൾ, രോഹിത് ഇതുവരെ സ്വന്തമാക്കിയത് മൂന്ന് ഏകദിന ഇര‍ട്ടസെഞ്ചുറികൾ. ക്രിക്കറ്റ് ചരിത്രത്തിലെ മറ്റ് താരങ്ങളെല്ലാം ചേർന്ന് ആകെ നേടിയതിനേക്കാൾ ഒന്നു മാത്രം കുറവ്!

മാത്രമല്ല, ഇപ്പോഴും ഏകദിനത്തിൽ 250 കടക്കാൻ ബുദ്ധിമുട്ടുന്ന ടീമുകൾ ക്രിക്കറ്റ് ലോകത്തുണ്ടെന്നിരിക്കെ ‘അതുക്കും മുകളിലുള്ള’ ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും രോഹിതിന്റെ പേരിലാണ്, 2014ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇതേ എതിരാളികൾക്കെതിരെ പുറത്താകാതെ നേടിയ 264 റൺസ്! അതിനും ഒരു വർഷം മുൻപ്, 2013ൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു രോഹിതിന്റെ ആദ്യ ഏകദിന ഇരട്ടസെഞ്ചുറി. സാക്ഷാൽ ഓസ്ട്രേലിയയ്ക്കെതിരെ 209 റൺസാണ് അന്ന് രോഹിത് സ്വന്തമാക്കിയത്.

മാർട്ടിൻ ഗപ്റ്റിൽ (പുറത്താകാതെ 237), വീരേന്ദർ സേവാഗ് (219), ക്രിസ് ഗെയ്‍ൽ (215), സച്ചിൻ തെൻഡുൽക്കർ (പുറത്താകാതെ 200) എന്നിവരാണ് രോഹിതിനു പുറമെ ഏകദിനത്തിൽ ഇരട്ടസെഞ്ചുറി നേടിയിട്ടുള്ളവർ.

സമ്മർദ്ദം ഊർജമാക്കി കുതിപ്പ്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് മൊഹാലിയിൽ എത്തുമ്പോൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു രോഹിത് ശർമ. വിരാട് കോഹ്‍ലിയെന്ന ഇതിഹാസതുല്യനായ ക്യാപ്റ്റനു കീഴിൽ വിജയങ്ങളിൽനിന്ന് വിജയങ്ങളിലേക്കു കുതിച്ചിരുന്ന ടീമിനെ, പകരക്കാരൻ ക്യാപ്റ്റനായെത്തി വൻ തോൽവിയിലേക്ക് നയിച്ച നായകനായിരുന്നു അപ്പോൾ രോഹിത്.

എന്നാൽ, മൽസരം തുടങ്ങിയതോടെ കളം മാറി. വലിയൊരു ഇന്നിങ്സ് കളിക്കാനുറച്ചാണ് രോഹിത് മൊഹാലിയിൽ ബാറ്റിങ്ങിന് ഇറങ്ങിയതെന്ന് ആദ്യം മുതലേ‍ വ്യക്തമായിരുന്നു. ശിഖർ ധവാൻ ഒരറ്റത്ത് അടിച്ചുതകർക്കുമ്പോഴും മറുവശത്ത് നിശബ്ദനായിരുന്നു രോഹിത്. ഇന്ത്യ ആദ്യ 10 ഓവറിൽ ഇന്ത്യ 33 റണ്‍സ് മാത്രം കുറിച്ചപ്പോൾ അതിൽ ഏറിയ പങ്ക് പന്തുകളും പാഴാക്കിയത് രോഹിതായിരുന്നു.

എന്നാൽ, നിലയുറപ്പിച്ചതോടെ രോഹിത് അപകടകാരിയായി. എങ്കിലും ആ പ്രകടനം ഒരു ഇരട്ടസെഞ്ചുറിയിലേക്കെത്തുമെന്ന് കടുത്ത രോഹിത് ആരാധകർ പോലും കരുതിയുമില്ല. 115–ാമത്തെ പന്തിലാണ് രോഹിത് സെഞ്ചുറിയിലേക്കെത്തിയത്. കരിയറിലെ 16–ാം ഏകദിന സെഞ്ചുറി കുറിക്കുമ്പോൾ രോഹിത് സ്വന്തമാക്കിയത് ഒൻപതു ബൗണ്ടറികളും ഒരു സിക്സും. തുടർന്നും മെല്ലെപ്പോക്ക് തുടർന്ന രോഹിത് 126 പന്തിൽനിന്നാണ് 116 റൺസെടുത്തത്.

എന്നാൽ, പിന്നീട് ഗിയർ മാറ്റിയ രോഹിത് ശ്രീലങ്കൻ ബോളർമാർക്ക് പിടിച്ചുകെട്ടാൻ സാധിക്കുന്നതിനുമപ്പുറത്തേക്കു വളർന്നു. തുടർന്ന് രോഹിത് നേരിട്ട 27 പന്തുകളിൽ പിറന്നത് ചരിത്രം. അവസാനത്തെ 27 പന്തുകളിൽനിന്ന് രോഹിത് അടിച്ചുകൂട്ടിയത് 92 റൺസാണ്. ഈ സമയത്ത് രോഹിതിന്റെ സ്ട്രൈക്ക് റേറ്റ് 341! ചരിത്രം കുറിച്ച ഈ ഇന്നിങ്സിലാകെ 153 പന്തുകൾ നേരിട്ട രോഹിത് 13 ബൗണ്ടറികളും 12 സിക്സുകളുമാണ് ഗാലറിയിലെത്തിച്ചത്.

രോഹിത് അവസാനം നേരിട്ട 27 പന്തുകളിലെ സ്കോർ ഇങ്ങനെ:

44–ാം ഓവർ – 6,6,6,6=24

45–ാം ഓവർ – 6,6,1=13

46–ാം ഓവർ – 6,1,1=8

47–ാം ഓവർ – 1,4,4,6,1=16

48–ാം ഓവർ – 1,4,1=6

49–ാം ഓവർ – 1,6,1=8

50–ാം ഓവർ – 6,2,2,6,1=17

related stories