ഐപിഎൽ അത്ര ‘ശുദ്ധ’മല്ല; യുവതാരങ്ങളുടെ ശ്രദ്ധ പണത്തിൽ മാത്രം: ബോംബെ ഹൈക്കോടതി

മുംബൈ ∙ ഐപിഎൽ താരലേലവും അതിൽ ഒഴുകിയ കോടികളും ദേശീയ ശ്രദ്ധയിൽ തുടരുന്നതിനിടെ, ഐപിഎൽ അത്ര ‘ശുദ്ധ’മല്ല എന്ന വിമർശനവുമായി ബോംബെ ഹൈക്കോടതി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച് പണം വാരാൻ മാത്രമാണ് യുവതാരങ്ങൾക്ക് താൽപര്യമെന്നും ഹൈക്കോടതി വിമർശിച്ചു. ഐപിഎല്ലിൽ കളിച്ച് അഞ്ചും പത്തും കോടികൾ ഒറ്റയടിക്ക് സമ്പാദിക്കാനാണ് യുവതാരങ്ങൾക്ക് തിടുക്കം. രാജ്യത്തിനായി കളിക്കാൻ ഇതേ ആവേശവും ആഗ്രഹവുമില്ല – കോടതി ചൂണ്ടിക്കാട്ടി.

ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി സമർപ്പിച്ച ഒരു ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സി.എസ്. ധർമാധികാരി, ജസ്ര്രിസ് ഭാരതി ദാൻഗ്രെ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഐപിഎല്ലിനെതിരെ ആഞ്ഞടിച്ചത്.