ഞങ്ങൾ ഫൈനൽ കളിക്കുമ്പോൾ ധോണി ടിടിഇ; അന്ന് ധോണി ടീമിൽ ഉണ്ടായിരുന്നെങ്കിൽ...: ഗാംഗുലിക്കു മോഹം!

എം.എസ്. ധോണി, ഗാംഗുലി

ന്യൂഡൽഹി∙ 2003ൽ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു പരാജയമേറ്റു വാങ്ങേണ്ടിവന്ന ഇന്ത്യൻ ടീമിൽ മഹേന്ദ്രസിങ് ധോണി കൂടി ഉണ്ടായിരുന്നെങ്കിൽ... ഇത് മറ്റാരുടെയും ആഗ്രഹമല്ല. അന്ന് ടീമിനെ മുന്നിൽനിന്ന് നയിച്ച സാക്ഷാൽ സൗരവ് ഗാംഗുലിയുടെ മോഹമാണ്. ഗാംഗുലിയും ധോണിയുമായി അത്ര സ്വരചേർച്ചയിലല്ല എന്ന പൊതുധാരണ നിലനിൽക്കെയാണ്, 2003ലെ ലോകകപ്പ് ടീമിൽ ധോണി കൂടി വേണമായിരുന്നുവെന്ന വികാരം പങ്കുവച്ച് ഗാംഗുലി രംഗത്തെത്തിയത്.

തന്റെ ആത്മകഥയായ ‘എ സെഞ്ചുറി ഈസ് നോട്ട് ഇനഫി’ലാണ് ധോണിയോടുള്ള ഇഷ്ടം ഗാംഗുലി വെളിപ്പെടുത്തിയത്. 2004ലാണ് ധോണി ആദ്യമായി തന്റെ ശ്രദ്ധയിലേക്കു വന്നതെന്നും ഗാംഗുലി ആത്മകഥയിൽ എഴുതി. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഗാംഗുലി അകാലത്തിൽ വിരമിക്കേണ്ടി വന്നതിനു കാരണം ധോണിയാണെന്നു കരുതുന്ന കടുത്ത ‘ദാദാ ആരാധകർ’ ഇപ്പോഴുമുണ്ട്. അതിനിടെയാണ് ധോണിയോടുള്ള ഇഷ്ടം വെളിപ്പെടുത്തിയുള്ള ഗാംഗുലിയുടെ രംഗപ്രവേശം.

സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ കളി മാറ്റിമറിക്കാൻ കെല്‍പ്പുള്ള സ്ഥിരതയുള്ള കളിക്കാർക്കാരെ ഞാൻ എക്കാലവും തേടാറുണ്ട്. ഈ രീതിയിലുള്ള എന്റെ അന്വേഷണത്തിന് ലഭിച്ച ഉത്തരമായിരുന്നു മഹേന്ദ്രസിങ് ധോണി. 2004ലാണ് അദ്ദേഹം ആദ്യമായി എന്റെ ശ്രദ്ധയിലേക്കു വരുന്നത്. ശ്രദ്ധയിൽപ്പെട്ട അന്നുമുതൽ എന്ന ഏറ്റവും ആകർഷിച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായിരുന്നു ധോണി – ഗാംഗുലി എഴുതി.

2003ലെ ലോകകപ്പ് ടീമിൽ ധോണി കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. 2003ൽ ഞങ്ങൾ ലോകകപ്പ് കളിക്കുന്ന സമയത്ത് ധോണി ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. തീർത്തും അവിശ്വസനീയം! – ഗാംഗുലി കുറിച്ചു.

ധോണിയെക്കുറിച്ചുള്ള എന്റെ ചിന്താഗതികൾ ശരിയെന്ന് പിൽക്കാലത്തു തെളിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എല്ലാ വെല്ലുവിളികളും തടസ്സങ്ങളും നേരിട്ട് ഇപ്പോഴത്തെ നിലയിലേക്കുള്ള ധോണിയുടെ വളർച്ച എന്നെ സംബന്ധിച്ച് വളരെ ആശ്ചര്യജനകമായിരുന്നു – ഗാംഗുലി ആത്മകഥയിൽ വ്യക്തമാക്കി.

തന്റെ അവസാന ടെസ്റ്റ് മൽസരത്തിൽ ടീമിനെ നയിക്കാനുള്ള ധോണിയുടെ ‘ഓഫർ’ ആദ്യം നിരസിക്കുകയും പിന്നീടു സ്വീകരിക്കുകയും ചെയ്തതും ധോണി ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. നാഗ്പുരിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മൽസരത്തിലായിരുന്നു ഇത്.

മൽസരം അവസാനിക്കാറായപ്പോൾ ധോണി എന്റെ അടുത്തെത്തി ടീമിനെ നയിക്കാമോ എന്ന് ചോദിച്ചു. എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തിയ നീക്കമായിരുന്നു ഇത്. ഇതേ മൽസരത്തിൽ ടീമിനെ നയിക്കാൻ ധോണി മുൻപും ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ അത് തള്ളിയിരുന്നു. എന്നാൽ, രണ്ടാമതും സമാന ആവശ്യവുമായി ധോണി എത്തിയപ്പോൾ എനിക്കു നിരസിക്കാൻ തോന്നിയില്ല – ഗാംഗുലി കുറിച്ചു.

2008ലാണ് ഓസ്ട്രേലിയയ്ക്കെതിരെ നാഗ്പുരിൽ സൗരവ് ഗാംഗുലി തന്റെ അവസാന ടെസ്റ്റ് മൽസരം കളിച്ചത്. ഈ ടെസ്റ്റിൽ ഇന്ത്യ 172 റൺസിന്റെ കൂറ്റൻ ജയം നേടിയിരുന്നു. ടീമിനെ നയിക്കാനുള്ള ധോണിയുടെ ആവശ്യം അംഗീകരിച്ച ഗാംഗുലിയാണ് മൽസരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫീൽഡിങ് ക്രമീകരിച്ചതും ബോളിങ് മാറ്റങ്ങൾ തീരുമാനിച്ചതും.

ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ കരിയറിന് തുടക്കമായത് എട്ടു വർഷങ്ങൾക്കു മുൻപ് ഇതേ ദിനത്തിലായിരുന്നെന്നും ഗാംഗുലി ഓർമിച്ചു. ഓസ്ട്രേലിയയുടെ വാലറ്റക്കാർ ക്രീസിൽ നിൽക്കുമ്പോൾ ഞാനാണ് ഫീൽഡിങ് ക്രമീകരിച്ചതും ബോളിങ് മാറ്റങ്ങൾ തീരുമാനിച്ചതും. ഈ സമയത്ത് മൽസരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നെന്നും ഗാംഗുലി അനുസ്മരിച്ചു.

മൂന്ന് ഓവറോളം കാര്യങ്ങൾ നിയന്ത്രിച്ച ശേഷം ക്യാപ്റ്റൻ സ്ഥാനം ഞാൻ ധോണിക്കു തന്നെ മടക്കി നൽകി. എന്നിട്ടു പറഞ്ഞു, ഇതു നിങ്ങളുടെ ജോലിയാണ് എംഎസ്. ഞങ്ങൾ ഇരുവരും പുഞ്ചിരിച്ചു – ഗാംഗുലി കുറിച്ചു.