‘വേൾഡ് ക്ലാസൻ’ അഥവാ പാവങ്ങളുടെ എം.എസ്. ധോണി!

‘ഇവനെ നോക്കി വച്ചോ, ഇത് പാവങ്ങളുടെ എം.എസ് ധോണിയാണ്’– ദക്ഷിണാഫ്രിക്കയുടെ നാഷനൽ അക്കാദമി കോച്ച് ഷുക്രി കോൺറാഡ് രണ്ടു വർഷം മുൻപേ ഹെൻറിച്ച് ക്ലാസനെക്കുറിച്ച് പറഞ്ഞതാണ്. ക്ലാസനെ അറിയില്ലേ, ഇന്ത്യൻ ബോളർമാർക്കെതിരെ സിക്‌സറുകളും ഫോറുകളും പറപ്പിച്ച ദക്ഷിണാഫ്രിക്കയുടെ പുതിയ വിക്കറ്റ് കീപ്പർ.യുസ്‌വേന്ദ്ര ചാഹലിനു കൃത്യമായി അറിയുമായിരിക്കും.. 12 പന്തിൽ നിന്നു ക്ലാസൻ അടിച്ചു കൂട്ടിയത് 41 റൺസല്ലേ.. 

വെടിക്കെട്ടു വീരൻ ക്വിന്റൻ ഡികോക്കിനു പരുക്കു പറ്റിയപ്പോൾ പകരക്കാരനായെത്തിയതാണ് ക്ലാസൻ. കളി തുടങ്ങിയപ്പോഴല്ലേ മനസ്സിലായത്, പിടിച്ചതിലും വലുതാണ് മാളത്തിലിരുന്നതെന്ന്. ഡീ കോക്ക് വരും, തലങ്ങും വിലങ്ങും അടിക്കും, അധികം വൈകാതെ മടങ്ങിപ്പോയ്‌ക്കൊള്ളും. ഇവിടെയാണ് ക്ലാസന്റെ വ്യത്യാസം. നിന്ന നിൽപ്പിലങ്ങ് ചാർത്തുകയാണ്. ആ ബാറ്റ് വായുവിലൊന്നു കറങ്ങുമ്പോഴേ അറിയാം പന്തു കണ്ടം വഴി പറക്കുമെന്ന്.

ചൂടു പിടിച്ചു തുടങ്ങിയാൽ ഗ്രൗണ്ട് തികയാതെ വരും. സമ്മർദമേറും നിമിഷങ്ങളിലും കൂളാണ് ക്ലാസൻ. ഈ സവിശേഷത കാരണമാണ് കോച്ച് ധോണിയുമായി താരതമ്യപ്പെടുത്താൻ കാരണം. 2015 ൽ നടന്ന ആഫ്രിക്ക ടി 20 കപ്പിൽ നോർത്തേൺ ടീമിനായി നടത്തിയ പ്രകടനമാണ് കോച്ചിൽ ആത്മവിശ്വാസം ജനിപ്പിച്ചത്. ഡികോക്ക് മഹാമേരുവായി നിന്നതു കാരണം അവസരം ലഭിച്ചില്ലെന്നേയുള്ളൂ. 

അരങ്ങേറ്റ പരമ്പരയിലെ പ്രകടനം ക്ലാസന് ടെസ്റ്റ് ടീമിലേക്കും വഴി തുറന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മിക്കവാറും ക്ലാസൻ അരങ്ങേറ്റം കുറിക്കും. ലെഗ് സ്പിന്നർമാരെ നന്നായി കളിക്കുന്നതാണ് ചാഹലിനെതിരെ ഗുണമായത്. 

‘ഒന്നും ആലോചിച്ചുറപ്പിച്ചതായിരുന്നില്ല. ഇന്ത്യയുടെ പേസർമാർ നന്നായി എറിഞ്ഞു. അവരുടെ കട്ടറുകൾ ബുദ്ധിമുട്ടായിരുന്നു. അതാണ് ലെഗ് സ്പിന്നറെ ഉന്നം വയ്ക്കാൻ കാരണം’– ക്ലാസൻ തന്റെ ഗെയിംപ്ലാൻ വ്യക്തമാക്കുന്നു. കാത്തു കാത്തിരുന്ന സ്വപ്‌നം സഫലമായതിന്റെ നിർവൃതിയിലാണ് ഈ ഇരുപത്താറുകാരൻ. ഇനി അതൊന്ന് സ്ഥിരമായി കിട്ടാനുള്ള തത്രപ്പാടാകും. ഡികോക്ക് തിരികെ വന്നാൽ പുറത്തു പോകേണ്ടിവരും. 

ഡിവില്ലിയേഴ്‌സും ഡീ കോക്കും അടക്കം രണ്ടു വിക്കറ്റ് കീപ്പർമാർ ഇപ്പോൾതന്നെ ടീമിലുണ്ട്. ക്ലാസന്റെ ഭാഗ്യം അൽപം നേരത്തെ വന്നിരുന്നെങ്കിൽ ആ സിക്‌സറുകൾ ഐപിഎല്ലിൽ ആവർത്തിക്കുന്നതു കാണാനുള്ള ഭാഗ്യം ഇന്ത്യക്കാർക്കുണ്ടാകുമായിരുന്നു. ഇനിയാണ് ലേലമെങ്കിൽ രണ്ടു കോടിക്കെങ്കിലും കച്ചവടം ഉറപ്പിച്ചേനെ!