Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണാഫ്രിക്കയിൽ ബുംമ്ര എറിഞ്ഞത് 162.1 ഓവർ; ജോലിഭാരത്തിൽ സിലക്ടർമാർക്ക് ആശങ്ക?

Jasprit Bumrah

ന്യൂഡൽഹി∙ ടെസ്റ്റ് ക്രിക്കറ്റ് താരമെന്ന നിലയിലുള്ള ജസ്പ്രീത് ബുംമ്രയുടെ വളർച്ചയാണ് ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീം ഇന്ത്യയുടെ പ്രധാന നേട്ടങ്ങളിലൊന്ന് എന്ന് സിലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ബുംമ്രയുടെ പ്രകടനം സിലക്ഷൻ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ആവേശം പകരുന്ന കാഴ്ചയായിരുന്നെന്നും പ്രസാദ് വ്യക്തമാക്കി.

അതേസമയം, മൂന്നു ഫോർമാറ്റുകളിലുമായി തുടർച്ചയായി ബോൾ ചെയ്യേണ്ടി വരുന്ന ബുംമ്രയുടെ ജോലി ഭാരം ആശങ്കപ്പെടുത്തുന്നതാണെന്നും പ്രസാദ് ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്നു ഫോർമാറ്റിലുമായി 162.1 ഓവറുകളാണ് ബുംമ്ര ബോൾ ചെയ്തത്. ടെസ്റ്റ് പരമ്പരയിലെ 112.1 ഓവർ ഉൾപ്പെടെയാണിത്.

ബുംമ്രയുടെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനായി തകർപ്പൻ പ്രകടനം പുറത്തെടുത്തതു മുതൽ അദ്ദേഹത്തിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. ഒട്ടേറെ രാജ്യന്തര മൽസരങ്ങൾ മുന്നിലുള്ളതിനാൽ, ജോലിഭാരം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കാതെ നോക്കുന്നതിനാണ് ഇപ്പോൾ നമ്മൾ പ്രാമുഖ്യം നൽകുന്നത്. അദ്ദേഹത്തെ അമിതമായി ഉപയോഗിക്കുന്നില്ല‍ എന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു – പ്രസാദ് പറഞ്ഞു.

ബോളിങ് ആക്ഷനിലെ സവിശേഷത കണക്കിലെടുത്ത് സുപ്രധാനമായ ടെസ്റ്റ് പരമ്പരകളിൽ മാത്രമേ ബുംമ്രയെ കളിപ്പിക്കൂ എന്നും പ്രസാദ് വ്യക്തമാക്കി. ബുംമ്രയുടെ ബോളിങ് ആക്ഷൻ അധികം പേരിൽ കാണാനാകില്ല. പരുക്കു പറ്റാൻ സാധ്യതയേറെയുള്ള ആക്ഷനാണത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പ്രധാന പരമ്പരകളിൽ മാത്രമായി അദ്ദേഹത്തിന്റെ സേവനം പരിമിതപ്പെടുത്താനാണ് ശ്രമം. ഓരോ ഫാസ്റ്റ് ബോളറിനും ജോലി ഭാരം പ്രധാനപ്പെട്ടതാണ്. അതു നിയന്ത്രിച്ചേ പറ്റൂ – പ്രസാദ് ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവും പുറത്തെടുത്ത പ്രകടനവും ശ്രദ്ധേയമാണെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. ഏകദിന പരമ്പര 5–1 ന് സ്വന്തമാക്കാനായതിൽ ഇരുവരുടെയും പങ്ക് അവഗണിക്കാവുന്നതല്ലെന്നും പ്രസാദ് എടുത്തുപറഞ്ഞു.

വിക്കറ്റുകൾ വീഴ്ത്തുന്നതിന് മുൻഗണന നൽകുമ്പോഴെല്ലാം കൈക്കുഴ സ്പിന്നർമാരെ വളർത്തിയെടുക്കുന്നതിൽ ചെലുത്തേണ്ട ശ്രദ്ധയും പരിഗണനയ്ക്കു വന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ചാഹലും കുൽദീപും നമ്മുടെ പ്രതീക്ഷയ്ക്കൊത്തുയർന്നു. നിലവിൽ മൂന്നു ഫോർമാറ്റുകൾക്കുമായി നമുക്ക് അഞ്ച് ബോളർമാരുണ്ട്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, അസ്കർ പട്ടേൽ – പ്രസാദ് പറഞ്ഞു.

ഇപ്പോഴത്തെ ടീം സുശക്തമായതിനാൽ പകരക്കാരുടെ മികച്ച ഒരു നിരയെക്കൂടി കെട്ടിപ്പടുക്കാനാണ് സിലക്ഷൻ കമ്മിറ്റിയുടെ ശ്രമമെന്നും പ്രസാദ് വ്യക്തമാക്കി. നമ്മുടെ ഇപ്പോഴത്തെ വിജയങ്ങളിൽ പകരക്കാരായ താരങ്ങൾക്കും പങ്കുണ്ടെന്നും പ്രസാദ് പറഞ്ഞു. ആർക്കു വിശ്രമം നൽകിയാലും പകരം നിൽക്കാവുന്ന പ്രകടനം നടത്തുന്ന ഒരുപിടി താരങ്ങൾ നമുക്കുണ്ട് – പ്രസാദ് പറഞ്ഞു.

related stories