Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെസ്റ്റ് വിജയത്തോടെ കോഹ്‌ലി ഗാംഗുലിക്കൊപ്പം; മുന്നിൽ ധോണി മാത്രം

Ganguly, Kohli

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയം നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പേരിൽ മറ്റൊരു നേട്ടംകൂടി.  ഇന്ത്യന്‍ നായക‌നെന്ന നിലയില്‍ 21–ാം ടെസ്റ്റ് വിജയമാണ് ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്‍ലി നേടിയത്. ഇതോടെ ടെസ്റ്റ് വിജയങ്ങളുടെ എണ്ണത്തിൽ സാക്ഷാൽ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പമെത്തി കോഹ്‍ലി. ഇനി ധോണി മാത്രമാണ് ഇക്കാര്യത്തിൽ കോഹ്‌ലിക്കു മുന്നിലുള്ളത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും പരാജയപ്പെട്ട ടീം ഇന്ത്യ 63 റണ്‍സിനാണ് അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആശ്വാസജയം നേടിയത്. 241 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് എറിഞ്ഞിട്ടാണ് കോഹ്‌ലിയും സംഘവും വിജയം പിടിച്ചെടുത്തത്. മുഹമ്മദ് ഷമിയും ഭുവനേശ്വറും ബുംമ്രയും ഇഷാന്തും ഉൾപ്പെട്ട പേസ് നിരയാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. 

കോഹ്‌ലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി 2014ലാണ് അരങ്ങേറ്റം കുറിച്ചത്. മൊത്തം 35 ടെസ്റ്റുകളില്‍ 13 ടെസ്റ്റുകള്‍ ഇന്ത്യയിലും എട്ട് ടെസ്റ്റുകള്‍ വിദേശത്തും കോഹ്‌ലിയുടെ നേതൃത്വത്തിൽ ജയിച്ചു. കോഹ്‌ലിയും ഗാംഗുലിയും മൊത്തം ടെസ്റ്റ് ജയങ്ങളില്‍ ഒപ്പമാണെങ്കിലും വിദേശ പിച്ചുകളില്‍ ഇന്ത്യ കൂടുതല്‍ ജയം നേടിയത് ഗാംഗുലിക്ക് കീഴിലാണ്. 2000 മുതല്‍ 2005 ടെസ്റ്റ് ടീമിനെ നയിച്ച സൗരവ് ഗാംഗുലിക്ക് കീഴില്‍ 49 ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 21 ജയമാണ് ടീം സ്വന്തമാക്കിയത്. 60 ടെസ്റ്റുകളില്‍ 27 ജയം സ്വന്തമാക്കിയ ധോണിയാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.

related stories